സൈക്കിളിൽ കേരളം ചുറ്റാൻ യാത്ര തിരിച്ച് പിതാവും മകളും
text_fieldsഅരീക്കോട്: സൈക്കിളിൽ കേരളം ചുറ്റിക്കറങ്ങാൻ യാത്ര തിരിച്ച് അരീക്കോടുനിന്ന് ഒരു പിതാവും മകളും. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശിയായ സൈക്കിൾ സഞ്ചാരി സഹ്ല പരപ്പനും പിതാവ് സക്കീർ ഹുസൈനുമാണ് യാത്ര തിരിച്ചത്.
കീഴുപറമ്പിലെ അഗതി മന്ദിരത്തിലെ അന്തേവാസികൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച രാവിലെയാണ് യാത്ര ആരംഭിച്ചത്. പതിവ് യാത്രകളിൽനിന്ന് വ്യത്യസ്തമായി സമൂഹത്തിൽനിന്ന് അകറ്റി നിർത്തുന്ന ഒരുകൂട്ടം ആളുകളെ ചേർത്ത് പിടിക്കണം എന്ന സന്ദേശവുമായാണ് ഇരുവരും യാത്ര പോകുന്നത്. ഒരു വർഷം മുമ്പ് സഹ്ല കേരളത്തിൽനിന്ന് സുഹൃത്തുക്കളുമായി സൈക്കിളിൽ കശ്മീരിലെത്തി താരമായിരുന്നു.
കീഴുപറമ്പിൽനിന്ന് ആരംഭിച്ച യാത്ര ആദ്യം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് പാൽചുരം വഴി കണ്ണൂരിലൂടെ കാസർകോട്ടേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര ഏകദേശം 550 കിലോമീറ്റർ സൈക്കിളിൽ താണ്ടി തിരുവനന്തപുരത്ത് എത്തും. ഇവിടെ നിന്ന് ജന്മനാടായ തച്ചണ്ണയിലേക്ക് എത്തുന്നതോടെയാണ് യാത്ര പൂർത്തിയാവുക.
വൃദ്ധസദനങ്ങൾ, അംഗവൈകല്യം ബാധിച്ചവർ എന്നിങ്ങനെ സമൂഹത്തിൽനിന്ന് അകറ്റിനിർത്തിയവരെയാണ് പ്രധാനമായും ഇവർ യാത്രയിൽ അടുത്തറിയുക. എന്റെ ആദ്യയാത്രക്ക് നിരവധി വിമർശനങ്ങൾ ഉണ്ടായപ്പോൾ എല്ലാ പിന്തുണയും നൽകിയത് പിതാവാണ്. അദ്ദേഹത്തിനോടൊപ്പം യാത്ര പോകാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സഹ്ല മാധ്യമത്തോട് പറഞ്ഞു. കേരളത്തെ ശരിക്കും അറിയണമെന്നും അതാണ് ഞാൻ മകളോടൊപ്പമുള്ള യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹോട്ടൽ തൊഴിലാളി കൂടിയായ സക്കീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.