പെയിന്‍റിങ്ങിലെ ഫഹിമ ടച്ച്
text_fieldsഅഞ്ച് വർഷം മുൻപ് ദുബൈയിൽ എത്തുമ്പോൾ ഫഹിമ ഹമീസിന് ആകെ അറിയാവുന്ന കല മെഹന്തി ഡിസൈനിങ് മാത്രമായിരുന്നു. കഴിഞ്ഞ ലോക് ഡൗൺ കാലത്തെ ഇടവേളയിലാണ് ഈ തൃശൂരുകാരിയുടെ ഉള്ളിലെ യഥാർഥ കലാകാരി പുറത്തുവന്നത്. പഴയ മെഹന്തിരാവുകളുടെ ഓർമകൾ പെയിന്‍റിങിന്‍റെ രൂപത്തിൽ കാൻവാസിലേക്ക് കോറിയിട്ടപ്പോൾ അറബിക് കാലിഗ്രഫിയും എക്സ്ട്രാക്റ്റ് പെയിന്‍റിങ്ങുമെല്ലാം വീടിനുള്ളിൽ പിറവിയെടുത്തു.
ഇന്ന് മറ്റുള്ളവരുടെ വീടകങ്ങളിലെ ചുവരുകളിൽ അലങ്കാരം തീർക്കുന്ന ഫഹിമ ഹമീസ് എന്ന കലാകാരിയുടെ തുടക്കം അവിടെ നിന്നായിരുന്നു. പെയിന്‍റിങ് ഗുരു ആരാണെന്ന് ചോദിച്ചാൽ യൂ ട്യൂബ് എന്നായിരിക്കും മറുപടി. പെയിന്‍റിങിന്‍റെ ബാലപാഠങ്ങൾ പോലും അറിയാതെയാണ് ഒന്നര വർഷത്തിനുള്ളിൽ ഒരു കലാകാരി പിറവിയെടുത്തത്. ഒരു ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുത്തതൊഴിച്ചാൽ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ല.
യു.എ.ഇയുടെ 50ാം വാർഷികത്തിന്‍റെ ഭാഗമായി ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ അടുത്തിടെ നടന്ന എക്സിബിഷനിൽ 50 രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 കലാപ്രതിഭകളിൽ ഒരാൾ ഫഹിമയായിരുന്നു. ലോക്ഡൗൺ കാലത്ത് നേരംപോക്കിനായി തുടങ്ങിയതാണ് പെയിന്‍റിങ്. അറബിക് കലിഗ്രഫിയും എക്സ്ട്രാക്റ്റ് പെയിന്‍റിങുമാണ് പ്രധാനമായും ചെയ്യുന്നത്. തുലിപ്സ് സ്ക്രിപ്റ്റാണ് മീഡിയം. ഇപ്പോൾ യു.എ.ഇയിലും നാട്ടിലുമായി പല വീടകങ്ങളിലും ഫഹിമയുടെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ചില സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ചിത്രങ്ങൾ സ്വന്തമാക്കി. Happeningzz എന്ന ഇൻസ്റ്റഗ്രാം പേജ് കണ്ട പലരും ചിത്രങ്ങൾക്കായി ഓർഡർ നൽകുന്നുണ്ട്. ഷാർജ സഫാരി മാളിലെ ചെറിയൊരു സ്പേസിൽ പെയിന്‍റിങിനായി പ്രത്യേക ഇടം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. പെയിന്‍റിങ് സീരിയസായെടുത്ത് ബിസിനസാക്കണമെന്നും ആഗ്രഹമുണ്ട്. തൃശൂർ പാടൂർ സ്വദേശിനിയായ ഫഹിമ ഭർത്താവ് ഹമീസിനും നാലുവയസുകാരൻ ഹമദിനും പിതാവ് മനാഫിനുമൊപ്പം ഷാർജയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.