ഗ്ലാസിൽ വിസ്മയ ചിത്രങ്ങൾ കോറിയിട്ട് അമ്പിളി
text_fieldsകൊച്ചി: ഗ്ലാസ് മീഡിയമാക്കി അതിമനോഹര ചിത്രങ്ങൾ വരച്ച് വിസ്മയിപ്പിക്കുകയാണ് കലാകാരിയായ അമ്പിളി. അവർ ഒരുക്കിയ ഗ്ലാസ് ചിത്രങ്ങളുടെ പ്രദർശനം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടങ്ങി. മാസങ്ങളോളം എടുത്ത് ചെയ്ത ചിത്രങ്ങളുൾപ്പെടെയാണ് ‘ലിക്വിഡ് ഫോം പത്ത്’ പേരിൽ പ്രദർശിപ്പിക്കുന്നത്.
യേശുദേവൻ, പെൺകുട്ടി, കുരുന്നുമുഖം, കണ്ണിണ തുടങ്ങിയ വിഷയങ്ങളാണ് ഗ്ലാസിൽ വരച്ചിരിക്കുന്നത്. ഗ്ലാസ്, പോളി കാർബണേറ്റ് ഷീറ്റുകൾ എന്നിവയിൽ സൂക്ഷ്മമായി പ്രയോഗിക്കുന്ന സങ്കീർണമായ ഡിസൈനുകളും ഊർജസ്വലമായ നിറങ്ങളും ഉൾക്കൊള്ളുന്നതാണ് ചിത്രങ്ങളോരോന്നും.
രണ്ടു പതിറ്റാണ്ടിലേറെയായി ഗ്ലാസ് പെയിന്റിങ് രചന രംഗത്തുണ്ട് അമ്പിളി. ജീവിതം പൂർണമായും ഈ കലക്കായി സമർപ്പിച്ചിരിക്കുകയാണ്. ജീവൻ തുളുമ്പുന്ന ചിത്രങ്ങളുടെ കാഴ്ചയാണ് ഓരോ കാൻവാസിലും കാണാനാവുക. ഉയരം 1.3 മീറ്ററും വീതി 80 സെന്റിമീറ്ററും വരെയുള്ള 30 വലിയ പെയിന്റിങ്ങുകൾ പ്രദർശനത്തിനുണ്ട്.
കഴിഞ്ഞ അഞ്ചിന് തുടങ്ങിയ പ്രദർശനം തിങ്കളാഴ്ച സമാപിക്കും. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രദർശനം. സിനിമ എഡിറ്റർ ബി. അജിത്കുമാറാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂർ ഇരിട്ടി ജോയന്റ് ആർ.ടി.ഒ ആയ സാജുവാണ് അമ്പിളിയുടെ ഭർത്താവ്. വിദ്യാർഥികളായ കെവിനും അലനുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.