പ്രതിബദ്ധതയാണ് ഈ സബ് കലക്ടറുടെ പ്രത്യേകത
text_fieldsതലശ്ശേരി: സമൂഹത്തോടുള്ള പ്രതിബദ്ധതയും ജോലിയോടുള്ള ആത്മാർഥതയുമാണ് ഈ യുവ ഐ.എ.എസുകാരിയെ ശ്രദ്ധേയയാക്കുന്നത്.
സര്‍വിസില്‍ കയറിയിട്ട് ചുരുങ്ങിയ വര്‍ഷം മാത്രമാണ് ആയതെങ്കിലും തലശ്ശേരി സബ് കലക്ടര്‍ അനുകുമാരിക്ക് റവന്യൂ വകുപ്പിൽനിന്ന് ലഭിച്ച പുരസ്‌കാരം അര്‍ഹതപ്പെട്ടതാണ്. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയാണ്.
ചുരുങ്ങിയ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ സംസ്ഥാനത്തെ മികച്ച സബ് കലക്ടർ എന്ന ബഹുമതിക്ക് അവർ അർഹയായി. സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പെട്ടെന്ന് തീർപ്പുണ്ടാക്കുന്നതിൽ കണിശത പുലർത്തുന്നതാണ് ഇവരുടെ പ്രത്യേകത.
പരാതിയുമായി തന്നെ കാണാനെത്തുന്നവരെ എങ്ങനെ സഹായിക്കാന്‍ സാധിക്കുമോ അതെല്ലാം കൃത്യതയോടെ ചെയ്തുകൊടുക്കും. തനിക്ക് മുന്നിലെത്തുന്ന ഫയലുകളെല്ലാം എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും നൽകും. 2020 സെപ്റ്റംബറിലാണ് അനുകുമാരി തലശ്ശേരിയിൽ ചുമതലയേറ്റത്.
സിവില്‍ സര്‍വിസ് എന്ന നേട്ടത്തിനുപിന്നില്‍ വലിയൊരു കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്. സ്‌കൂള്‍ പഠനകാലം മുതല്‍ സിവില്‍ സര്‍വിസ് എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹി ഹിന്ദു കോളജില്‍ ബി.എസ് സി ഫിസിക്സും നാഗ്പുരില്‍ എം.ബി.എയും പൂര്‍ത്തിയാക്കി. പിന്നീട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കയറിയശേഷം വിവാഹ ജീവിതത്തിലേക്ക്. പിന്നീട് കുഞ്ഞ് ജനിച്ചു. ഇതിനിടയിലും തന്റെ സ്വപ്നം വേണ്ടെന്നുവെച്ചില്ല. മകന്‍ വിയാന് രണ്ടര വയസ്സായപ്പോള്‍ കുഞ്ഞിനെ അമ്മയെ ഏൽപിച്ച്, ഉണ്ടായിരുന്ന ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് പഠനം പുനരാരംഭിച്ചു.
വര്‍ഷങ്ങള്‍ നല്‍കിയ ഇടവേള പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയൊക്കെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ വഴിമാറി. കുടുംബത്തിന്റെ പിന്തുണയും കരുത്തായി. ബിസിനസുകാരനായ ഭര്‍ത്താവ് വരുണ്‍ദഹിയയും കുടുംബവും സമ്പൂര്‍ണ പിന്തുണ നല്‍കി.
ആദ്യ ശ്രമത്തില്‍ ഒരു മാര്‍ക്കിന് അവസരം നഷ്ടമായപ്പോള്‍, ഉള്ള ജോലി ഉപേക്ഷിച്ചതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍, 2018ലെ അവസരത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ രണ്ടാം റാങ്ക് എന്ന സ്വപ്നത്തിലേക്ക് അവര്‍ നടന്നുകയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.