പെൺപുലരിക്കായ് ഒരു 'സന്ധ്യ'
text_fields‘‘നിങ്ങളുടെ കുറവുകളെന്ന് മറ്റുള്ളവർ പറയുന്നത് എന്തുമാകട്ടെ, 10 പേർ നിരന്നുനിൽക്കുന്നിടത്ത് നിങ്ങളെ വ്യത്യസ്തമാക്കുന്നത് അതാണ്. അതൊരിക്കലും കുറവായി കാണരുത്. കഴിവുകൾ തെളിയിച്ചു മുന്നേറണം’’. ക്യു.ബി.ജിയിലൂടെ വിജയവഴികളിലെത്തിയ സംരംഭക രാജ്ഞിമാർക്ക് പറയാനുള്ളത് ഇതുപോലെ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും കഥകളാണ്
സ്ത്രീ സ്വാതന്ത്ര്യം പല ആവർത്തി പറയുന്നതിലല്ല പ്രാവർത്തികമാക്കുന്നതിലാണ് സമൂഹത്തിന്റെ പുരോഗതി. വീട്ടിൽ മൊട്ടിട്ടൊരു സംരംഭക ആശയം ആഗോളതലത്തിൽ ശ്രദ്ധ നേടിയെങ്കിൽ അതിനുപിന്നിലെ ഒരു പറ്റം സ്ത്രീ സംരംഭകരെ നവലോകത്തിന്റെ മുഖമെന്ന് നിസ്സംശയം പറയാം. ക്യു.ബി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്വീൻസ് ബിസിനസ് ഗ്ലോബൽ എന്ന ഓൺലൈൻ കൂട്ടായ്മയിലൂടെ ഇവർ തെളിച്ചത് സ്വയംപര്യാപ്തമായ സ്വന്തം ജീവിതത്തിന്റെയും മറ്റനേകം പേരുടെ അതിജീവനത്തിന്റെയും വിജയവഴിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ക്യു.ബി.ജി. സാന്റീസ് ക്രാഫ്റ്റ് വേൾഡ് എന്നപേരിൽ സ്വന്തമായൊരു സംരംഭത്തിന് തുടക്കമിട്ട കൊടുങ്ങല്ലൂർ സ്വദേശിനി സന്ധ്യ രാധാകൃഷ്ണനാണ് ഈ വിജയത്തിന്റെ മാസ്റ്റർ ബ്രെയിൻ. അക്രിലിക്കിൽ ത്രെഡ് കൊണ്ട് കാൻവാസിൽ തുന്നിയ ചിത്രങ്ങളിലൂടെ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, 2022ലെ ലേഡി സ്മാർട്ട് അപ് അവാർഡ് എന്നിവ സന്ധ്യ കരസ്ഥമാക്കിയിട്ടുണ്ട്.
എംബ്രോയിഡറി അധ്യാപനം, മോട്ടിവേഷൻ സ്പീക്കർ എന്നിവക്കുപുറമെ സോഷ്യൽ മീഡിയ ഐക്കൺ, ടൈംസ് ഓഫ് ഇന്ത്യ ഗ്ലോറിയസ് ഫൈനലിസ്റ്റ്, ഒ.വി.എം ഫാഷൻ ക്വീൻ, മിസിസ് കേരള, മിസിസ് ടാലന്റ് എന്നീ ബഹുമതികളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു കൊച്ചു സംരംഭത്തെ ആഗോളതലത്തിൽ വളർത്താൻ പരസ്പരം താങ്ങും തണലുമായി സന്ധ്യക്കൊപ്പം നാലു പേർ കൂടിയപ്പോൾ അവർ ബിസിനസ് ക്വീൻസ് ആയി മാറുകയായിരുന്നു. അവർ വളർത്തിയെടുത്തത് 1300ൽപരം ശക്തരായ സ്ത്രീ സംരംഭകരെയും 3000ത്തിൽപരം ഉപഭോക്താക്കളെയുമായിരുന്നുവെന്ന് അറിയുമ്പോഴാണ് ‘പവർഫുൾ പീപ്ൾ കമിങ് ഫ്രം പവർഫുൾ ഹാർട്സ്’ എന്നു പറഞ്ഞുപോകുക.
വീട്ടിൽനിന്നൊരു സംരംഭക
‘ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് ചുരുങ്ങിയ രീതിയിൽ ജീവിക്കണമെങ്കിൽ വീട്ടിൽ ഒന്നിൽ കൂടുതൽ അംഗത്തിനെങ്കിലും വരുമാനം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് ജോലി എന്നത് വരുമാനമാർഗം മാത്രമല്ല, അതവരുടെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം കൂടിയാണ്.’ സന്ധ്യ പറയുന്നു. തന്റെ വഴിയെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രം നാളെ എല്ലാ സ്ത്രീകളും അവർക്ക് ചുറ്റുമുള്ള പലതരം വേലിക്കെട്ടുകൾ മറികടന്ന് വിജയത്തിലേക്ക് നടക്കും എന്ന പ്രതീക്ഷയല്ല, പകരം നൂറിൽ പത്തുപേരെങ്കിലും സ്വന്തം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിന് തന്നെ പ്രചോദനമായി ഉൾക്കൊള്ളുന്നുവെങ്കിൽ തന്റെ ആശയം വിജയിച്ചു എന്നാണ് സന്ധ്യയുടെ പക്ഷം. ഒരു ചെറിയ ഫേസ്ബുക്ക് കൂട്ടായ്മ ആഗോളതലത്തിൽ വളർന്നെങ്കിൽ അത് വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയെന്നും അഭിമാനത്തോടെ സന്ധ്യ പറയുന്നു. ഇനിയുള്ള കാലത്ത് ഞാൻ ഇല്ലാതെ നീ എങ്ങനെ ജീവിക്കുമെന്ന് കാണട്ടെ എന്ന മനോഭാവത്തോടെ സ്ത്രീകളെ സമീപിച്ചാൽ അതിനുത്തരം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കാമെന്നാണ് സന്ധ്യ പറയുന്നത്.
ക്യു.ബി.ജിയുടെ ഫൗണ്ടർ
നാലു വർഷം മുന്നേ വിവാഹം കഴിഞ്ഞ് കൊടുങ്ങല്ലൂരിൽ എത്തുമ്പോൾ മനസ്സിൽ ഒന്നുറപ്പിച്ചിരുന്നു. ഏതെങ്കിലും ജോലിയിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തണം. എന്നാൽ, സ്വന്തമായൊരു ബിസിനസ് എന്ന നിലയിലേക്കൊന്നും അന്ന് സ്വപ്നംപോലും കണ്ടിരുന്നില്ല. ഏഴു വർഷത്തെ എച്ച്.ആർ മാനേജർ ജോലി അസുഖം കാരണം മുന്നോട്ടുപോകാത്ത അവസ്ഥയും കോവിഡ് കാലത്തെ വിരസതയുമാണ് ബോട്ടിൽ ആർട്ട് ചെയ്ത് തുടങ്ങാൻ കാരണം. മറ്റുള്ളവർ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി ത്രീഡി ഇഫക്ട് നൽകിയപ്പോൾ നല്ല സ്വീകാര്യത കിട്ടി. ചെയ്തവയെല്ലാം വിറ്റുപോയി. പിന്നീടാണ് തുന്നലിലേക്ക് തിരിയുന്നത്. എത്രയൊക്കെ മാസ്റ്റർ ഡിഗ്രികൾ എടുത്താലും പെട്ടെന്നൊരു പ്രതിസന്ധി വന്നാൽ കൈത്തൊഴിൽകൊണ്ട് ജീവിക്കാം എന്ന അമ്മയുടെ വാക്കുകളായിരുന്നു പ്രചോദനം. സ്വന്തമായി ചെയ്തിരുന്ന എംബ്രോയിഡറി വർക്കുകൾക്ക് പ്രിയമേറിവന്നപ്പോഴാണ് ഓർഡറുകൾ മറ്റുള്ളവർക്കുകൂടി പങ്കുവെച്ചാലോ എന്നാലോചിച്ചത്. കിട്ടുന്ന ഓർഡറുകൾ നിരസിക്കാതെ ഇതേ രീതിയിൽ നിർമിച്ചു നൽകുന്നവരുടെ കോൺടാക്ടുകൾ ആവശ്യക്കാർക്ക് കൈമാറാമെന്ന ആശയമുദിച്ചു. സ്വന്തമായി ബിസിനസ് ചെയ്യാനാഗ്രഹമുള്ള, മത്സരത്തെ പേടിയില്ലാത്ത കസ്റ്റമേഴ്സിനെ ഷെയർ ചെയ്യാൻ താൽപര്യമുള്ളവരുണ്ടെങ്കിൽ കയറിവരൂ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അന്ന് ഉച്ചയായപ്പോൾ തന്നെ 100 പേർ വന്നു. ഇപ്പോഴത് 1300 കടന്നു. നമുക്ക് നമ്മുടെ ഉൽപന്നത്തിൽ വിശ്വാസം ഉണ്ടെങ്കിൽ മത്സരത്തെ പേടിക്കേണ്ടെന്നും ആവശ്യക്കാർ തേടിയെത്തുമെന്നുമുള്ള ആത്മവിശ്വാസവും ധൈര്യവുമായിരുന്നു അന്ന് മുന്നോട്ടുനയിച്ചത്.
കോമൺ ഫേയ്സ് നൂലുകൊണ്ട് തുന്നി എടുക്കുന്നു എന്ന് പറയുമ്പോൾ അത് പുതിയ കൺസപ്റ്റ് ആണ്. പെയിന്റിങ് കൈയിൽ കിട്ടുമ്പോൾ നൂലാണെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു എക്‌സൈറ്റ്മെന്റ് ഉണ്ടല്ലോ അതാണ് എന്റെ ബിസിനസ് സ്ട്രാറ്റജി. അക്രിലികിൽ ത്രെഡ് കൊണ്ട് കാൻവാസിൽ തുന്നുന്ന ആർട്ടിസ്റ്റുകൾ കുറവാണ്. രണ്ടുവർഷം കൊണ്ട് 150ഓളം പോർട്രെയിറ്റുകൾ ചെയ്തുകഴിഞ്ഞു. സഹസ്ഥാപകരായി രേണു ഷേണായി, ബ്ലസീന രാജേഷ്, വിദ്യ മോഹൻ, ശിൽപ എന്നിവരും കൂടെ ചേർന്നപ്പോൾ ഒരേ മനസ്സുള്ളവർ നയിച്ച ക്യു.ബി.ജി സമാനതകളില്ലാതെ വളർന്നു. അതിപ്പോഴും തുടരുന്നു -സന്ധ്യ പറയുന്നു.
കൈത്താങ്ങുമായി
സാമ്പത്തിക സ്വാതന്ത്ര്യവും ജീവിത ഭദ്രതയും എന്ന ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരുപാട് പേരെ ഗ്രൂപ്പിൽനിന്ന് പരിചയപ്പെടാൻ സാധിച്ചെന്ന് സന്ധ്യ പറയുന്നു. Resume making എന്ന അധികം ആരും അറിയാത്ത ഒരു പ്രഫഷൻ ആയിട്ടും ലക്ഷ്യത്തിലേക്ക് മുന്നേറാൻ കൂട്ടായ്മ വലിയ സഹായമാകുന്നുണ്ട്. രാജ്യത്തെ സേവിച്ച ഒരുപാട് ആർമി ഉദ്യോഗസ്ഥർക്ക് റെസ്യുമെ ചെയ്തുകൊടുക്കാൻ സാധിച്ചു എന്നത് വലിയ സന്തോഷം നൽകുന്ന ഒന്നാണ്. ക്യു.ബി.ജിയുടെ കോഫൗണ്ടർ ആയ രേണു ഷേണായി പറയുന്നു. ‘നമുക്കു ചുറ്റും കാണുന്ന സ്ത്രീകൾ പലരും പല ജീവിതപ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുന്നവരാണ്, അവരെയെല്ലാം നേരിട്ട് സാമ്പത്തികമായി സഹായിക്കാൻ നമ്മൾക്കോരോരുത്തർക്കും പരിമിതികൾ ഉണ്ടാകും. അവർക്കുവേണ്ട ഒരു ജീവിതമാർഗം കണ്ടെത്തിക്കൊടുക്കുക, അവരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നു എന്ന് നമ്മുടെ സ്ത്രീകൾ പറയുമ്പോൾ വല്ലാത്തൊരു സംതൃപ്തിയും അഭിമാനവുമാണ്.’ ക്യു.ബി.ജി യുടെ കോ ഫൗണ്ടറും, എംബ്രോയിഡറി ആർട്ടിസ്റ്റ് കൂടിയായ ബ്ലസീന രാജേഷ് പറയുന്നു. ഒറ്റപ്പെടുന്നവർക്കും വൈവിധ്യമാർന്ന ജീവിത സാഹചര്യങ്ങളിലൂടെ നടന്നുകേറുന്നവർക്കും ജീവിതത്തിലേക്ക് മുന്നേറാൻ പ്രചോദനവും കൈത്താങ്ങും ധൈര്യവുമാണ് ഈ കൂട്ടായ്മ എന്ന് ക്യു.ബി.ജിയുടെ കോ-ഫൗണ്ടറും റഷ് വിസ് Rashvi’z എന്ന ക്ലോത്തിങ് ബ്രാൻഡ് ഓണറുമായ വിദ്യ മോഹൻ കൂട്ടിച്ചേർക്കുന്നു.
ജോലികൾ പലത്
കോവിഡ് കാലത്ത് സ്വന്തമായി ജീവിതമാർഗം കണ്ടെത്തിയ നിരവധി സ്ത്രീകൾ ഇന്ന് ഈ കൂട്ടായ്മയുടെ ഭാഗമാണ്. പല ജോലികൾ ചെയ്യുന്നവരുണ്ട്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നൂലിലെ ചിത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്നവർ, കേക്കുണ്ടാക്കുന്നവർ, ബോട്ടിൽ ആർട്ട് ചെയ്യുന്നവർ, റെസ്യുമെ തയാറാക്കുന്നവർ, ഫോട്ടോഗ്രാഫേഴ്സ്, ട്രാവൽ ഗൈഡ്സ്, വക്കീൽ, കൗൺസിലർമാർ അങ്ങനെയങ്ങനെ പലർ. പരസ്പര സഹകരണമെന്ന ആശയം കൂടി ഇവിടെ പ്രാവർത്തികമാകുന്നുണ്ട്. നിർമിക്കുന്ന ഉൽപന്നങ്ങൾ ചെലവായില്ലെങ്കിലും 1300 പേർ പരസ്പരം വാങ്ങിയാൽ തന്നെ ആ പ്രശ്നത്തിന് പരിഹാരമാകും. ഓരോരുത്തരും ഓരോരോ ബ്രാൻഡായി മാറുകയാണ് ഇവിടെ. സ്വയം വളരുക ഒപ്പമുള്ളവരെ വളർത്തുക എന്നതാണ് നയം. സ്വന്തമായി ഒന്നും നിർമിക്കാൻ അറിയാത്തവരാണെങ്കിൽ അവരെയും കൈവിടാതെ ചേർത്തുനിർത്തും. അവർക്ക് അതിജീവനത്തിനുള്ള വഴികാട്ടിയാകും.
ആക്ഷേപങ്ങൾക്ക് മറുപടി
സൗഹൃദത്തിന്റെ പേരിൽ പോലും ബോഡി ഷേമിങ് ഒളിച്ചുകടത്തുന്നവരാണ് പലരും. പൊക്കവും വണ്ണവും മാനദണ്ഡമാക്കിയുള്ള സൗന്ദര്യസങ്കൽപങ്ങളിൽ വിശ്വസിക്കുന്നവരുണ്ട് ഇന്നും. കുഞ്ഞുന്നാളിലേ മെലിഞ്ഞിരിക്കുന്നതുകൊണ്ടും ചുരുണ്ടമുടി കാരണവും നേരിട്ട പരിഹാസങ്ങൾക്ക് മിസിസ് കേരള മത്സരത്തിൽ ടൈറ്റിൽ വിന്നറായാണ് സന്ധ്യ മറുപടി നൽകിയത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഗ്ലോബ് ഗ്ലോറിയസ് ഇവന്റിൽ ഇന്ത്യയിൽ നിന്നുള്ള 1500 പേരിൽ അവസാന 16ൽ എത്താനായതും ഒ.വി.എം ഫാഷൻ ക്വീൻ നടത്തിയ മിസ് കേരളയിലെ സെക്കൻഡ് റണ്ണറപ് ആയതും ശരീരത്തിലൂടെയല്ല കഴിവുകളിലൂടെ തിരിച്ചറിയപ്പെടണം എന്ന വാശി കൊണ്ടാണ്. ‘പൊങ്ങിനിൽക്കുന്ന കഴുത്തെല്ലുകൾ നോക്കി സ്നേഹത്തോടെ തന്നെയെങ്കിലും ഒരു ചുറ്റികകൊണ്ട് അത് അടിച്ച് താഴ്ത്താൻ പറ്റുമെങ്കിൽ എന്ന് അമ്മ പറയാറുണ്ടായിരുന്നു. പിന്നീട് വളർന്നുവന്നപ്പോൾ ആ എല്ലുകൾ ഷാൾ കൊണ്ട് മറയ്ക്കാൻ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ മെലിഞ്ഞിരിക്കുന്നുവെന്ന അന്വേഷണത്തിനൊടുവിൽ അൾസറേറ്റിവ് കോളേറ്റ്സ് എന്ന രോഗമാണ് കാരണം എന്ന് തിരിച്ചറിഞ്ഞു. അതിനെ അംഗീകരിച്ചു.
ഒരു കാലത്ത് കുറവായി കരുതിയിരുന്ന ഷാൾകൊണ്ട് മറച്ചുെവച്ച എല്ലുകളാണ് പിന്നീട് ഫാഷൻ ഇൻഡസ്ട്രികളിൽ കൂടുതൽ ശ്രദ്ധേയയാക്കിയത്, നേർത്ത കൈകളാണ് വരുമാനമുണ്ടാക്കാൻ സഹായിക്കുന്നത്.’ സന്ധ്യ പറയുന്നു. നിങ്ങളുടെ കുറവുകളെന്ന് മറ്റുള്ളവർ പറയുന്നത് എന്തോ ആകട്ടെ 10 പേർ നിരന്നുനിൽക്കുന്നിടത്ത് നിങ്ങളെ വ്യത്യസ്തമാക്കുന്നത് അതാണ്. അതൊരിക്കലും കുറവായി കാണരുത്. കഴിവുകൾ തെളിയിച്ചു മുന്നേറണം. സന്ധ്യ പറയുന്നു. ക്യു.ബി.ജിയിലൂടെ വിജയവഴികളിലെത്തിയ സംരംഭക രാജ്ഞിമാർക്ക് പറയാനുള്ളത് ഇതുപോലെ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും കഥകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.