18 വർഷങ്ങൾക്കുശേഷം ഡോങ്ക കണ്ണമ്മ തിരിച്ചു നാട്ടിലേക്ക്
text_fieldsമനാമ: 18 വർഷങ്ങളായി നാട്ടിൽപോകാതെ ബഹ്റൈനിൽതന്നെ തുടരുകയായിരുന്ന വയോധികയായ ഡോങ്ക കണ്ണമ്മ സാമൂഹികപ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് തിരിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ബഹ്റൈനിലേക്കെത്തിയ അവർ 13 വർഷത്തോളം പല വീടുകളിലുമായി ജോലി ചെയ്തു. അതിനുശേഷം 2003ൽ 14 മാസത്തെ അവധിയിൽ നാട്ടിൽ പോയി. രണ്ടാമത്തെ മകനെ പ്രസവിച്ച് മൂന്നുമാസം പ്രായമായപ്പോൾ തിരിച്ചു വരുകയും ചെയ്തു.
അതിനുശേഷം ജോലിചെയ്തിരുന്ന വീട്ടിൽ തുടരാൻ കഴിയാതെ വന്നു. തുടർന്ന് പാസ്പോർട്ട്, സി.പി.ആർ തുടങ്ങി ഒരു രേഖയും കൈവശം ഇല്ലാതെ 18 കൊല്ലമായി അനധികൃതമായി പല വീടുകളിലും ജോലിചെയ്തുവരുകയായിരുന്നു. കോവിഡ് കാലത്ത് 2021ൽ വിസയും മറ്റു രേഖകളും ഇല്ലാത്തവർക്ക് വാക്സിനേഷൻ സാധ്യമാക്കുന്നതിനായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ വാക്സിനേഷൻ ഡ്രൈവിലാണ് ഇവർ ഇന്ത്യൻ ക്ലബിന്റെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുന്നത്.
പാസ്പോർട്ട് കോപ്പിയോ മറ്റു പഴയ രേഖകളോ ലഭിക്കുന്നതിനായി എമിഗ്രേഷൻ അധികാരികളുമായി എംബസിയുടെ സഹായത്തോടെ പല ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടിൽ ഉണ്ടായിരുന്ന അവരുടെ പഴയ റേഷൻ കാർഡ് രേഖയാക്കി നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ഈസ്റ്റ് ഗോദാവരി കലക്ടറുമായി ബന്ധപ്പെട്ട് തരപ്പെടുത്തി. തുടർന്ന് പൊലീസ് വെരിഫിക്കേഷനും മറ്റും നടത്തി ഇന്ത്യൻ എംബസിയുടെ ഔട്ട് പാസ് ലഭിച്ചു. പക്ഷേ ഇവരുടെ പേരിൽ ഒരു തരത്തിലുള്ള രേഖയും ബഹ്റൈൻ എമിഗ്രേഷൻ സിസ്റ്റത്തിൽ ലഭ്യമല്ലാത്തതിനാൽ യാത്ര പിന്നെയും നീണ്ടു. കാഴ്ച കുറഞ്ഞതിനാൽ പല വീടുകളിലുമായി ഉണ്ടായിരുന്ന ജോലികളും ചെയ്യാൻ കഴിയാതെയായി.
ഇന്ത്യൻ ക്ലബ് ഹെൽപ് ഡെസ്കിന്റെ സഹായത്തോടെയാണ് രണ്ടുവർഷമായി അവർ ബഹ്റൈനിൽ കഴിഞ്ഞുപോന്നിരുന്നത്. ഭർത്താവ് സത്യനാരായണൻ അഞ്ചു കൊല്ലം മുമ്പ് മരിച്ചു. ജന്മനാ പോളിയോ ബാധിച്ച് സുഖമില്ലാതിരിക്കുന്ന മൂത്തമകൻ സുബ്രഹ്മണ്യൻ (30) കൃഷിപ്പണിക്കുപോയാണ് കുടുംബം പുലർത്തുന്നത്. അനുജൻ ഗണേശിനൊപ്പം സുബ്രഹ്മണ്യൻ അമ്മയെ സ്വീകരിക്കാൻ ഹൈദരാബാദ് എയർപോർട്ടിൽ എത്തിച്ചേരും.
സാമൂഹികപ്രവർത്തകൻ സുധീർ തിരുനിലത്തിന്റെ ഇടപെടലുകളാണ് എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കാൻ സഹായിച്ചത്. ബഹ്റൈൻ എമിഗ്രേഷൻ അധികൃതർ, ഹൈദരാബാദ് എയർപോർട്ടിലേക്കുള്ള ടിക്കറ്റ് ശരിയാക്കിയ ഇന്ത്യൻ എംബസി, തെലങ്കാന ഗവൺമെൻറ് അധികൃതർ, ചികിത്സ സഹായം നൽകിയ അൽ ഹിലാൽ ഹോസ്പിറ്റൽ, സാമ്പത്തികമായി സഹായിച്ച ഇന്ത്യൻ ക്ലബ് മെമ്പേഴ്സ്, പ്രവാസി ലീഗൽ സെൽ തുടങ്ങിയവരോട് നന്ദി പറഞ്ഞ് കണ്ണമ്മ ബഹ്റൈനിൽനിന്ന് യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.