എൽസ ദി അഡ്വഞ്ചറസ്
text_fields10 വയസുള്ള കുട്ടികൾ എന്തു കളിപ്പാട്ടം വേണമെന്നാണ് മാതാപിതാക്കളോട് ആവശ്യപ്പെടാറ്? പ്ലേ സ്റ്റേഷൻ, സൈക്കിൾ, സ്കൂട്ടർ എന്നൊക്കെയാവും നമ്മുടെ മനസിൽ ഓടിയെത്തുന്നതും കേട്ടു പരിചരിച്ചതുമായ ഉത്തരം. എന്നാൽ അൽഐൻ ജൂനിയേഴ്സ് സ്കൂളിലെ അഞ്ചാം ക്ലാസുകാരി എൽസ റിജോ ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു. ഒരു കുതിരയെ വേണമെന്ന്. വിഡിയോ ഗെയിം കളിച്ച് വീട്ടിനുള്ളിൽ ചടഞ്ഞിരിക്കാനല്ല കുതിര സവാരി, നീന്തൽ, ഐസ് സ്കേറ്റിങ്, ബാഡ്മിൻറൺ, സ്കൂട്ടർ ഡ്രിഫ്റ്റ്, റോക്ക് ക്ലൈമ്പിങ്ങ് എന്നിങ്ങനെ താരതമ്യേനെ 'റിസ്ക്കുള്ള' കളികൾ അഭ്യസിക്കാനാണ് എൽസക്ക് താല്പര്യം. എറണാകുളം കളമശ്ശേരി സ്വദേശി റിജോ തോമസിെൻറയും ആഷ്ന ബാബുവിെൻറയും മകളാണ് ഈ കൊച്ചു മിടുക്കി.
ആറാം വയസ്സിൽ തുടങ്ങിയതാണ് നീന്തൽ പരിശീലനം. ആദ്യദിനം വെള്ളത്തിൽ മുങ്ങി പോയതിനാൽ ഇനി നീന്തലിനില്ല എന്ന് പറഞ്ഞ് കരഞ്ഞിരുന്നു. പിന്നീടുള്ള ഒരാഴ്ചയോളം എൽസയുടെ പേടിസ്വപ്നമായിരുന്നു ഈ സംഭവം. രാത്രികളിൽ പേടിച്ചുകരഞ്ഞു. പിന്നെ അച്ഛനും അമ്മയും എൽസകൊപ്പം പരിശീലനത്തിന് ഇറങ്ങിയതോടെയാണ് മകൾ നീന്തൽ പഠിക്കാൻ തുടങ്ങുന്നത്. ഫ്രീ സ്റ്റൈൽ, ബ്രസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നിവ ആറുമാസത്തിനുള്ളിൽ പഠിച്ചെടുത്തു. ബാഡ്മിൻറണിലും ഐസ്കേറ്റിങ്ങിലും എട്ടാം വയസ്സിലാണ് പരിശീലനം തുടങ്ങുന്നത്.
കോവിഡ് കാലത്ത് മറ്റ് പരിശീലനങ്ങൾ മുടങ്ങിയപ്പോൾ കുതിരസവാരി പഠിക്കണമെന്നായി ആഗ്രഹം. ചെറുപ്രായത്തിലെ മൃഗങ്ങളോട് വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് കുതിരകളോട്. ചെറുപ്രായത്തിൽ യൂട്യൂബിൽ കുതിരസവാരിയും മറ്റും കാണുന്നത് ഇഷ്ട വിനോദമായിരുന്നു. കുതിരയെ വാങ്ങിത്തരാൻ ചെറുപ്പം മുതലേ വാശിപിടിച്ചിരുന്നതായി പിതാവ് പറയുന്നു.
കുതിര വാങ്ങുന്നതിനു പകരം കുതിരസവാരി പരിശീലിപ്പിക്കുന്ന അൽഐൻ ഇക്വസ്ട്രിയൻ, ഷൂട്ടിങ് ആൻറ് ഗോൾഫ് ക്ലബ്ബിൽ ചേർത്തു. വലിയ കുതിരകളുടെ പുറത്ത് ചെറിയ പെൺകുട്ടി കയറുന്നതിലെ ഭയവും ഒന്നുരണ്ട് തവണ കുതിരപ്പുറത്ത് നിന്ന് വീണതും ആത്മവിശ്വാസം കുറച്ചെങ്കിലും ഗ്രീസിൽ നിന്നുള്ള പരിശീലക ക്യാപ്റ്റൻ മറിയ മൻസാനയുടെ പ്രോത്സാഹനം കൊണ്ട് മൂന്നു മാസത്തിനകം ഏത് വലിയ കുതിരകളെയും അനായാസം കൈകാര്യം ചെയ്യാൻ എൽസ പഠിച്ചു. ഇപ്പോൾ മികച്ച പരിശീലനത്തിലനത്തിന് തയ്യാറെടുക്കുകയാണ്. ഭാവിയിൽ നല്ലൊരു റൈഡറാകാനാണ് എൽസക്ക് ആഗ്രഹം. ക്ലബ്ബിലെ ഏക ഇന്ത്യക്കാരിയാണ്. ക്ലബ്ബിലെ മറ്റ് പ്രധാന ഇനങ്ങളായ സ്കൂട്ടർ ഡ്രിഫ്റ്റിലും റോക്ക് ക്ലൈമ്പിങ്ങിലും പരിശീലനം നേടുന്നുണ്ട്.
പഠനത്തിലും കല കായികരംഗത്തും ഏറെ മുന്നിലാണ്. സ്കൂളിൽ പ്രൈമറി വിഭാഗത്തിലെ ഹൗസ് ക്യാപ്റ്റനാണ്. ഒപ്പം സംഗീതവും ഡാൻസും പഠിക്കുന്നുമുണ്ട്. മകൾക്ക് എല്ലാവിധ പിന്തുണയും നൽകി മാതാപിതാക്കൾ കൂടെയുണ്ട്. അൽഐനിലെ ഈ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഉള്ളത്കൊണ്ട് മാത്രമാണ് മകൾ ഈ മേഖലകളൊക്കെ എത്തിപ്പിടിച്ചത്. അതിന് ഈ രാജ്യത്തിനും ഭരണാധികാരികളോട് നന്ദി പറയുകയാണ് അവർ.
പിതാവ് റിജോ തോമസ് അൽഐൻ അൽ ഫോഹ കമ്പനി റിസർച്ച് ഉദ്യോഗസ്ഥനാണ്. മാതാവ് ആഷ്ന ബാബു വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ ടീച്ചറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.