വീടുനിർമാണത്തിലെ ശ്രീ
text_fieldsകൊല്ലങ്കോട്: അത്ര നിസാരമല്ല വീടുപണി, എന്നാൽ ഈ പെൺകൂട്ടായ്മ ഒരുവർഷത്തിനിടെ പണിതുയർത്തിയത് 26 വീടുകളാണ്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ഇടച്ചിറയിലുള്ള ഭാഗ്യശ്രീ കുടുംബശ്രീ അയൽക്കൂട്ടത്തിലെ ബി. ലളിത, ആർ. ലക്ഷ്മി, ബി. ബിന്ദു, എൻ. ധനലക്ഷ്മി, ടി. അംബിക എന്നിവരാണ് ഒരുവർഷത്തിനിടെ സർക്കാർ പദ്ധതിയിൽ അനുവദിച്ച 26 വീടുകൾ നിർമിച്ച് നൽകിയത്. വനിതകൾ സഹായികളായി മാത്രം കണ്ടുവന്നിരുന്ന കെട്ടിട നിർമാണ മേഖലയിൽ അഞ്ചുപേർ നേതൃത്വം നൽകുന്ന ഒരുസംഘം ഉണ്ടായത് ജില്ലക്കുതന്നെ മാതൃകയായി.
വിശ്വാസ്യത നേടിയ പ്രവർത്തനം
കെട്ടിടനിർമാണ മേഖലയിൽ പുരുഷൻമാർ നേടിയെടുത്ത പേരും പ്രശസ്തിയും നിലവിൽ ഈ വനിത കൂട്ടായ്മ നേടിക്കഴിഞ്ഞു. ഏറ്റെടുത്ത ജോലി കൃത്യസമയത്തിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി നിർമിച്ച് നൽകിയും കെട്ടിട സാമ്രാഗികൾ വീട്ടുടമയുടെ സാന്നിധ്യത്തിൽ നല്ലതുമാത്രം വാങ്ങി ഉപയോഗിക്കുന്നതിനാൽ ഇടനിലക്കാരില്ലാതെ നിർമാണ ചിലവും കുറഞ്ഞതോതിലായത് നാട്ടുകാർക്കിടയിൽ വിശ്വാസം പിടിച്ചുപറ്റാൻ കാരണമായി.
കുടുംബശ്രീയിലെ എൻജിനീയർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം തെരഞ്ഞടുത്ത 30 വനിതകൾക്ക് 45 ദിവസത്തിലധികം പരിശീലനം നൽകിയാണ് ഈ കെട്ടിട നിർമാണ വനിത സംഘത്തെ പടുത്തുയർത്തിയത്. പരിശീലനം പൂർത്തീകരിച്ച 25 അംഗങ്ങൾ കൊല്ലങ്കോട് പഞ്ചായത്തും മറ്റുള്ളവ, മുതലമട, വടവന്നൂർ, പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്.
സ്വയം പര്യാപ്തതയിലേക്ക്
തുടക്കത്തത്തിൽ എൻജിനീയർമാരുടെ സഹായത്താൽ കൊല്ലങ്കോട് പയ്യലൂരിൽ ആദ്യത്തെ വീട് നിർമിച്ച് നൽകി. ഇതിൽനിന്നും ലഭിച്ച ആത്മവിശ്വാസത്തെ തുടർന്നാണ് വീട് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതെന്ന് ഭാഗ്യശ്രീ അയൽക്കൂട്ടം സെക്രട്ടറി ബി. ലളിത പറഞ്ഞു. അഞ്ച് വനിതകൾ മാത്രമാണ് സംഘത്തിൽ സജീവമായി തുടർന്നത്. വീട് നിർമാണങ്ങൾക്ക് മറ്റു വനിതകളും പങ്കെടുക്കാറുണ്ട്.
വീടുകൾക്കുപുറമെ പഠനമുറി, തൊഴുത്ത്, ശൗചാലയം എന്നിവ നിർമിച്ചിട്ടുണ്ട്. 15 വീടുകൾ പൂർത്തിയായി. 11 വീടുകൾ പുരോഗമിക്കുകയാണ്. ഐശ്വര്യം കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്ന് പേരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കൂട്ടായ്മയിലെ വീട്ടമ്മമാർക്കൊപ്പം കൊല്ലങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
പ്രതീക്ഷയോടെ
നാട്ടുകാരുടെ വിശ്വാസവും ഈ വനികളുടെ മുന്നേറ്റത്തിന് വഴിവെളിച്ചമായി തുടരുന്നു. 420 ചതുരശ്ര അടിയിൽ ആറുലക്ഷം രൂപക്ക് വയറിങ് ഉൾപ്പെടെ വീട് വെച്ചുനൽകാൻ തയാറാണെന്ന് ഇവർ പറയുന്നു. കുടുംബശ്രീയിലെ വനിതകളുടെ ചുവടുവെയ്പ് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചതോടെ പറമ്പിക്കുളത്ത് ചുങ്കം കോളനിയിൽ പൂർത്തീകരിക്കാത്ത ഇരുപതിലധികം വീടുകൾ പൂർത്തീകരിച്ച് നൽകാൻ കുടുംബശ്രീയുടെ ഐശ്വര്യം കൺസ്ട്രക്ഷൻ ഗ്രൂപ്പിനെയാണ് പട്ടികവർഗ വകുപ്പ് സമീപിച്ചിട്ടുണ്ട്. പകുതിയിൽ എത്തിനിൽക്കുന്ന പറമ്പിക്കുളത്തെ വീടുകൾ പൂർത്തീകരിച്ച് നൽകാൻ തയാറെടുക്കുകയാണ് വനിത സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.