സോപാന ലാസ്യവുമായി കുടുംബം
text_fieldsപാലക്കാട്: ലാസ്യപ്രധാനമായ മോഹിനിയാട്ടവും ക്ഷേത്ര കലാരൂപമായ സോപാനസംഗീതവും തമ്മിലെന്ത് എന്നുചോദിച്ചാൽ അത്രമേൽ ബന്ധമുണ്ടെന്ന് പറയും അനുപമയും കുടുംബവും. ആ ബന്ധത്തിന്റെ മാസ്മരികതക്കായിരുന്നു ചൊവ്വാഴ്ച ‘സ്വരലയ സമന്വയം’ സാക്ഷ്യംവഹിച്ചത്. കേരളത്തിന്റെ കലകളായ സോപാന സംഗീതവും മോഹിനിയാട്ടവും ഒരേ വേദിയിൽ ‘സോപാന ലാസ്യം’ എന്ന പേരിൽ ഒന്നിച്ചെത്തി. പിന്നാലെ വേദിയിൽ നിറഞ്ഞ കുടുംബത്തിന് പാലക്കാടിന്റെ ഹൃദയത്തോട് ചേർത്ത കരഘോഷവും.
ശ്രീശങ്കരചാര്യ സംസ്കൃത സർവകലാശാല മോഹിനിയാട്ട അധ്യാപികയായ അനുപമ മേനോനും എറണാകുളം സെന്റ് തേരേസാസ് സ്കൂളിലെ സംഗീതാധ്യാപനുമായ ഭർത്താവ് സുരേഷ് നീലമ്പൂരും പത്താം ക്ലാസ് വിദ്യാർഥിനിയായ മകൾ പല്ലവി സുരേഷുമാണ് വേദിയിലെത്തിയത്. മോഹിനിയാട്ടവുമായി അനുപമയും സോപാന സംഗീതവുമായി സുരേഷും വീണയുമായി പല്ലവിയും അരങ്ങിലെത്തി.
സോപാന സംഗീതത്തിലെ ഭക്തിനിർഭരമായ പാട്ടുകളും പദങ്ങളുമാണ് സോപാന ലാസ്യത്തിന്റെ അടിസ്ഥാനം. ലാസ്യപ്രധാനമായ മോഹിനിയാട്ടവും ക്ഷേത്രകലയായ സോപാന സംഗീതവും തമ്മിൽ ബന്ധമുണ്ടെന്നും സുരേഷ് പറഞ്ഞു. ആറുമാസത്തെ പരിശീലനമാണ് സോപാന ലാസ്യത്തിന് വേണ്ടിവന്നത്. എറണാകുളം സ്വദേശികളായ അനുപമയും സുരേഷും 2008 മുതൽ വിവിധ വേദികളിലായി ‘സോപാന ലാസ്യം’ അവതരിപ്പിക്കുന്നുണ്ട്.
കലാമണ്ഡലം സുഗന്ധിയും നിർമല പണിക്കരുമാണ് മോഹിനിയാട്ടത്തിൽ അനുപമക്ക് ഗുരുക്കന്മാർ. സോപാന സംഗീതത്തിൽ സദനം ദിവാകരനാണ് സുരേഷിന്റെ ഗുരു. പല്ലവിക്ക് അച്ഛൻ തന്നെയാണ് ഗുരു. ഇളയ മകൾ പവിത്രയും പുല്ലാങ്കുഴൽ കലാകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.