ഷേക്സ്പിയർ കഥകൾക്ക് ജീവൻപകർന്ന ക്ലാസ് മുറികൾ
text_fieldsജസീന ഫൈസൽ
വർഷങ്ങൾക്കിപ്പുറം, കോളജിൽ പൂർവ വിദ്യാർഥി സംഗമത്തിനെത്തിയപ്പോഴാണ് സിസ്റ്റർ മേരീ പാസ്റ്ററെ വീണ്ടും കാണുന്നത്. കണ്ടമാത്രയിൽ ഞാൻ സിസ്റ്ററെ കെട്ടിപ്പിടിച്ചു. അകാരണമായി കരഞ്ഞു. പിന്നീട് ഓർത്തുനോക്കിയപ്പോഴാണ് ആ മഹതിയായ അധ്യാപിക എന്നെ വൈകാരികമായി എത്രമാത്രം സ്വാധീനിച്ചിരുന്നെന്ന് തിരിച്ചറിയുന്നത്.
സിസ്റ്റർ മേരി പാസ്റ്റർ എന്ന ഇംഗ്ലീഷ് അധ്യാപിക കേവലമൊരു ടീച്ചറല്ല. അധ്യാപനം ഒരു കലയാണെങ്കിൽ, അതിലെ അസാമാന്യ പ്രതിഭ. ശാന്തവും സൗമ്യവും കുലീനവുമായ പെരുമാറ്റം. എല്ലാത്തിലുമുപരി ഏവരെയും തുല്യരായി കാണാനുള്ള മഹാമനസ്കത. സൗമ്യതക്കുള്ളിൽ ഇരമ്പിയാർക്കുന്ന വിജ്ഞാനത്തിന്‍റെ മഹാസാഗരം.
വിദ്യാർഥികൾ കുറ്റം ചെയ്താൽ സിസ്റ്റർ ഒരിക്കലും അവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യില്ല. പകരം അവരുടെ തെറ്റുകളിൽ സിസ്റ്റർ സ്വയം വേദനിക്കും. മറ്റുള്ളവർക്കുവേണ്ടി വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്ന ആ അധ്യാപികക്കുമുന്നിൽ ഞങ്ങൾ വിദ്യാർഥികൾ അനുസരണയുള്ളവരും നന്മചെയ്യുന്ന കുഞ്ഞാടുകളുമായി മാറി.
രാഷ്ട്രീയത്തിലും സാംസ്കാരിക മേഖലകളിലും പ്രശസ്തരായ പ്രഫ. സാവിത്രി ലക്ഷ്മണൻ, പ്രഫ. മീനാക്ഷി തമ്പാൻ എന്നീ പ്രഗത്ഭരുടെ വിദ്യാർഥിനിയാവാൻ ഭാഗ്യം ലഭിച്ചെങ്കിലും, സിസ്റ്റർ മേരി പാസ്റ്ററെ ക്ലാസ് മുറിയിൽ ആഗ്രഹിച്ചിടത്തോളം, മറ്റാരെയും ഞങ്ങൾ വിദ്യാർഥിനികൾ കാത്തിരുന്നിട്ടില്ല. അപ്രതീക്ഷിതമായി ക്ലാസ് മുറിയിലേക്ക് കയറിവരുന്ന സിസ്റ്റർക്കുമുന്നിൽ ഞങ്ങൾ ആവേശഭ
രിതരായി. അത്യുത്സാഹത്തോടെ കണ്ണും കാതും കൂർപ്പിച്ചുവെച്ചു. ഷേക്സ്പിയറുടെ 'ദ ടെംപെസ്റ്റ്' സിസ്റ്റർ പഠിപ്പിക്കുകയായിരുന്നില്ല. മറിച്ച് ക്ലാസ് മുറിയെത്തന്നെ സർഗാത്മകമായ ഒരിടമാക്കി മാറ്റുകയായിരുന്നു. പ്രോസപ്പോറയും കാലിബനും ഏരിയലുമൊക്കെ ക്ലാസ് മുറിയിൽ പുനർജനിച്ചു. നല്ലൊരു അഭിനേതാവ് കൂടിയായിരുന്ന സിസ്റ്റർ മേരി പാസ്റ്റർ, ആ വിശ്വോത്തര കഥാപാത്രങ്ങളായി മാറുന്നത് അത്യന്തം വിസ്മയത്തോടെയാണ് ഞങ്ങൾ കണ്ടത്. ക്ലാസ് മുറിയിൽനിന്ന് ആ കഥാപാത്രങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്കിറങ്ങിവന്നു.
പിന്നീട് കാലങ്ങൾക്കുശേഷം, എന്‍റെ വിദ്യാർഥികൾക്കായി 'ദ ടെംപെസ്റ്റ്' പഠിപ്പിക്കുമ്പോൾ, ഞാനും അറിയാതെ സിസ്റ്ററെ അനുകരിക്കാൻ ശ്രമിച്ചു. അന്ന്, സിസ്റ്റർ മേരി പാസ്റ്ററുടെ മുന്നിൽ വിസ്മയത്തോടെ ഇരുന്ന എന്നെപ്പോലെ, എന്‍റെ വിദ്യാർഥികളുടെ കണ്ണുകളിലും ഞാനാ തിളക്കംകണ്ടു. ജീവിതത്തിൽ അധ്യാപികയാവാനും തുടർന്ന് അതിലേക്കുള്ള കരുത്തും പിന്തുണയും എനിക്ക് ലഭിച്ചതും സിസ്റ്റർ മേരി പാസ്റ്ററിലൂടെയായിരുന്നു. ഇന്നും സിസ്റ്ററുടെ മുന്നിലിരിക്കുന്ന വിദ്യാർഥിനിയാവാനാണ് ആഗ്രഹം. ആ ചെറുവിരൽ സ്പർശനം, എന്നെ കൂടുതൽ ഉത്സാഹിയും ഉത്തേജിതയുമായ അധ്യാപികയാക്കി മാറ്റുന്നു.
ദൈവവഴിയിലൂടെ സഞ്ചരിച്ച്, സൗമ്യവും ദീപ്തവുമായ ജീവിതം നയിച്ച വ്യക്തി മാത്രമായിരുന്നില്ല സിസ്റ്റർ മേരി പാസ്റ്റർ. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അത്യഗാധമായ അവഗാഹമുണ്ടായിരുന്നു സിസ്റ്റർക്ക്. ഒരു പക്ഷേ, ആത്മീയമായ ജീവിതംകൊണ്ടു കൂടിയാകണം, സമഭാവനയോടെ സിസ്റ്റർക്ക് എല്ലാവരെയും സമീപിക്കാൻ സാധിച്ചത്. അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ചതിനുശേഷവും സിസ്റ്റർ, അനാഥ മന്ദിരത്തിലെ ഉറ്റവരും ഉടയവരുമില്ലാത്തവരുടെയിടയിൽ സേവനമനുഷ്ഠിക്കുന്നു. സിസ്റ്ററെ പരിചയപ്പെട്ട ഏതൊരാളിലും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കുളിർമ ഉറവപൊട്ടാതിരിക്കില്ല.
മറ്റൊരു അധ്യാപകദിനം കൂടി സമാഗതമാകുമ്പോൾ ഒരു ചലച്ചിത്രം എന്ന പോലെ സിസ്റ്ററുടെ ഷേക്സ്പിയർ ക്ലാസ്സുസുകൾ മുന്നിൽ തെളിയുന്നു. വല്ലപ്പോഴുമൊക്കെ ഇരിങ്ങാലക്കുടയിലെ സെന്‍റ് ജോസഫ്സ് കോളജിന് മുന്നിലൂടെ യാത്രചെയ്യുമ്പോൾ സിസ്റ്റർ മേരി പാസ്റ്ററുടെ ത്രസിപ്പിക്കുന്ന ആ ക്ലാസ് മുറി ഓർമവരും. അപ്പോൾ, വിസ്മയത്തോടെ സിസ്റ്ററെ നോക്കിയിരിക്കുന്ന ആ പഴയ വിദ്യാർഥിനിയുടെ കണ്ണുകൾ കൂടുതൽ തിളങ്ങും.
(ഖത്തർ അക്കാദമി സിദ്ര അധ്യാപികയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.