ഫാഷൻ പാഷനാക്കി കൃഷ്ണപ്രിയ വളരുകയാണ്
text_fieldsഅരൂർ: സഹോദരിയുടെ കല്യാണത്തിന് കൃഷ്ണപ്രിയക്ക് വ്യത്യസ്തമായ വസ്ത്രം ധരിക്കണമെന്ന ആഗ്രഹം കൊണ്ടുചെന്നെത്തിച്ചത് അതിശയിപ്പിക്കുന്ന ഫാഷന്റെ സ്വപ്നലോകത്ത്. എഴുപുന്ന ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ മുപ്പലാശേരിച്ചിറയിൽ ഷാജി-രാജി ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു സഹോദരിയുടെ വിവാഹം. അമ്മയുടെ തയ്യൽ മെഷീനിൽ കൃഷ്ണപ്രിയ സ്വന്തമായി ഒരു ഫ്രോക് തയ്ച്ചുതുടങ്ങി. ഇടക്കുവെച്ച് മെഷീൻ കേടായി. ആശ കൈവിട്ടില്ല ബാക്കി കൈകൊണ്ടുതുന്നി ഫ്രോക് പൂർത്തിയാക്കി. ധരിച്ചപ്പോൾ കണ്ടവർക്കെല്ലാം ഇഷ്ടം. പ്ലസ് ടു കഴിഞ്ഞപ്പോൾ കൃഷ്ണപ്രിയ ആഗ്രഹം അച്ഛനോട് തുറന്നുപറഞ്ഞു; ഫാഷൻ ഡിസൈനിങ് പഠിക്കണം. കലാകാരൻ കൂടിയായ ഷാജി എതിരുപറഞ്ഞില്ല. എറണാകുളം തമ്മനത്തെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ചേർത്തു.
കോവിഡ് സമയത്ത് യുട്യൂബിൽ നോക്കിയാണ് ഫ്രോക്കുകളും ഗൗണുകളും ബോൾ വസ്ത്രങ്ങളും തുന്നാൻ പഠിച്ചത്. ആദ്യം തുന്നിയതെല്ലാം സ്വന്തമായി ധരിക്കാനായിരുന്നു. ഈ വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളാക്കി. ചെറിയ വീട്ടിൽ ഷൂട്ടിങ്ങിന് സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീടിന്റെ പിന്നാമ്പുറത്ത് പഴയ വീടിന്റെ വാതിലുകൾ സ്റ്റേജാക്കി പിന്നിൽ വെള്ളത്തുണി മറയാക്കി സ്റ്റുഡിയോ സെറ്റ് ഉണ്ടാക്കി ഫാഷൻ ഷോകൾ ഷൂട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ കൃഷ്ണപ്രിയയും ഡ്രസുകളും വൈറലായി.
ലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ കൃഷ്ണപ്രിയ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ഓർഡറുകൾ എത്തുന്ന തിരക്കുള്ള ഫാഷൻ ഡിസൈനറായി മാറി. ഉറച്ച സ്ഥിരോത്സാഹവും ആത്മവിശ്വാസവും മാത്രമാണ് ഇന്ധനം. തുടക്കത്തിൽ തയ്യൽ മെഷീൻ വാങ്ങാൻ കുടുംബത്തിന് മാർഗമില്ലായിരുന്നു.
എല്ലാ വസ്ത്രങ്ങളും സൂചിയും നൂലും ഉപയോഗിച്ച് കൈകൊണ്ട് തുന്നുന്ന കഷ്ടപ്പാടും തുന്നലിനോടുള്ള താൽപര്യവും കണ്ട് പ്രിയയുടെ പിതാവിന്റെ സഹോദരി പഴയ തയ്യൽ മെഷീൻ നൽകി. ഇതിന്റെ ഫലമായി പരീക്ഷണങ്ങൾ പുതിയ ഉയരങ്ങളിലേക്ക് ഉയർന്നു. തയ്യൽ മെഷീനുകൾ ഉൽപാദിപ്പിക്കുന്ന ഉഷ കമ്പനി കൃഷ്ണപ്രിയയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഒരു മെഷീൻ സൗജന്യമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.