പന്ത്രണ്ടുകാരിയിലെ ഫാഷൻ ഡിസൈനർ
text_fieldsഇക്കഴിഞ്ഞ പെരുന്നാളിന് യു.എ.ഇ അജ്മാനിലെ ഏഴാം ക്ലാസുകാരി അപെക്ഷ ബിനോജിന്റെ മുന്നിൽ നിരവധി അപേക്ഷകളെത്തി; എല്ലാവർക്കും ഇൗദ് ദിനത്തിൽ അണിയാൻ ഇൗ പന്ത്രണ്ടുകാരി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ വേണമെന്നായിരുന്നു സന്ദേശം. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥിയായ അപെക്ഷ ഇന്ന് നൂറുകണക്കിന് പേരുടെ സൗന്ദര്യ സങ്കൽപങ്ങളെ ഇഴചേർത്തുവെക്കുന്ന ഫാഷൻ ഡിസൈനറാണ്.
ചെറിയ പ്രായത്തിൽതന്നെ ഫാഷൻ വസ്ത്രങ്ങളോട് തോന്നിയ ഇഷ്ടമാണ് തൃശൂർ സ്വദേശി ബിനോജിന്റെയും പ്രസീനയുടെയും മകളായ അപെക്ഷയെ യു.എ.ഇയിലെ അറിയപ്പെടുന്ന കുട്ടി ഫാഷൻ ഡിസൈനറാക്കി മാറ്റിയത്. കുട്ടിയായിരിക്കുമ്പോൾ തന്നെ തനിക്കുള്ള വസ്ത്രങ്ങൾ സ്വന്തമായി തെരഞ്ഞെടുക്കാൻ തുടങ്ങിയ അപെക്ഷ ഏഴാം വയസ്സിൽ തന്നെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തുടങ്ങി. ഇതിനകം നൂറിലധികം മനോഹരമായ വസ്ത്രങ്ങൾ രൂപകൽപന ചെയ്ത ഇൗ മിടുക്കി ബേബി ഷോ ബ്രാൻഡ് നടത്തിയ ഡ്രസ് ഡിസൈൻ മത്സരത്തിലുൾപ്പെടെ നിരവധി മത്സരങ്ങളിൽ തെൻറ മികവു തെളിയിച്ച് വാരിക്കൂട്ടിയ സമ്മാനങ്ങൾ അനവധിയാണ്.
ആറാം ക്ലാസിലെ പഠനത്തിനിടെ അപെക്ഷ മിർണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിൽ നിന്ന് ഫസ്റ്റ് ലെവൽ ഗ്രാജ്വേഷനും നേടി. പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന കോഴ്സാണ് ഇൗ സ്കൂൾ വിദ്യാർഥി വിജയകരമായി പൂർത്തിയാക്കിയത്. ഫാഷൻ ഡിസൈനിലെ പരിചയവും കഴിവുമാണ് യോഗ്യത പോലും പരിഗണിക്കാതെ അപെക്ഷക്ക് കോഴ്സ് ചെയ്യാൻ വഴിയൊരുക്കിയത്. വേൾഡ് റെക്കോഡ് ഓഫ് ഇന്ത്യ, യൂനിവേഴ്സൽ റെക്കോഡ് ഫോറം എന്നിവ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ പദവി നൽകി ആദരിച്ചിട്ടുണ്ട്.
പഠനത്തിനിടെയുള്ള വെറും ഹോബി മാത്രമല്ല അപെക്ഷക്ക് ഫാഷൻ ഡിസൈനിങ്. അപെക് എന്നപേരിൽ സ്വന്തമായി ഒരു ബ്രാൻഡും ഇൗ കൊച്ചു ഡിസൈനറുടെ പേരിലുണ്ട്. പ്ലസ് ടു പഠനം കഴിഞ്ഞ് ലോകത്തെ മികച്ച ഫാഷൻ ഡിസൈൻ സ്ഥാപനങ്ങളുള്ള ഫ്രാൻസിൽ പോയി ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രിയെടുക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.