ട്രാൻസ് സമൂഹത്തിലെ ആദ്യ മിനി സൂപ്പർമാർക്കറ്റ് സംരംഭകയായി ദീപ റാണി
text_fieldsകോഴിക്കോട്: മോഡൽ, മേക്കപ് ആർട്ടിസ്റ്റ്, അഭിനേത്രി എന്നീ നിലകളിൽ ശോഭിച്ച ട്രാൻസ് വിമൻ ദീപ റാണി ട്രാൻസ് സമൂഹത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ മിനി സൂപ്പർമാർക്കറ്റ് സംരംഭകയെന്നും ഇനി അറിയപ്പെടും. കോവൂർ എം.എൽ.എ റോഡിലെ മാക്കണാഞ്ചേരി താഴത്താണ് വീട്ടിലേക്കുവേണ്ട എല്ലാ പലചരക്ക് സാധനങ്ങളും ഒരുകുടക്കീഴിലാക്കി ‘ഡി.എസ് മിനിമാർട്ട്’ സൂപ്പർ മാർക്കറ്റിന് ദീപ തുടക്കമിട്ടത്. മേയർ ഡോ. ബീന ഫിലിപ്പ് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ബ്യൂട്ടി പാർലർ തുടങ്ങുകയായിരുന്നു ലക്ഷ്യം. അതിനിടയിലാണ് അപ്രതീക്ഷിതമായി സൂപ്പർ മാർക്കറ്റ് മേഖലയിലേക്ക് തിരിഞ്ഞത്. ഇതൊരു തുടക്കമാണെന്നും ഒരു വർഷത്തിനകം ബ്യൂട്ടിപാർലർ ആരംഭിക്കുമെന്നും പറയുമ്പോൾ മറ്റുള്ളവരെപ്പോലെ സമൂഹത്തിന്റെ മുഖ്യധാരയിൽ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമെല്ലാം ദീപ റാണിയുടെ മുഖത്തുകാണാം.
പലചരക്ക് സാധനങ്ങൾക്കൊപ്പം നോട്ടുബുക്കുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ക്രീമുകൾ, ഐസ്ക്രീം, പ്ലാസ്റ്റിക് പാത്രങ്ങൾ, മോപ്പുകൾ അടക്കമുള്ളവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലായിരിക്കണം സംരംഭമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, കെട്ടിടത്തിന് വലിയ വാടക നൽകേണ്ടി വരുമെന്നത് മുൻനിർത്തിയാണ് ഇവിടേക്ക് മാറ്റിയത്. സുഹൃത്തുക്കളിൽനിന്നും മറ്റും കടംവാങ്ങിയാണ് സംരംഭത്തിനുള്ള തുക കണ്ടെത്തിയത്.
തന്നെപ്പോലെയുള്ളവർക്ക് ഈ മേഖലയിലെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കാമെന്നത് കാണിച്ചുകൊടുക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാവുകയുമാണ് ലക്ഷ്യം -ദീപ പറയുന്നു. പത്തനംതിട്ട അടൂർ സ്വദേശിയായ ദീപയുടെ അമ്മ ശ്രീദേവി ഉദ്ഘാടന ചടങ്ങിനെത്തുകയും സംരംഭം വലിയ വിജയമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ട്രാൻസ് വിമനായ സിയ പവലും ട്രാൻസ് മാനായ സഹദും ദീപ റാണിക്ക് സഹായവുമായി കടയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.