പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ
text_fieldsലോക വനിതാദിനത്തിന്റെ ഭാഗമായി ചാള്സണ് സ്വിമ്മിങ് അക്കാദമി പെരുമ്പ പുഴയില്‍ സംഘടിപ്പിച്ച വനിതാദിന സന്ദേശ നീന്തലിൽ പങ്കെടുത്തവർ പരിശീലകന് ഡോ. ചാള്സണ് ഏഴിമലക്കൊപ്പം
കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര് സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്സണ് സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.
നീന്തല്‍ പരിശീലകന് ഡോ. ചാള്സണ് ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്ഡൻ വില്യംസ് ചാള്സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.
കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്ലാൻഡ് ഇന്റര്‍നാഷനല്‍ സ്പോട്സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്സണ് സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.
കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.
മാസ്റ്റേഴ്സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന് ചാള്സണ് ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.