ആടുകാരി ഉമ്മയും നെയ്ച്ചോറിന്റെ സുഗന്ധവും
text_fieldsപെരുന്നാൾ ഓർമകൾക്ക് ബാല്യത്തിന്റെയും ഗ്രാമത്തിന്റെയും നിറവും മണവുമാണ്. അയൽക്കാരും അവരുടെ കുട്ടികളുമായി സ്നേഹസൗഹൃദങ്ങളോടെ കഴിഞ്ഞകാലം ഇന്നും മനസ്സിൽ പച്ചപ്പണിഞ്ഞു നിൽക്കുന്നു. അവിടെ കരിമ്പനകളും മരങ്ങളും നിറഞ്ഞ തൊടിയും പുഴയിലേക്ക് നീളുന്ന നടവഴികളുമുണ്ട്. വീടിന്റെ തണുപ്പാർന്ന ഇടമുണ്ട്.
പെരുന്നാൾ ദിനം ഉച്ചയാവുമ്പോഴേക്കും നല്ല ചൂടുള്ള കായ്കറിയും, നെയ്ച്ചോറും, ഉള്ളി വറവിന്റെ മണമുള്ള മട്ടൻകറിയും അടുക്കളയോടു ചേർന്നുള്ള ഇത്തിരി ഇരുട്ടു പുതച്ച ഞങ്ങളുടെ ഊണുമുറിയിൽ എത്തിയിട്ടുണ്ടാവും. ഞങ്ങൾ സ്നേഹത്തോടെ ആടുകാരി ഉമ്മ എന്നു വിളിച്ചിരുന്ന അയൽക്കാരിയാണ് ആ വിഭവങ്ങളുടെ രുചിപ്പാത്രവുമായി കടന്നുവരുക.
അടുക്കളയോടു ചേർന്ന് വിശാലമായ ഒരു പുളിമരം ഉണ്ടായിരുന്നതിനാൽ തണുപ്പിന്റെ അന്തരീക്ഷം ഊണ്മുറിയിൽ എപ്പോഴും തങ്ങിനിന്നിരുന്നു. അവിടെ ഇരുന്ന് ഞാൻ കൊതിയോടെ ആ പാത്രങ്ങൾ തുറക്കും.
സഹോദരന്മാർ വളരെ മുതിർന്നവർ ആയതുകൊണ്ട് അവരെ വീട്ടിൽ അങ്ങനെ കിട്ടാറില്ല. അതുകൊണ്ട് ആടുകാരി ഉമ്മ കൊണ്ടുവരുന്ന പെരുന്നാൾ പങ്കിന്റെ ഏറിയ ഭാഗവും എനിക്ക് തന്നെയാണ് കിട്ടാറ്. എനിക്ക് അതേറെ ഇഷ്ടവുമായിരുന്നു. അതുകൊണ്ടുതന്നെ സ്നേഹത്തിന്റെ ആ രുചിപ്പാത്രങ്ങൾ എല്ലാ പെരുന്നാളിനും ഞാൻ കാത്തിരിക്കും.
ആടുകാരി ഉമ്മ എന്ന് അച്ഛമ്മയാണ് പറയാറുള്ളത്. ഇന്ന് പഴയ പെരുന്നാൾ ഓർമയിലെത്തുമ്പോൾ ആ ഉമ്മയും, ഉമ്മയുടെ കൈപ്പുണ്യവും, സ്നേഹവും നിറഞ്ഞ ആ ചോറും മനസ്സിൽ നിറയുന്നു. അതിലൂടെ ചെറുപ്പത്തിൽ ജീവിച്ച ചുറ്റുപാടുകൾ വീണ്ടും വിരുന്നെത്തുന്നു. ആ പഴയ വീടിന്റെ ഇരുൾ തണുപ്പുള്ള ഇടനാഴിയിൽ ഞാനെത്തുന്നു. കരിമ്പന നിറഞ്ഞ തൊടിയിലൂടെ ഒറ്റക്ക് നടക്കുന്ന അരപ്പാവാടക്കാരിയാകുന്നു. കൊയ്യാമരത്തിൽ എത്തുന്ന കുഞ്ഞിക്കുരുവികളും, കാറ്റിൽ വീഴുന്ന പുളിമരപ്പൂവുകളും, പുളി പെറുക്കാൻ വരുന്ന കുട്ടികളുമൊക്കെ ചുറ്റും നിറയുന്നു.
ആടുകാരി ഉമ്മക്ക് ആറു മക്കൾ ഉണ്ട്. ചെറിയ ഓടിട്ടപുരയിലാണ് താമസം. തൊട്ടടുത്തുതന്നെ ആടുകളെ പാർപ്പിക്കുന്ന ആലയുണ്ട്. എല്ലാക്കാലത്തും നിറയെ ആടുകൾ ഉണ്ടാവും ആ വീട്ടിൽ. കുഞ്ഞിക്കുസൃതിയുള്ള ആട്ടിൻകുട്ടികൾ തെറ്റിത്തെറിച്ചു ഞങ്ങളുടെ വീട്ടിലും എത്തിനോക്കാറുണ്ട്. ഉമ്മയുടെ മക്കളിൽ ചെറിയവർ നാലുപേരും ഏകദേശം എന്റെ പ്രായത്തിനൊപ്പമാണ്. ഞങ്ങൾ ഊഞ്ഞാലാടിയും, ഞൊണ്ടിക്കളിച്ചും, പുഴയിൽ കുളിക്കാൻ പോകുമ്പോൾ സംഘമായി പോയും വലിയ കൂട്ടായിരുന്നു.
ഉമ്മയും എന്റെ അമ്മയും നല്ല കൂട്ടും അടുത്ത സുഹൃത്തുക്കളുമാണ്. എങ്കിലും അമ്മ ഉമ്മയോട് ‘നിങ്ങള്ക്ക് അഞ്ചാറു മക്കളല്ലേ ഉമ്മാ, അതിന്റെ ഇടയിൽ ഇങ്ങോട്ടും എന്തിനാ കൊണ്ടുവന്നു തരുന്നത്’ എന്നു സ്നേഹത്തോടെ ചോദിക്കും. അമ്മയുടെ വാക്കുകൾ കേൾക്കുന്ന എന്നിൽ അപ്പോളാകെ ആശങ്ക നിറയും. അമ്മയുടെ വാക്കുകേട്ട് ഉമ്മ നെയ്ച്ചോറുമായുള്ള വരവ് നിർത്തിക്കളയുമോ? ആ സ്വാദ് ഒഴിവാക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
എന്നാൽ, ഉമ്മയുടെ പെരുന്നാൾ വരവ് ഒരിക്കലും നിലച്ചില്ല, കുട്ടികളായ ഞങ്ങൾ ഊഞ്ഞാലാട്ടവും, ഞൊണ്ടിക്കളിയും എല്ലാം നിർത്തിയിട്ടും ഉമ്മ നെയ്ച്ചോർ തന്നു കൊണ്ടിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ആ ഗ്രാമത്തിലെ വീടു വിറ്റു ഞങ്ങളുടെ കുടുംബത്തിനു പിരിഞ്ഞുപേരേണ്ടി വന്നു. ഇടമുറിയാതെ നിന്ന സ്നേഹത്തിന്റെ ആ പെരുന്നാൾ കൈമാറ്റവും അയൽബന്ധ സ്നേഹവും അതോടെ മുറിഞ്ഞു.
വർഷങ്ങൾക്കിപ്പുറം ജീവിതം പലരൂപങ്ങളിലേക്കു തിരിഞ്ഞു. ഭക്ഷണത്തിന്റെ വൈവിധ്യവും ധാരാളിത്തമുള്ള എത്രയോ ഇടങ്ങളിലൂടെ സഞ്ചരിച്ചു. പല ദേശങ്ങളും ആളുകളെയും കണ്ടു. അപ്പോഴും ഓർമയിൽ സുഗന്ധമായി വിരിയുന്നത് ആടുകാരി ഉമ്മയുടെ ഗ്രാമീണമായ ആ ചിരിയാണ്. അന്ന് കൈമാറിയിരുന്ന നെയ്ച്ചോറിന്റെ രുചിഓർമകളാണ്. ഉമ്മയുടെ സ്നേഹവും ചിരിയും ചാലിച്ച ചിത്രങ്ങൾ ഇതെഴുതാനിരുന്നപ്പോൾ തിരതള്ളി വരുന്നു. ഏറ്റവും പ്രിയപ്പെട്ട, ഉള്ളിൽ നിന്നു പറിച്ചുമാറ്റാൻ കഴിയാത്ത ഒരു തിരതള്ളൽ. അത് ഉള്ളാകെ നനക്കുന്നു. ഏകാന്തമായ ഇരുൾ പുതഞ്ഞ ഇടവഴികളുടെ നാട്ടുമണങ്ങളിലേക്ക് ഒരു പാവാടക്കാരി ഉള്ളിൽ നിന്ന് ഇറങ്ങി നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.