പരിസ്ഥിതിസൗഹൃദം ഈ വിജയ രഹസ്യം
text_fieldsപീരുമേട്: ക്ലീൻ ആൻഡ് സേഫ് ക്യാരിബാഗ്സ് എന്ന പേരിൽ പരിസ്ഥിതി സൗഹാർദ കാരി ബാഗുകളും സഞ്ചികളും നിർമിച്ച് 56ാം മൈലിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി കുടുംബശ്രീ യൂനിറ്റ്. പരിസ്ഥിതി സൗഹാർദ ക്യാരിബാഗുകൾ, സഞ്ചികൾ, ബിഗ് ഷോപ്പറുകൾ, തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, തേയില പായ്ക്ക് ചെയ്യുന്ന സഞ്ചികൾ എന്നിവയടക്കം നിർമിച്ചാണ് ഈ കുടുംബശ്രീ യൂനിറ്റിന്റെ പ്രയാണം.
ഷീബ സുനിലിന്റെ നേതൃത്വത്തിലാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. തുണിക്കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് ആവശ്യമായ സഞ്ചികളടക്കം ഇവർ നിർമിച്ച് നൽകുന്നുണ്ട്. പീരുമേട് ഗ്രാമപഞ്ചായത്ത് സഹായത്തോടെ 2010ൽ പാമ്പനാർ കല്യാണമണ്ഡപത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ പ്രവർത്തിക്കുന്നതിന് തടസ്സം നേരിട്ടതോടെ കുടുംബശ്രീയുടെ 56ാം മൈലിലെ ധനലക്ഷ്മി സാശ്രയസംഘത്തിന്റെ കീഴിൽ അംഗങ്ങൾ യൂനിറ്റ് പ്രവർത്തിപ്പിക്കുകയായിരുന്നു. നാല് വനിതകൾ സജീവമായി നിർമാണ യൂനിറ്റിലുണ്ട്.
25 കിലോഭാരം വഹിക്കുന്ന ബിഗ് ഷോപ്പർ മുതൽ 10 കിലോയുടെ തുണിസഞ്ചി, ഒരുകിലോയുടെ തേയില പായ്ക്ക് ചെയ്യുന്ന സഞ്ചികൾ എന്നിവയാണ് ഇവിടെ കൂടുതൽ വിൽക്കുന്നത്.സഞ്ചികൾക്ക് ഗുണമേന്മയുള്ളതിനാൽ വാങ്ങുന്നവർക്ക് വലിയ ബുദ്ധിമുട്ടില്ലെന്നും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. എല്ലാ മേഖലയിലെയും പോലെ അസംസ്കൃത സാധനങ്ങളുടെ വിലവർധന വിജയകരമായ പ്രയാണത്തിന് ചിലപ്പോഴെങ്കിലും വിഘാതം സൃഷ്ടിക്കാറുണ്ട്.
എറണാകുളം, വാഴക്കുളം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത്. ജില്ല ബാങ്കിൽനിന്ന് ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ വായ്പയാണ് മൂലധനമായത്. വായ്പ കുടിശ്ശിക വരാതെ തിരിച്ചടക്കാൻ കഴിയുന്നതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.