ഫായിസ പറയും ബീ പോസിറ്റിവ്
text_fieldsകണ്ണൂർ: പത്താംതരത്തിൽ മികച്ച വിജയം. വിവാഹം കഴിഞ്ഞതോടെ പഠന മോഹങ്ങൾ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങൾ. എന്നാൽ, തോറ്റ് പിന്മാറാൻ തയാറാകാത്ത ആത്മവിശ്വാസത്തിലൂടെ ഒടുവിൽ നേടിയത് ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.
ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ അങ്ങനെ കഠിനാധ്വാനത്തിലൂടെ നേടിയത് മിന്നുന്ന വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാടായി ജി.എച്ച്.എസ്.എസിൽ നടന്ന തുല്യതാ പഠനകേന്ദ്രത്തിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി തുല്യതാ പഠിതാവാണ് ഫായിസ.
ഭർത്താവ് അൻവർ സാദത്തിന്റെ പിന്തുണ ലഭ്യമായതോടെയാണ് തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കാനും ഉന്നതവിജയം നേടാനും സാധിച്ചത്. നാല് മക്കളുടെ അമ്മയാണ് ഫായിസ. മനഃശാസ്ത്രജ്ഞയാകാനാണ് ആഗ്രഹം. ഇന്ദിര ഗാന്ധി ഓപൺ സർവകലാശാലക്കു കീഴിൽ ബി.എ സൈക്കോളജിക്ക് ചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ് ഇവർ. പയ്യന്നൂർ നഗരസഭയിലാണ് രജിസ്‌ട്രേഷൻ നടത്തിയത്.
വൈകല്യങ്ങളെ അതിജീവിച്ച് ഏഴാംതരം തുല്യത മുതൽ ഹയർ സെക്കൻഡറി പഠനം വരെ നേടിയ അൽസില ഇക്ബാലും മൂന്ന് വിഷയങ്ങളിൽ എ പ്ലസും മൂന്ന് വിഷയങ്ങളിൽ എയും നേടി തൊട്ടുപിറകെത്തന്നെയുണ്ട്. വികസന വിദ്യാകേന്ദ്രം പ്രേരക് കെ. ഗീതയുടെ നിരന്തരമായ പരിശ്രമം ഈ ഇരട്ട വിജയങ്ങൾക്കുണ്ട്. ജില്ലയിൽ 484 പേർ പരീക്ഷ എഴുതിയതിൽ 388 പേർ വിജയിച്ചു. 80 ശതമാനമാണ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.