ഭയപ്പെടേണ്ട രാത്രി നടക്കാൻ... ഇവിടെ റോന്തുചുറ്റി പെൺപടയുണ്ട്
text_fieldsവനിതകൾക്കും രാത്രികാലങ്ങളിൽ ആരെയും ഭയക്കാതെ പൊതുനിരത്തിലൂടെ നടക്കാമെന്ന് തെളിയിക്കാനാണ് റെസിഡന്റ്സ് അസോസിയേഷൻ പെൺപടയുടെ ഇടപെടൽ. ചേര്‍ത്തല ടൗണില്‍ വേളോര്‍വട്ടം മുതല്‍ മൂലേപള്ളിവരെ ഭാഗത്ത് പ്രധാന റോഡിലും ഇടറോഡുകളിലും ഇരുളിലെ വെളിച്ചമാണ് ഇവരുടെ കാവല്‍. രാത്രി 12 മുതല്‍ പുലര്‍ച്ച മൂന്നുവരെയാണ് വനിത സംഘത്തിന്റെ പ്രവര്‍ത്തനം. മോഷ്ടാക്കളില്‍നിന്ന് നഗരത്തിലെ വീടുകള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.
ചൈതന്യ റെസിഡന്റ്സ് അസോസിയേഷനാണ് നഗരത്തിൽ രാത്രികാവലിനായി വനിത സേനയെ സജ്ജമാക്കിയിരിക്കുന്നത്. വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള അസോസിയേഷനിലെ പ്രധാന ഭാരവാഹികളടക്കം വനിതകളാണ് രാത്രി സേവനത്തിനിറങ്ങുന്നത്. നാലുപേര്‍ മാറിമാറിയാണ് റോന്തുചുറ്റുക. പൊലീസിന്റെയും അസോസിയേഷനിലെ പുരുഷന്മാരുടെയും പിന്തുണയുണ്ടെങ്കിലും ഇരുട്ടിനെ മുറിച്ചുകടന്നുള്ള ഇവരുടെ കാവല്‍ സ്വതന്ത്രമായാണ്.
ഡോക്ടര്‍, അധ്യാപിക, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സി.ഇ.ഒ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വീട്ടമ്മമാരുമാണ് സംഘാംഗങ്ങൾ. നഗരസഭ രണ്ട്, 30,31 വാര്‍ഡുകള്‍ ഉൾപ്പെടുന്നതാണ് ചൈതന്യ റെസിഡന്റ്സ് അസോസിയേഷന്.
ഇതില്‍ നിലവില്‍ നൂറില്‍ താഴെ വീടുകളെ അംഗങ്ങളായിട്ടുള്ളൂവെങ്കിലും ഇവരുടെ കാവലില്‍ സംരക്ഷണമാകുന്നത് ആയിരത്തിലധികം വീടുകള്‍ക്കാണ്. വിസിലും ടോര്‍ച്ചുകളും കൈകളിലേന്തിയാണ് ഇവരുടെ നീക്കം. വീടുകളില്‍ സാന്നിധ്യമറിയിക്കുന്നതിനും സഹായത്തിനുമായാണ് വിസില്‍ കരുതുന്നത്. അസോസിയേഷന് വിവിധ മേഖലകളില്‍ സ്ഥാപിച്ച കാമറകളുടെ മേൽനോട്ടവും ഇവർക്കാണ്.
അപകടത്തിലും മോഷണത്തിലും പിടിച്ചുപറിയിലുമടക്കം കാമറയിലൂടെ പൊലീസിനും തുണയൊരുക്കുന്നു ഈ പെൺപട. രാത്രി കാവലില്‍ പൊലീസിന്റെ സഹകരണവും ഇവര്‍ തേടുന്നുണ്ട്. പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായി ആശയവിനിമയവും സദാനേരവുമുണ്ട്.
അസോസിയേഷന് പ്രസിഡന്റ് ലീലാമ്മ ജോണ്‍, വൈസ് പ്രസിഡന്റ് ആഷിമജോസഫ്, ജോ. സെക്രട്ടറി ആനിയമ്മ മറ്റ് ഭാരവാഹികളായ ഡോ.ശശിയാനി ജേക്കബ്, ചിത്രകമ്മത്ത്, വിദ്യായോഗേഷ്, ആശസുനില്, ജ്യോതിഗോവിന്ദ് തുടങ്ങിയവരാണ് രാത്രി കാവലിന് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.