ഡോക്ടർ ഫോട്ടോഗ്രഫി; സ്വന്തം ബ്രാൻഡ് നിർമ്മിച്ച് മീര ഫാത്തിമ
text_fieldsപഠിച്ചിറങ്ങുന്നത് കൊണ്ട് മാത്രം പൂർത്തിയാകുന്നതല്ല കരിയർ, മനസ്സറിഞ്ഞ് പ്രയോഗവൽക്കരിക്കുമ്പോഴാണ് അവ പൂർണമാകുന്നത്. ഫുഡ് സ്റ്റൈലിങ് ആന്റ് ഫുഡ് ഫോട്ടോഗ്രാഫിയിൽ സ്വന്തമായ ബ്രാൻഡ് നിർമ്മിച്ചിരിക്കുകയാണ് ഡോ. മീര ഫാത്തിമ. പേരിന്റെ തുടക്കം സൂചിപ്പിക്കുന്ന പോലെ മീര ഫാത്തിമ ഒരു ദന്ത വിദഗ്ധയാണ്.
ഈ മേഖലയിൽ മതിയാവോളം പഠനവും പ്രാക്ടീസും പൂർത്തീകരിച്ചെങ്കിലും തന്റെ ഉള്ളിലെ കലാവിരുതിനെ വെല്ലുവിളിക്കാൻ മീരയിലെ ഡോക്ടർക്ക് കഴിഞ്ഞില്ല. വിവാഹശേഷം ഭർത്താവിനൊപ്പം സൗദി അറേബ്യയിൽ എത്തി ജോലിക്ക് ശ്രമിച്ച മീര എം.ഒ.എച് എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും മാറിയ നിയപ്രകാരം വിദേശികൾക്ക് അവിടെ ജോലി സാധ്യത ഉണ്ടായിരുന്നില്ല.
വീട്ടിൽ തനിച്ചിരുന്ന കാലത്ത് യഥേഷ്ടം സമയം മിച്ചമായിരുന്നു. മുഷിഞ്ഞിരിക്കുന്ന ഈ സമയങ്ങളിൽ കൈവശമുള്ള മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി. ഈയിടക്കാണ് ഭാര്യയുടെ ക്യാമറ ക്രേസ് തിരിച്ചറിഞ്ഞ് ഭർത്താവ് തൗഫീഖ് നാസർ ബിഗിനർ കാമറ സമ്മാനിക്കുന്നത്. ഒരു നോമ്പുകാലത്ത് താൻ പാകം ചെയ്ത വിഭവങ്ങൾ ഭംഗിയിൽ ക്രമീകരിച്ച് മീര തന്റെ ക്യാമറക്കണ്ണുകളിൽ അവയെല്ലാം ഒപ്പിയെടുത്തു. ഈ ക്ലിക്കുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് പിന്നീട് ഫുഡ് ഫോട്ടോഗ്രഫിയെന്ന പ്രൊഫഷനിലേക്ക് ഇവരെ നയിച്ചത്. ഒരു ഫോട്ടോ ഔട്ട്പുട്ടിനു പുറമേ അതിന് പിന്നിലെ സ്വകാര്യതകളും മിനി വീഡിയോയിലൂടെ മീര പങ്കുവെച്ചു.
പിന്നീട് ഉടൻ നാട്ടിലെത്തി ഫുഡ് സ്റ്റൈലിങ് ആന്റ് ഫുഡ് ഫോട്ടോഗ്രാഫിയുടെ പിന്നാമ്പുറക്കഥകൾ പറയുന്ന ലൈവ് വർക്ക്ഷോപ്പുകൾ ചെയ്യാനായി ശ്രമങ്ങൾ. കൊച്ചിയിലെ അന്നത്തെ പ്രമുഖ ഫുഡ് വ്ലോഗേഴ്സിനെ സമീപിക്കുന്നതും അങ്ങനെയാണ്. നാച്ചുറൽ ലൈറ്റിങിൽ പകർത്തുന്ന ഈ വർക് ഷോപ്പിന് അവിചാരിത പിന്തുണയാണ് മീരക്കും കൂട്ടർക്കും ലഭിച്ചത്. തിരികെ വീണ്ടും സൗദിയിലെത്തി ഇതേ ആശയം സൗദിയിൽ ആവിഷ്ക്കരിക്കാൻ ഇവർ പദ്ധതിയിട്ടു. പരിശ്രമങ്ങൾക്കപ്പുറം ഏഴുമാസങ്ങൾക്കകം സൗദി അറേബ്യയിൽ മികച്ച ക്ലയന്റ് ബേസ് രൂപപ്പെടുത്തിയെടുക്കാൻ മീരക്ക് കഴിഞ്ഞു.
പ്രസവകാലത്ത് ഇടവേള നൽകിയെങ്കിലും ഇതിന് ശേഷം വീണ്ടും കളത്തിലിറങ്ങി. സൗദിയിലും നാട്ടിലും താൻ തീർത്ത വലിയ ക്ലയന്റ് ബേസ് ഉപേക്ഷിച്ച് ദുബൈയിലേക്ക് ചേക്കേറേണ്ടി വന്നത് വലിയ നിരാശയായിരുന്നു. എന്നാൽ, ദുബൈ നഗരം മീരയെ തെല്ലും നിരാശപ്പെടുത്തിയില്ല. ഫുഡ് സ്റ്റൈലിങ്, ഫുഡ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലയിൽ ഇന്ന് നാട്ടിലും വിദേശത്തും വലിയ അംഗീകാരമുണ്ട്. സ്വിസ്, ഡൻകിൻ ഡോണട്സ്, ഹോട്പാക് ഗ്ലോബൽ, ഷാൻ തുടങ്ങി പ്രമുഖ ദുബൈ ബ്രാൻഡുകളുമായി മീര ഇതിനോടകം കൈകോർത്തു.
കൊച്ചി കാക്കനാടിൽ beyondfood എന്ന സ്വകാര്യ സ്റ്റുഡിയോ നിർമിച്ച് ഒരു ടീമിനെ സജ്ജമാക്കിയിരിക്കുകയാണ് ഈ എക്സ് ഡോക്ടർ. ഇന്ത്യയിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാരായ അനീഷ് ഉപാസന, സുരേഷ് സുബ്രഹ്മണ്യം എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനായതിന്റെ അഭിമാനത്തിലാണ് മീര. ദൈവത്തിന്റെ കാരുണ്യവും കുടുംബവും പങ്കാളിയും പകരുന്ന കരുത്തുമാണ് മീരയുടെ വിജയത്തിന്റെ കാതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.