ഒടുവിൽ അഞ്ജുവിനടുത്തേക്ക് അച്ഛൻ പുറപ്പെട്ടു
text_fieldsമനാമ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അഞ്ജുവിനടുത്തേക്ക് അച്ഛൻ പുറപ്പെട്ടു. തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രൻ 13 വർഷത്തിനുശേഷമാണ് ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. സാമൂഹിക മാധ്യമങ്ങളിലുടെയുള്ള അഞ്ജുവിെന്‍റ അഭ്യർഥനയും സാമൂഹിക പ്രവർത്തകരുടെ ഇടപെടലുമാണ് ഈ കൂടിച്ചേരലിന് വഴിയൊരുക്കിയത്. ബുധനാഴ്ച പുലർച്ചെ ചന്ദ്രൻ കുടുംബത്തിെന്‍റ സന്തോഷത്തിലേക്ക് പറന്നിറങ്ങും.
ദീർഘകാലമായി പിതാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് അച്ഛനെ കണ്ടെത്തി നൽകണമെന്ന് മകൾ അഞ്ജു ഫേസ്ബുക്കിൽ അഭ്യർഥന നടത്തിയത്. 2009 ആഗസ്റ്റ് 18ന് ബഹ്റൈനിൽ എത്തിയ ചന്ദ്രൻ പിന്നീട് നാട്ടിലേക്ക് പോയിരുന്നില്ല.
കഴിഞ്ഞ ജൂലൈയിലാണ് തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെത്തേടി മകൾ അഞ്ജു ഫേസ്ബുക്കിൽ അഭ്യർഥന നടത്തിയത്. 2009 ആഗസ്റ്റ് 18ന് ബഹ്റൈനിലെത്തിയ ചന്ദ്രൻ പിന്നീട് നാട്ടിലേക്ക് പോയില്ല. ചെറിയ ജോലികൾ ചെയ്ത് ഇവിടെത്തന്നെ കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി അവസാനിച്ചു.
മകളുടെ അഭ്യർഥന കണ്ട് സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹറഖിൽ താമസിച്ചിരുന്ന ചന്ദ്രനെ കണ്ടെത്തിയത്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ചന്ദ്രന്റെ യാത്രാരേഖകൾ ശരിയാക്കി.
ടിക്കറ്റെടുക്കാനും ചന്ദ്രന്റെ പേരിലുള്ള പിഴ അടക്കാനും ഉദാരമതികൾ സഹായിച്ചു. ചൊവ്വാഴ്ച ഉച്ചക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ ഇദ്ദേഹത്തെ യാത്രയാക്കുന്നതുവരെ സാമൂഹിക പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. അവസാന വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയായ അഞ്ജു കോളജിലെ ഫീസ് അടക്കാനും മറ്റും കടുത്ത പ്രയാസം നേരിടുകയാണ്.
നാട്ടിൽ കൊച്ചുകൂരയിൽ താമസിക്കുന്ന അഞ്ജുവിനും അമ്മക്കും പഞ്ചായത്തിൽനിന്ന് വീട് അനുവദിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അതും നഷ്ടമായി. കുടുംബത്തെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.