അരങ്ങിലെ നായിക; അതിജീവനത്തിലും
text_fieldsപതിനഞ്ചാമത്തെ വയസ്സുമുതൽ നാടകരംഗത്ത് സജീവമായിരുന്നു. നാലു പതിറ്റാണ്ടോളം അരങ്ങിൽ നിറഞ്ഞുനിന്നു. എന്നാൽ, കോവിഡ് കലക്ക് തിരശ്ശീലയിട്ടപ്പോൾ ചമയങ്ങളെല്ലാം അഴിച്ച് അതിജീവനത്തിന് ഭാഗ്യക്കുറികളുമായി പോരാടുകയാണ് റാന്നി വലിയകുളം ഷണ്മുഖവിലാസത്തിൽ വിശ്വനാഥന്റെയും ശാരദയുടെയും മകൾ യശോദ എന്ന ശ്രീദേവി റാന്നി.
സ്വന്തം നാട്ടിലെ ബാലസമിതിയിൽ നർത്തകിയായി തുടങ്ങി കേരളത്തിലെ പ്രമുഖ ബാലെ ട്രൂപ്പിൽ എത്തിപ്പെട്ടതാണ് വഴിത്തിരിവാകുന്നത്. തുടർന്ന് എൻ.എൻ. പിള്ളയുടെ വിശ്വകേരള, തിരുവനന്തപുരം സോപാനം, ചങ്ങനാശ്ശേരി ഗീഥ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകളുടെയും ഭാഗമായി. അരങ്ങിൽ കാണികൾക്ക് വിസ്മയമായെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായ ശ്രീദേവി രോഗശയ്യയിൽ കഴിയുന്ന ഭർത്താവിന്റെയും അമ്മയുടെയും ഏക ആശ്രയവുമാണ്.
കോവിഡ് മഹാമാരിയിൽ ആഘോഷങ്ങളും കലാപരിപാടികളുമൊക്കെ നിലച്ചതോടെ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞു. എല്ലാ ദിവസവും രാവിലെ ഇപ്പോൾ വാടകക്ക് താമസിക്കുന്ന പെരുനാട്ടിലെ വീട്ടിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള വടശ്ശേരിക്കര ടൗൺ വരെ നടന്നുപോയി ലോട്ടറി വിൽക്കും. തുടർന്ന്, റാന്നിയിലെത്തി അവിടെയും ലോട്ടറി വിറ്റ് പിറ്റേദിവസത്തേക്കുള്ളത് എടുത്തു വീട്ടിലേക്ക് മടങ്ങും. സ്വന്തമായി വീടുപോലുമില്ലാതെ കഷ്ടപ്പാടുകളുടെ നടുവിലാണെങ്കിലും ശ്രീദേവിയെത്തേടി വേഷങ്ങൾ ഭാഗ്യക്കുറിപോലെ ഇടക്ക് എത്തുന്നു.
അടുത്തകാലത്ത് നവാഗത സംവിധായകൻ ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി സംവിധാനം ചെയ്ത സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ അമ്പത്തഞ്ചുകാരി. ചിത്രം പുറത്തുവരുന്നതോടെ തന്നിലെ കലാകാരിയെ നാടും നാട്ടുകാരും തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.