ദേശീയ പുരസ്കാര നിറവിൽ ഫാത്തിമ അൻഷി
text_fieldsമേലാറ്റൂർ: ബഹുമുഖ പ്രതിഭയായ ഫാത്തിമ അൻഷിക്ക് ദേശീയ പുരസ്കാരം. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് അധികൃതർ അൻഷിയെ വിവരം അറിയിച്ചത്. ഇതിനകം നിരവധി വേദികളിലും മത്സരങ്ങളിലും അൻഷി കഴിവ് പ്രകടിപ്പിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജന്മനാ നൂറു ശതമാനം കാഴ്ചപരിമിതിയുള്ള ഈ മിടുക്കി മൂന്ന് വയസ്സ് മുതൽ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താൽപര്യം കാണിച്ച് തുടങ്ങി. രണ്ടാം ക്ലാസ് മുതൽ കലോത്സവങ്ങളിൽ വിജയിയാണ്.
2015 മുതൽ തുടർച്ചയായ ആറ് വർഷങ്ങളിൽ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും ഒന്നാമതാണ്. 2018, 2019 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ മികച്ച വിജയം കൈവരിച്ചു. പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പിന്നണി പാടാൻ അവസരമുണ്ടായി. ദർശന ടി.വി കുട്ടിക്കുപ്പായം ഷോയിലെ സെമി ഫൈനലിസ്റ്റും കൈരളി ടി.വി കുട്ടിപ്പട്ടുറുമാൽ ഷോയിലെ ഫൈനലിസ്റ്റുമാണ് അൻഷി.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്ട് വിഷൻ എന്ന അന്താരാഷ്ട്ര സംഘടനയുടെ കേരളത്തിലെ അംബാസഡറാണ്. പന്ത്രണ്ടോളം വിദേശ ഭാഷകൾ പഠിച്ച് വരുന്നു. നിരവധി പാട്ടുകൾക്ക് സ്വന്തമായി സംഗീതം ചെയ്തിട്ടുണ്ട്. കൂടാതെ ഒ.എം കരുവാരകുണ്ടിന്റെ വരികൾക്ക് സംഗീതം നൽകി കുട്ടിപ്പട്ടുറുമാൽ ഷോയിൽ പാടാനുള്ള ഭാഗ്യം ലഭിച്ചു. യേശുദാസ്, ചിത്ര ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാനുള്ള അവസരമുണ്ടായി. സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് കൂടിയാണ്.
2019ലെ കൈരളിയുടെ ഇശൽ ലൈലാ അവാർഡ് ദുബൈയിൽ വെച്ച് മെഗാസ്റ്റാർ മമ്മുട്ടിയുടെ കൈയിൽനിന്ന് വാങ്ങാൻ അവസരമുണ്ടായി. എസ്.എസ്.എൽ.സി പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തിൽ സ്വയം എഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പ്ലസ് വൺ പരീക്ഷക്കും എ പ്ലസ് നേടി. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കൂടിയായ അൻഷി വെസ്റ്റ് എടപ്പറ്റയിലെ അബ്ദുൽ ബാരി - ഷംല ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.