ദീപാവലി; വരവേൽക്കാനൊരുങ്ങി ഇന്ത്യക്കാർ
text_fieldsമസ്കത്ത്: ഉത്തരേന്ത്യയിലെ സുപ്രധാന ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി ഒമാനിലെ ഇന്ത്യക്കാർ. ദീപങ്ങളുടെ ഉത്സവം കൂടിയാണ് ദീപാവലി. വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നത് ഇതിന്റെ ഭാഗമാണ്.
വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീരാമനെ ദീപങ്ങൾ തെളിയിച്ച് സ്വീകരിക്കുന്നതിന്റെ ഓർമകൾ പുതുക്കാനാണിത്. തിങ്കളാഴ്ചയാണ് ദീപാവലിയെങ്കിലും ഇവയുടെ ഒരുക്കങ്ങൾ ദിവസങ്ങൾക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നു. ദീപാവലിയുടെ ഭാഗമായി മറ്റു നിരവധി ആഘോഷങ്ങളുമുണ്ട്. ധൻതേരസ്, ഛോട്ടാ ദീപാവലി എന്നിവ ഇതിൽ ഉൾപ്പെടും. വീടുകൾ വിളക്കുകൾകൊണ്ട് അലങ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ദീപാവലിയുടെ ഭാഗമായ ദന്തരാസ് ശനിയാഴ്ചയാണ്. ഈ ദിവസം സ്വർണം വാങ്ങുന്നത് വർഷം മുഴുവൻ കുടുംബത്തിൽ ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. അതിനാൽ ശനിയാഴ്ച ജ്വല്ലറികളിൽ വൻ തിരക്ക് അനുഭവപ്പെടും. വർഷത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിക്കപ്പെടുന്നത് ഈ ദിവസമാണ്. ഇതു പരമാവധി ഉപയോഗപ്പെടുത്താൻ ഒമാനിലെ ജ്വല്ലറികൾ നേരത്തേ തന്നെ തയാറെടുപ്പ് നടത്തിയിരുന്നു.
ജ്വല്ലറികൾ ദീപാവലി മുന്നിൽ കണ്ട് നല്ല സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്. പൊതുവെ സ്വർണവില കുറവായതും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും. ഒമാനിലെ എല്ലാ ജ്വല്ലറികളും ദീപാവലിയുടെ ഭാഗമായി പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. പ്രധാന ജ്വല്ലറികൾ ഓഫറുകളും നൽകുന്നുണ്ട്. കൂടുതൽ സ്വർണം വാങ്ങുന്നവർക്ക് സ്വർണനാണയം അടക്കമുള്ളവയാണ് നൽകുന്നത്.
പല ജ്വല്ലറികളും ദീപാവലിയുടെ അഡ്വാൻസ് ബുക്കിങ്ങും ഏർപ്പെടുത്തിയിരുന്നു. ദീപാവലിയുടെ ഭാഗമായി ടെക്സ്റ്റൈൽസുകളിലും നിരവധി പുതിയ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങളാണ് പലരും അണിയുന്നത്.
അതിനാൽ ഇത്തരം വസ്ത്രങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. അവധിക്കു പോകുമ്പാൾ നാട്ടിൽനിന്ന് ദീപാവലി വസ്ത്രങ്ങൾ വാങ്ങി വരുന്നവരുമുണ്ട്. ദീപങ്ങൾ, ചിരാതുകൾ, അലങ്കാര വിളക്കുകൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.