അതിജീവന വഴിയിൽ വർണക്കുടകൾ നിർമിച്ച് ഫാത്തിമ
text_fieldsജീവിതം വർണാഭമാക്കാൻ വർണക്കുടകൾ നിർമിക്കുകയാണ് ഫാത്തിമ. പട്ടണക്കാട് പെരുംകുളങ്ങര അബ്ദുൽ കരീമിന്റെയും സുഹറയുടെയും മകളാണ് ജന്മനാ കാൽമുട്ടുകൾ നിവരാത്ത എസ്. ഫാത്തിമ (33). കാലുകളുടെ ഞരമ്പിന്റെ വളർച്ചക്കുറവ് മൂലമാണ് കാലുകൾ നിവരാത്തതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ശസ്ത്രക്രിയകൾ നടത്തിയെങ്കിലും പൂർണവിജയമായില്ല. പരസഹായത്തോടെ പതുക്കെ നടക്കാമെന്നതാണ് ആശ്വാസം. പട്ടണക്കാട് ഗവ. സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി. പിന്നീട് അതിജീവനത്തിനായി ചകിരിമാല, ജ്വല്ലറി മേക്കിങ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നി.
ആക്കോക് എന്ന സന്നദ്ധസംഘടനയുടെ ഭാഗമായാണ് മൂന്ന് വർഷം മുമ്പ് പഠനത്തിനായി കുട നിർമാണത്തിലേക്ക് വരുന്നത്. വീൽചെയറിൽ ഇരുന്ന് നാല് കുടകൾ വരെ പ്രതിദിനം നിർമിക്കും. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
രണ്ടു വർഷം മുമ്പാണ് തുല്യതാ കോഴ്സിലൂടെ പ്ലസ് ടു പൂർത്തിയാക്കിയത്. ഇപ്പോൾ പ്രൈവറ്റായി ബിരുദത്തിന് ചേർന്നിരിക്കുകയാണ്. കൂടുതൽ പഠിക്കണമെന്നും സൈക്കോളജിസ്റ്റ് ആകണമെന്നുമാണ് ആഗ്രഹമെന്ന് ഫാത്തിമ പറയുന്നു. സഹോദരങ്ങളായ മുംതാസും സിദ്ദീഖും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.