മരുഭൂവിലെ കുളിർപ്പൂക്കൾ
text_fieldsദുബൈ: മരുഭൂമിയിലെ കൊടുംചൂട് മാത്രമല്ല അസഹ്യമായത്, മരുക്കാട്ടിലെ അതിശൈത്യവും ഏറെ കഠിനമാണ്. അസ്ഥികളിലേക്ക് പടരുന്ന തണുപ്പില്‍ നിന്ന് രക്ഷപ്പെടുകയെന്നത് അതീവ ദുഷ്കരവുമാണ്. ഇവിടെയാണ് ഈ മലയാളി വനിതയുടെ കൈത്താങ്ങ് അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. നഈമ അഹ്മദ് - അര വ്യാഴവട്ടക്കാലത്തിലേറെയായി കമ്പിളി വസ്ത്രങ്ങളുമായി മരുഭൂമി താണ്ടി തങ്ങളുടെ താമസയിടങ്ങളിലേക്കു വരുന്ന ആ സഹായിയെ കാത്തിരിക്കുന്നത് നൂറുകണക്കിനു പേരാണ്. ഇക്കുറിയും നല്കി അഞ്ഞൂറിലധികം പേര്‍ക്ക് കമ്പിളി വസ്ത്രങ്ങളും ജാക്കറ്റും ഷൂസും ഭക്ഷണ സാധനങ്ങളുമെല്ലാം. ചൂടേറുകയാണ് പ്രവാസത്തിന്, വീണ്ടുമൊരു ശൈത്യത്തെ അതിജീവിക്കാന്‍ അനേകരെ സഹായിച്ചതിന്റെ ചാരിതാര്‍ഥ്യത്തില്‍ നഈമയുടെ ഉള്ളവും കുളിരണിഞ്ഞിരിക്കുന്നു.
വിശ്രമിക്കന് നേരമില്ല, പുണ്യറമദന് ആഗതമാവുന്നു. സഹായം ആവശ്യമുള്ള നിരവധിപേരാണുള്ളത്. സ്വതവേ വര്‍ധിച്ചുവരുന്ന റമദാനിലെ ജീവിത്തച്ചിലവ് പലരുടെയും നിത്യവൃത്തി പരുങ്ങലിലാക്കും. അതിനാല്‍ തന്നെ കഴിയുംവിധം അവരെയും ചേര്‍ത്തുപിടിക്കണം. എത്ര തിരക്കിനിടയിലും സാമൂഹിക സേവന രംഗത്തുനിന്ന് പിന്നോട്ട് പോവാനാവില്ല. ഭക്ഷണം, വസ്ത്രം, ജോലി അങ്ങിനെ ഓരോദിനവും നിറവേറ്റിക്കൊടുക്കേണ്ട അനിവാര്യതകളേറെയാണ്. 13 വര്‍ഷമായി നഈമ അഹ്മദ് പ്രവാസം ആരംഭിച്ചിട്ട്. ഒമ്പതാണ്ടുകളായി അബൂദബിയിലെ ജീവകാരുണ്യ, സാമൂഹിക സാംസ്ക്കാരിക രംഗത്ത് നിറ സാന്നിധ്യമാണ്. കോവിഡ് മഹാമാരി താണ്ഡവമാടിയ നാളുകളില്‍ ഈ മലപ്പുറം ചങ്ങരംകുളംകാരിയും കൂട്ടുകാരും ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ അനവധി. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചും ഭക്ഷണം ഉണ്ടാക്കിയും മരുന്നുകളായും ജോലി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്തും അങ്ങിനെ നൂറുകണക്കിന് പേരെയാണ് വീണുപോവാതെ ജീവതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്. കോവിഡ് കാലത്ത് മരുന്നുകള്‍ നല്കാന് സഹായം തേടിയത്, അബൂദബിയിലും മറ്റും മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സഹപാഠികളോടും സുഹൃത്തുക്കളോടുമായിരുന്നു. ഇതിന് സ്കൂള്‍ അലുംമ്നികളുടെ ഇടപെടല്‍ ഏറെ ഗുണകരമായി. യു.എ.ഇ റിലീഫ് എന്ന കൂട്ടായ്മയും കോവിഡ് കാലത്ത് സഹായിച്ചിരുന്നു.
കനേഡിയല്‍ കമ്പനിയില്‍ എച്ച്.ആര് മാനേജരായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. പിന്നീട് മറ്റൊരു കമ്പനിയുടെ അക്കൗണ്ട് വിഭാഗത്തിലേക്ക് മാറി. ഇപ്പോള്‍, സാറ ഫെസിലിറ്റി ആന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം സ്വന്തമായി നടത്തിവരികയാണ്. ജോലിത്തിരക്കുകള്‍ ഒരിക്കലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമായിട്ടില്ല. 14 ഓളം ജോബ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ 52 ഓളം പേര്‍ക്ക് ജോലി വാങ്ങി നല്‍കാനായി എന്നതും ചെറിയ കാര്യമല്ല. ഒപ്പം സ്ത്രീകള്‍ക്കു മാത്രമായി മറ്റൊരു ഗ്രൂപ്പുമുണ്ട്. ജോലി ആവശ്യമുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണം, ജോലി നേടാനുള്ള സഹായം, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം, ജോലി നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കാനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെയും നിരവധി പേര്‍ക്ക് ആശ്വാസമേകുന്നുണ്ട്.
പ്രവാസ ലോകത്തു മാത്രമല്ല, നാട്ടിലും സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട് നഈമ. പ്രളയ കാലത്തും കോവിഡ് സാഹചര്യത്തിലുമെല്ലാം പലവിധത്തിലുള്ള സഹായങ്ങളാണ് നാട്ടിലേക്കെത്തിച്ചത്. സൃഹൃത്തിന്റെ അഭ്യര്‍ഥന പ്രകാരം ഉത്തര്‍ പ്രദേശിലെ ഗ്രാമീണ സ്കൂളിലേക്ക് ആയിരത്തിലധികം പുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.
സെയില്‍ മാനേജരായ ഭര്‍ത്താവ് ഫത്താത്തുല്ല, അബൂദബി എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ പന്ത്രണ്ടാംക്ലാസ്സുകാരി നസ്നീന്, സഹോദങ്ങളായ സബ, പാപ്പൂസ്, ഇസ്മയില്‍, യുംന, ലുലു തുടങ്ങിയവരുടെയെല്ലാം പൂര്‍ണ പിന്തുണയോടെയാണ് നഈമ സാമൂഹിക രംഗത്ത് സജീവമായി നിലകൊള്ളുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.