കോവിഡിനെ തറപറ്റിച്ച ദമ്പതികൾ തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsകോവിഡിനെ പൊരുതി തോൽപ്പിച്ച് തെരഞ്ഞെടുപ്പിൽ വീണ്ടുമൊരു അങ്കത്തിന് ഒരുങ്ങുകയാണ് യു.വി. മാർട്ടിനും ഭാര്യ ബിന്ദു മാർട്ടിനും. മാർട്ടിൻ ചാലക്കുടി നഗരസഭയിലെ സെൻറ് ജെയിംസ് 10ാം വാർഡിലും ബിന്ദു 21ാം വാർഡിലുമാണ് ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാർഥികളായി അങ്കം കുറിക്കുന്നത്. മഹാമാരിയെ അതിജീവിച്ചതിനാൽ മറ്റൊരു വിജയം അസാധ്യമാവില്ലെന്ന പ്രതീക്ഷയിലാണ് ഇരുവരും.
സെപ്റ്റംബറിലാണ് ഇരുവർക്കും കോവിഡ് ബാധിച്ചത്. വീട്ടിൽ തന്നെയായിരുന്നു ചികിത്സ. രോഗമുക്തിക്ക് ശേഷം ക്വാറൻറീൻ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്. പിന്നെയും ഒരു മാസത്തിലേറെ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആവശ്യമായ കരുതലോടെയാണ് ഇറങ്ങുന്നതെന്ന് ബിന്ദു പറയുന്നു. വോട്ടർമാരുടെ മുറ്റത്ത് അകലം പാലിച്ചു നിന്നാണ് വോട്ട് ചോദിക്കുന്നത്. ശാരീരിക അകലം പാലിക്കുമ്പോഴും ജനത്തോട് മാനസികമായ ഐക്യം പുലർത്തുന്നതിനാൽ ഈ മത്സരത്തിലും വിജയം അകലെയല്ലെന്നാണ് പ്രതീക്ഷ.
രണ്ട് പേരും നഗരസഭയിൽ പലവട്ടം കൗൺസിലർമാരായിരുന്നു. മാർട്ടിൻ കഴിഞ്ഞ ഇടതുഭരണസമിതിയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ബിന്ദു അതിന് മുമ്പ് യു.ഡി.എഫ് ഭരണസമിതിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായിരുന്നു. കഴിഞ്ഞ തവണ ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഇത്തവണ രണ്ടുപേരും മത്സര രംഗത്തുണ്ട്. എല്ലാ തവണത്തെയും പോലെ ഒരു മുന്നണിയുടെയും ഭാഗമല്ലാതെയാണ് മത്സരിക്കുന്നത്.
ഇരു മുന്നണികളും തുല്യമായി വരുന്ന സാഹചര്യത്തിൽ യു.ഡി.എഫിനോ എൽ.ഡി.എഫിനോ ഭരണത്തിൽ കയറാൻ ഇവരുടെ പിന്തുണ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ജില്ലയിലെ പ്രമുഖ വ്യാപാരി-വ്യവസായി കുടുംബമായ ഊക്കൻ ഫാമിലിയിലെ അംഗങ്ങളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.