Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഒാർമയിലുണ്ടോ ഈ മുഖം?

ഒാർമയിലുണ്ടോ ഈ മുഖം?

text_fields
bookmark_border
ഒാർമയിലുണ്ടോ ഈ മുഖം?
cancel
camera_alt???? ??????

വലിയൊരു ആൾത്തിരക്കിനിടയിലൂടെ നടന്നു പോകുമ്പോൾ അവരെ എത്രപേർ തിരിച്ചറിയുന്നുണ്ടാവും? ചിലപ്പോൾ ഒരാൾ... രണ്ടാൾ... മിക്കവാറും ആരുമുണ്ടാവില്ല... സുന്ദരമായ ഈ മുഖത്തിനു നേരേ കാമറ തിരിച്ചുവെച്ചായിരുന്നു മലയാളത്തിലെ പ്രശസ്​ത സിനിമക്കാരിൽ ചിലരെങ്കിലും ചലച്ചിത്രകലയുടെ ബാലപാഠങ്ങൾ തിരഞ്ഞത്.

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഫുട്പാത്തിലുടെ ഒരു തുണിസഞ്ചിയും തൂക്കി പ്രായത്തിൻെറ അവശതകളും ജീവിതത്തിൻെറ വിവശതകളും പേറി എവിടേക്കോ നടന്നുമായുന്ന അവരുടെ പേരുപോലും ഓർമിക്കുന്നവർ എത്രയുണ്ടാകുമെന്നുമറിയില്ല. ജമീല മാലിക് എന്ന് ചിലർ അവരെ തിരിച്ചറിയുന്നു. ഭാഗ്യം ഒത്തിണങ്ങിവന്നിരുന്നെങ്കിൽ ജോൺ എബ്രഹാമിൻെറ നായികയാകേണ്ടിയിരുന്നവർ. എം.ജി.ആറിൻെറ നായികയുമാകുമായിരുന്നവർ. ഒന്നും ശരിയായില്ല. നായികയും ഉപനായികയും ഒക്കെയായി കുറെ സിനിമകളിൽ അഭിനയിച്ചു. നാടകങ്ങൾ എഴുതി. അധ്യാപികയായി. പിന്നെയുമുണ്ട് വിശേഷണങ്ങൾ.  

ഇന്ത്യൻ സിനിമയുടെ കളരിയായ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യത്തെ മലയാളി പെൺകൊടി. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വനിത. അടൂർ ഭാസിയുടെയും വിൻസ​െൻറിൻെറയും നായിക. അങ്ങനെ കുറേ. എന്നിട്ടും ശരിയാകാത്ത ജീവിതത്തിൻെറ പൊട്ടിപ്പോയ ഇഴകൾ തുന്നിത്തുന്നി മരവിച്ചിരിക്കുന്നു വാർധക്യം വഴി രേഖപ്പെടുത്തിത്തുടങ്ങിയ അവരുടെ കൈകൾ. അവർ വരുന്ന വൈകുന്നേരങ്ങൾക്കായി വാതിൽ തുറന്നു വെച്ചിരിക്കുന്ന ചില വീടുകൾ നഗരത്തിലുണ്ട്. തലമുറയായി പകർന്നുകിട്ടിയ ഹിന്ദിയുടെ ഉരുക്കഴിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് ഇരുട്ട് പരക്കുന്ന തെരുവിന്‍റെ ഓരം ചേർന്ന് അവർ ബീമാപ്പള്ളിയിലെ വാടകവീട്ടിലേക്ക് മടങ്ങിപ്പോകും. പക്ഷേ, ആ കാലുകൾ ഇടറാറില്ല. പുഞ്ചിരി മുഖത്തു നിന്ന് മായാറുമില്ല. മുറിപ്പെട്ട ജീവിതത്തിൻെറ നോവുകൾ ആരും കാണാതെ പൊതിഞ്ഞു നടക്കുന്നു.

ഗതകാലത്തിൻെറ പ്രൗഢഭംഗികൾ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത അവരെ നോക്കി ആരെങ്കിലും ചോദിച്ചേക്കാം: ‘‘ആരാ ആ പോകുന്നത്?’’ അറിയുന്ന ചിലർ മറുപടിയും പറഞ്ഞേക്കാം: ‘‘അറിയില്ലേ, ഒരുകാലത്ത് അറിയപ്പെടുന്ന നടിയായിരുന്നു...’’ ഇങ്ങനെയൊന്നും ജീവിക്കേണ്ടവരല്ല എന്ന മുഖവുരയോടെ പറഞ്ഞു തുടങ്ങുന്ന ജമീല മാലിക്കിന്‍റെ ജീവിതം സിനിമ പോലൊരു ഫ്ലാഷ് ബാക്കാണ്. അത് ചെന്നുനിൽക്കുക ദൃശ്യങ്ങൾ ചാടിക്കടന്നു പോകുന്ന കറുപ്പും വെളുപ്പും കാലത്തിലാണ്. ഒരു വടിയും കുത്തി ഉപ്പു കുറുക്കാൻ പോകുന്ന മഹാത്മ ഗാന്ധിയുടെ വിദൂര ചിത്രത്തിലാണ്. വാർധയിലെ ആശ്രമ മുറ്റത്താണ്.

അമ്മ എന്ന വഴി

പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ സമ്പന്നമായ കോൺട്രാക്ടറുടെ വീട്ടുമുറ്റത്തെ 15 വയസ്സുകാരിയുടെ കാൽചുവട്ടിൽ ദൃശ്യം കറങ്ങിനിൽക്കുന്നു. തങ്കമ്മ വർഗീസെന്ന് പേര്. വർഗീസിൻെറ മക്കളിൽ അഞ്ചാമത്തെയാൾ. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമാണത്. പുരോഗമന ചിന്തക്കാരായ ക്രിസ്​തീയ കുടുംബത്തിൽ വരുന്ന നേതാക്കളിൽ നിന്ന് ‘ഹിന്ദി സേവനമാണ് രാഷ്​ട്രസേവനം’ എന്ന ഗാന്ധിയുടെ ആഹ്വാനം കേട്ടപ്പോൾ തങ്കമ്മക്ക് ഹിന്ദി പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായി. മനസ്സിൽ മഹാത്​മ ഗാന്ധി എന്ന ഉറച്ച ചിത്രമായിരുന്നു. ഗാന്ധിജിക്ക് ആ പതിനഞ്ചുകാരി കത്തെഴുതി. വർധയിലെ സേവാ ഗ്രാമത്തിലേക്ക് ചെല്ലാനായിരുന്നു ക്ഷണം. 

അവിടെയെത്തിയ തങ്കമ്മ ഏതാനും ആഴ്ചകൾ ഗാന്ധിജിക്കൊപ്പം താമസിച്ചു. നെഹ്റുവിനൊപ്പം ഗാന്ധിജിയെ കാണാൻ വരുന്ന മകൾ ഇന്ദിരയെ തങ്കമ്മ കണ്ടിട്ടുണ്ട്. ജംനാലാൽ ബജാജ്, രാജാജി തുടങ്ങിയ പലരെയും നേരിൽ കണ്ടു. ഇന്ദിര ഗാന്ധിയെക്കാൾ ആറു മാസത്തിൻെറ ഇളപ്പമായിരുന്നു തങ്കമ്മക്ക്. മഹാത്മ ഗാന്ധി തന്നെയാണ് തന്‍റെ പ്രിയ ശിഷ്യയും കവിയുമായ മഹാദേവി വർമക്ക് തങ്കമ്മയെ ഏൽപിച്ചു കൊടുത്തത്. അവർ നടത്തുന്ന മഹിള വിദ്യാപീഠിൽ തങ്കമ്മ പഠിക്കാൻ ചേർന്നു. എട്ടാം ക്ലാസുകാരിയായ തങ്കമ്മ ഹിന്ദിയിൽ ഇന്നത്തെ എം.എക്ക് തുല്യമായ സരസ്വതി ഡിഗ്രി പൂർത്തിയാക്കിയാണ് പുറത്തുവന്നത്. കുറച്ചുകാലം കൂടി അവിടെ തങ്ങിയ ശേഷം അവർ തിരികെ കേരളത്തിലെത്തി. നന്നായി എഴുതാനുള്ള കഴിവുമുണ്ടായിരുന്നു തങ്കമ്മക്ക്. 

സാമൂഹിക പ്രവർത്തനത്തിൽ സജീവമായ തങ്കമ്മ പത്രാധിപരും കോൺഗ്രസുകാരനുമായ മാലിക് മുഹമ്മദിനെ പരിചയപ്പെട്ടു. അറേബ്യയിൽ നിന്ന് കൊല്ലത്തുവന്ന് കുടിയേറിയവരായിരുന്നു മാലിക്കിൻെറ പൂർവികർ. അന്ന് കൊല്ലത്തു നിന്ന് ‘മിത്രം’ എന്നപേരിൽ പുറത്തിറങ്ങിയ പത്രത്തിൻെറ ഉടമയായിരുന്നു മാലിക് മുഹമ്മദ്. പരസ്​പരം ഇഷ്​ടത്തിലായ അവർ വിവാഹിതരായി. അങ്ങനെ തങ്കമ്മ വർഗീസ്​, തങ്കമ്മ മാലിക്കായി. അവർ രണ്ടുപേരും കൊല്ലം നഗരസഭയിൽ കോൺഗ്രസിൻെറ കൗൺസിലർമാരുമായി. ഇന്ദിരയുമായുള്ള അടുപ്പം പിൽക്കാലത്ത് കേരള സന്ദർശനത്തിൽ അവരുടെ പരിഭാഷകയാക്കി തങ്കമ്മയെ. 

നാലു മക്കളിൽ മൂന്നാമത്തെയാളായിരുന്നു ജമീല മാലിക്. ജോനകപ്പുറത്ത് പിതാവിൻെറ കുടുംബം വകയായ മുഹമ്മദ് മെമ്മോറിയൽ സ്​കൂളിൽ പഠിക്കുമ്പോൾ തന്നെ മകളിൽ ഒരു കലാകാരിയുണ്ടെന്ന് അമ്മ തിരിച്ചറിഞ്ഞു. അപ്പോഴേക്കും പിതാവ് മരണപ്പെട്ടിരുന്നു. അമ്മയുടെ എഴുത്തുസിദ്ധി മകൾക്കുമുണ്ടായിരുന്നു. സ്​കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ചെമ്മീൻ സിനിമ റിലീസായി മധു എന്ന നടൻ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് ജമീലയെന്ന സ്​കൂൾകുട്ടിയെ തേടി മധുവിൻെറ മാനേജർ വന്നത്. തിരുവിതാംകൂർ രാജാവിൻെറ പിറന്നാളിൽ കൊട്ടാരത്തിൽ കളിക്കുന്ന ‘കൃഷ്ണ’ എന്ന നാടകത്തിൽ ബുദ്ധിവളരാത്ത 14കാരിയുടെ വേഷമിടണം.


സംവിധാനവും നായകവേഷവും മധുവാണ് ചെയ്തത്. നാടകം കഴിഞ്ഞപ്പോൾ രാജാവുതന്നെ സ്​റ്റേജിലെത്തി കുട്ടിയുടെ കൈപിടിച്ച് അഭിനന്ദിച്ചു. അതോടെ സിനിമയിലൊക്കെ മധുവുമായി നിൽക്കുന്ന ഫോട്ടോയും വന്നു. ഒരു മാസം കഴിഞ്ഞപ്പോൾ തൃശൂർ പൂരത്തിന് അതേ നാടകസമിതി പുറപ്പെടുമ്പോഴാണ് പൊടുന്നനെ നായിക പിന്മാറിയത്. ‘ലുബ്​ധൻ ലൂക്കോസ്​’ എന്ന നാടകത്തിൽ നായികയാകാൻ വിളിവന്നത് ജമീലക്ക്. തൃശൂരേക്കുള്ള യാത്രയിൽ വാഹനത്തിലിരുന്ന് ഡയലോഗ് പഠിച്ചു. റിഹേഴ്സൽ പോലുമില്ലാതെ മധുവിൻെറ നായികയായി അരങ്ങത്തെത്തി. അതോടെ ജമീല ഒരു നടിയാണെന്ന് അമ്മക്ക് ബോധ്യമായി.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

1969 കാലം. പത്താം ക്ലാസ്​ പാസായപ്പോൾ മകളെ അഭിനയം പഠിപ്പിക്കണമെന്ന് തങ്കമ്മ തീരുമാനിച്ചു. അപേക്ഷ അയച്ചു. സ്​ക്രീനിങ്ങും ഇൻറർവ്യൂവും പാസായി. പിന്നെ നേരേ പുണെയിലെ ടെലിവിഷൻ ആൻഡ്​ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ. രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സിന് ചേർന്നു. ദൂരദർശനൊക്കെ ജീവൻ വെച്ചുവരുന്ന കാലമായിരുന്നു അത്. പെൺകുട്ടികൾ സിനിമ അഭിനയം പഠിക്കാൻ പേകുന്നത് അത്യപൂർവമായിരുന്ന അക്കാലത്താണ് മുസ്​ലിം പെൺകുട്ടിയായ ജമീല പുണെയിലേക്ക് വണ്ടികയറിയത്. ചുളിഞ്ഞ നെറ്റികളെയൊന്നും ഗാന്ധി ശിഷ്യയായ തങ്കമ്മ വകവെച്ചില്ല. പുണെയിൽ ജമീലക്ക് സഹപാഠികളായി കിട്ടിയത് കെ.ജി. ജോർജ്, രാമചന്ദ്ര ബാബു തുടങ്ങിയ പിൽക്കാലത്തെ പ്രശസ്​തരായ സിനിമക്കാരെ. പഠനകാലത്ത് അവരുടെ ആദ്യ ഡിപ്ലോമ ചിത്രങ്ങളുടെ നായിക ജമീലയായിരുന്നു. 

‘‘കെ.ജി. ജോർജിൻെറ ആദ്യ നായിക ഞാനാണെന്ന് വേണമെങ്കിൽ പറയാം. ജോർജിന്‍റെ ആദ്യ ഡിപ്ലോമ ചിത്രത്തിന് നായിക വേഷമിട്ടത് ഞാനായിരുന്നു. രാമചന്ദ്ര ബാബു ആദ്യമായി കാമറ വെച്ചതും എ​െൻറ മുഖത്തിനു നേരെയായിരുന്നു..’ ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ജമീല ഓർമിച്ചെടുക്കുന്നു. പിൽക്കാലത്ത് ജോർജ് അറിയപ്പെടുന്ന സിനിമക്കാരനായപ്പോൾ തന്നെ ഓർത്തില്ലെന്ന സങ്കടമുണ്ട് ജമീലക്ക്. അക്കാലത്ത് പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ സ്​ഥിരം സന്ദർശകനായിരുന്നു ജോൺ എബ്രഹാം. ഒരു സഹോദരനെപ്പോലെ ജോണിന് തന്നോട് സ്​നേഹമുണ്ടായിരുന്നുവെന്ന് ജമീല പറയുന്നു. പിൽക്കാലത്ത് മദ്രാസിൽ താമസമാക്കിയപ്പോൾ അഡയാർ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ഡിപ്ലോമ ചിത്രങ്ങൾക്കും മുഖമായി മാറി ജമീല. പ്രശസ്​ത കാമറാമാൻ അഴകപ്പൻ ആദ്യം പകർത്തിയതും ജമീലയുടെ മുഖമായിരുന്നു. ഇന്നും അഴകപ്പൻ അതോർക്കുന്നു. 

പുതിയ പ്രമേയങ്ങളും പുതിയ അഭിനേതാക്കളെയും ധൈര്യപൂർവം പരീക്ഷിക്കുന്ന ഇന്നത്തെ കാലത്താണ് താൻ പഠിച്ചിറങ്ങിയതെങ്കിൽ ഇങ്ങനെയൊന്നുമാകില്ലായിരുന്നു എന്ന് ജമീല മാലിക് ആത്​മഗതം ചെയ്യുന്നു. മുഖ്യധാര സിനിമക്ക് പുറത്തെ വളപ്പിലായിരുന്ന, ബുദ്ധിജീവി സിനിമക്കാർ എന്നും ആർട്ട് സിനിമക്കാർ എന്നും വിളിപ്പേര് പതിഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകാർക്ക് സിനിമയിൽ ലഭിച്ചിരുന്നത് അത്രവലിയ സ്വീകാര്യതയായിരുന്നില്ല. ചെറിയ ചെറിയ കുറച്ച് വേഷങ്ങൾ കിട്ടിയെങ്കിലും അതൊന്നും ജമീലയിലെ അഭിനയപ്രതിഭയെ വേണ്ടവണ്ണം പ്രതിഫലിപ്പിക്കാൻ കഴിയുന്നതായിരുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് ജോൺ എബ്രഹാം സ്​ഥിരമായി പറയുമായിരുന്നു ‘നിന്നെ ഞാനെൻെറ സിനിമയിലെ നായികയാക്കും’ എന്ന്.  ‘അഗ്രഹാരത്തിൽ കഴുതൈ’ എടുക്കാൻ തീരുമാനിച്ച കാലത്ത് ജോൺ അത് മറന്നില്ല. നായികയായി ജമീല മാലിക്കിനെ തീരുമാനിച്ചു. 

‘അ​ക്ഷ​ര​വീ​ട്’​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ൻ​കാ​ല ന​ടി ജ​മീ​ല മാ​ലി​ക്കി​ന്​ ‘മാ​ധ്യ​മം’ സ​മ്മാ​നി​ക്കു​ന്ന വീ​ടിന്‍റെ ശി​ലാ​സ്​​ഥാ​പ​നം ന​ട​ൻ മ​ധു നി​ർ​വ​ഹി​ക്കു​ന്നു.
 


ഇന്നു തുടങ്ങും, നാളെ തുടങ്ങും എന്ന് കരുതിയെങ്കിലും ​പ്രോജക്​ട്​ നീണ്ടുപോയി. തുടങ്ങാൻ തീരുമാനിച്ച ദിവസങ്ങളിലൊന്നും ഷൂട്ടിങ് നടന്നില്ല. ജോണിൻെറ രീതിതന്നെ അങ്ങനെയായിരുന്നല്ലോ. ആറേഴു തവണയെങ്കിലും മുടങ്ങി. ഒരു ദിവസം ജോൺ വിളിച്ചുപറഞ്ഞു, ഇക്കുറി ഷൂട്ടിങ് ഉണ്ടാവും. അപ്പോഴാണ് ഒരു ദിവസം ജയഭാരതിയുടെ അമ്മ സാറാമ്മ കാറുമായി വന്ന് ഒരു സിനിമയുടെ കാര്യം പറയുന്നത്. േപ്രംനസീർ നായകനും ജയഭാരതി നായികയുമായ ഹരിഹരൻ സംവിധാനം നിർവഹിച്ച ‘രാജഹംസം’. ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ...’ എന്ന സൂപ്പർ ഹിറ്റ് ഗാനമടങ്ങിയ സിനിമയിൽ നല്ലൊരു വേഷം. കൊടൈക്കനാലിൽ ഷൂട്ടിങ്. അയല​െത്ത വീട്ടിൽ ഒരു കത്തെഴുതി നൽകി അവർ കാറിൽ കയറി. പക്ഷേ, അക്കുറി ജോണിൻെറ സിനിമ ഷൂട്ടിങ് തുടങ്ങി. ജമീല മാലിക് ഇല്ലാതെ. 

വെള്ളിത്തിരയിൽ

മറ്റൊരിക്കൽ എം.ജി.ആർ സംവിധായകനായ ചിത്രത്തിൽ നായികയായി ജമീലയെ സെലക്ട് ചെയ്തു. എം.ജി.ആറിൻെറ ഭാര്യ ജാനകിയും വി.ആർ. പന്തല്ലു എന്ന നിർമാതാവിൻെറ ഭാര്യ എം.വി. രാജമ്മയുമായിരുന്നു ജമീലയെ നിർദേശിച്ചത്. ‘മുധരൈ മീട്ട സുന്ദരപാണ്ഡ്യൻ’ അതായിരുന്നു സിനിമയുടെ പേര്​. നിർഭാഗ്യം ജമീലയെ അപ്പോഴും തേടിവന്നു. സാമ്പത്തികമായി തകർന്ന നിർമാതാവ് സിനിമ മറ്റൊരാളെ ഏൽപിച്ചു. ജമീലയെ മാറ്റി അവർ മറ്റൊരാളെ നായികയാക്കി. അക്കാലത്ത് തമിഴ് സിനിമയിൽ മുൻനിരയിൽ എത്താൻ എം.ജി.ആറിൻെറ നായിക വേഷം സഹായിച്ചേനെ. 

കുറെ സിനിമകൾ ചെയ്തു. ചെറുതും വലുതുമായ വേഷങ്ങൾ. റാഗിങ് എന്ന ചിത്രത്തിൽ വിൻസ​െൻറിൻെറ നായികയുമായി. നീലക്കണ്ണുകൾ, നിറമാല, ചോറ്റാനിക്കര അമ്മ, സ്വർണ മെഡൽ, ഹിന്ദിയിൽ ബാബു, അക്കൽമന്ദ്. ജയലളിതയുടെയും കെ.ആർ. വിജയയുടെയും കൂടെ കുറച്ചു തമിഴ് സിനിമകൾ. ജയ അവസാനമായി അഭിനയിച്ച ‘നദിയെ തേടിവന്ത കടൽ’ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട റോൾ. കെ.ആർ. വിജയക്കൊപ്പം ‘വെള്ളിരഥം’. ഏറ്റവും ശ്രദ്ധേയമായ വേഷം സേതുവിൻെറ ‘പാണ്ഡവപുരം’ സിനിമയാക്കിയപ്പോൾ നായികയായതാണ്. 1986ൽ ജി.എസ്​. പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചറുടെ റോൾ. പുണെയിൽ ജൂനിയറായിരുന്ന വി.ആർ. ഗോപിനാഥാണ് ജമീലയെ പണിക്കർക്ക് പരിചയപ്പെടുത്തിയത്. 

നടൻ മധുവിനൊപ്പം ജമീല മാലിക്
 


1990ൽ ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതിനിടയിൽ ആകാശവാണിയിലും ദൂരദർശനിലുമൊക്കെയായി നാടകങ്ങളും സീരിയലുകളും. ‘കയർ’ സീരിയലിലും വേഷമിട്ടു. സാമ്പത്തികമായി തളർച്ച നേരിട്ട ഘട്ടങ്ങളിൽ അമ്മ തങ്കമ്മ ട്യൂഷനെടുത്ത് മകളെയും കുടുംബത്തെയും പുലർത്തി. വിവാഹം നടന്നെങ്കിലും അത് അധികകാലം നീണ്ടില്ല. ജീവിതത്തെ നേരിടാൻ ശേഷിയില്ലാതെ തളർന്നുപോയ പ്ലസ്​ ടു വരെ പഠിച്ച മകൻ അൻസാർ മാലിക്കുമായി പിന്നെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കായി വാടകവീടുകളിലുള്ള വാസമായിരുന്നു. അതിനിടയിൽ അമ്മയുടെ മരണം. അമ്മയുടെ വഴിയിൽ ഹിന്ദി പഠിച്ചു. സാഹിത്യാചാര്യ, സാഹിത്യരത്നം കോഴ്സുകൾ ചെയ്തു. 

ട്യൂഷൻ ടീച്ചർ

ഈ വയസ്സുകാലത്തും തിരുവനന്തപുരം നഗരത്തിലെ ചില വീടുകൾ തേടിയുള്ള യാത്രയിലാണ് ജമീല മാലിക്. കുട്ടികൾക്ക് ഹിന്ദി ട്യൂഷനെടുത്ത് അഷ്​ടിക്ക് വക തേടുന്നു. ഒരു തുണ്ട് ഭൂമിയോ ഒരു കൂരയോ ഇത്രയും കാലത്തെ ജീവിതത്തിൽ അവർക്ക് സ്വന്തമാക്കാനായിട്ടില്ല. 60 വീടുകളിലെങ്കിലും മാറിത്താമസിക്കേണ്ടി വന്നു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അവശരായ കലാകാരന്മാർക്ക് മാസംതോറും നൽകുന്ന കൈനീട്ടമാണ് മറ്റൊരു ആശ്വാസം. ഏറ്റവും ഒടുവിൽ മഴവിൽ മനോരമയിൽ ‘മംഗല്യപ്പട്ട്’ എന്ന സീരിയലിൽ അഭിനയിച്ചു. ജീവിതത്തിൻെറ തിരിച്ചടികൾക്കിടയിലും അഭിനയത്തോടുള്ള ജമീലയുടെ അഭിനിവേശത്തിന് കുറവു വന്നിട്ടില്ല. ഒരു നല്ല വേഷവുമായി ആരെങ്കിലും ഇനിയും ഇതുവഴി കടന്നു വരുമെന്ന ഉറച്ച വിശ്വാസമുണ്ട്. 

അക്ഷരവീടൊരുക്കം

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജമീല മാലിക് പഠിക്കുന്ന ഏതാണ്ടതേ കാലത്താണ് പാപ്പനംകോട് നിന്ന് ബഷീർ എന്ന ചെറുപ്പക്കാരനും അവിടെ പഠിക്കാൻ ചേർന്നത്. എന്തുകൊണ്ടോ സിനിമയിലൊന്നും ബഷീർ എന്ന അതുല്യ പ്രതിഭയെ കാണാൻ കഴിഞ്ഞില്ല. എങ്കിലും പാപ്പനംകോട് ബഷീർ കലാകാരന്മാർക്കിടയിൽ അറിയപ്പെടുന്നയാളായിരുന്നു. രോഗബാധിതനായി അകാലത്തിൽ അദ്ദേഹം മരിക്കുകയും ചെയ്തു. ബഷീറിൻെറ സ്​മരണക്കായി അദ്ദേഹത്തിൻെറ കുടുംബം ചെയ്തത് പാലോട് ഗ്രാമത്തിൽ മൂന്നു സെന്‍റ് സ്ഥലം ജമീല മാലിക്കിനായി വീടുവെക്കാൻ നൽകുകയായിരുന്നു. സ്​നേഹത്തിൻെറയും ത്യാഗത്തിൻെറയും സ്​മാരകമായ ആ ഇത്തിരിമണ്ണിൽ ജമീല മാലിക്കിനായി അക്ഷരവീട് ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സാംസ്​കാരിക കേരളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamammapune film institutemadhyamam dailyMadhyamam Onlinemadhumadhyamam aksharaveedujameela malikfilm artist
News Summary - film actress and First Woman from Kerala to get degree from Pune Film Institute jameela malik
Next Story