അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ദുബൈ താമസക്കാരി
text_fieldsദുബൈ: തണുത്തുറഞ്ഞ അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ദുബൈയിൽ താമസക്കാരിയായ ആസ്ട്രേലിയക്കാരി കരോലിൻ ലിയോൺ. പുതുവർഷത്തിലാണ് അത്യധികം സാഹസികമായ ദൗത്യത്തിന് ഇവർ പുറപ്പെട്ടത്. 2015ൽ വീഴ്ചയെ തുടർന്ന് നട്ടെല്ലിന് പരിക്കുപറ്റിയ കരോലിൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഉടനെയാണ് പർവതാരോഹണത്തിന് തയാറായത്. അഗ്നിപർവത സാധ്യതയുള്ള ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് സിഡ്ലിയാണ് കീഴടക്കിയത്. ഏകദേശം 4,300 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ ലോകമെമ്പാടും ഏഴ് അഗ്നിപർവത കൊടുമുടികൾ കൂടി കയറാൻ 37കാരിയായ കരോലിൻ പദ്ധതിയിടുന്നുമുണ്ട്.
മൈനസ് 30 ഡിഗ്രിയിൽ തണുത്തുറഞ്ഞ പ്രദേശത്തെ മലകയറ്റം അപകടം പിടിച്ചതും സാഹസികവുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. പലപ്പോഴും കൈകാലുകൾ മരവിച്ചുപോയി. എന്നാൽ കൂടെയുള്ളവരുടെ സഹായമാണ് ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചത്. തണുപ്പ് മാത്രമല്ല, 25കിലോ അവശ്യവസ്തുക്കൾ ചുമക്കുന്നതും വലിയ പ്രയാസകരമായ കാര്യം തന്നെയായിരുന്നു -അവർ കൂട്ടിച്ചേർത്തു. മൗണ്ട് സിഡ്ലി ഇതുവരെ 77പേർ മാത്രമാണ് കീഴടക്കിയിട്ടുള്ളത്. ഇവരിൽ 18ാമത്തെ സ്ത്രീ കൂടിയാണ് കരോലിൻ. അഞ്ചുപേരടങ്ങുന്ന സംഘമായാണ് സാഹസിക യാത്ര നടത്തിയത്.
ലോകത്തിലെ ഏഴ് അഗ്നിപർവത കൊടുമുടികളും കീഴടക്കാനുള്ള ചാലഞ്ചിന്റെ ഭാഗമായാണ് മൗണ്ട് സിഡ്ലി ആദ്യം കീഴടക്കിയത്. പാപ്വ ന്യൂഗിനിയിലെ മൗണ്ട് ഗിലുവെ (4,367 മീറ്റർ), ഇറാനിലെ മൗണ്ട് ദമാവന്ദ്(5,671 മീറ്റർ), മെക്സികോയിലെ പിക്കോസ് ഡി ഒറിസാബ(5,636 മീറ്റർ), റഷ്യയിലെ എൽബ്രസ്(5,642 മീറ്റർ), താൻസനിയയിലെ കിളിമഞ്ചാരോ(5,895 മീറ്റർ), അർജന്റീന-ചിലി അതിർത്തിയിലെ ഓജോസ് ഡെൽ സലാഡോ (6,893 മീറ്റർ) എന്നിവയാണ് ആറു മാസത്തിനിടയിൽ കീഴടക്കാൻ പദ്ധതിയിടുന്നത്.
2015ലെ അപകടത്തെക്കുറിച്ച ചോദ്യത്തിന് മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് ധൈര്യം നൽകിയത് അപകടമാണെന്നാണ് കരോലിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.