കുട്ടികളെ കളിപ്പിച്ച് ഇംഗ്ലീഷ് പഠിപ്പിക്കാൻ ഫ്രഞ്ച് അധ്യാപിക
text_fieldsബാലുശ്ശേരി: കുട്ടികളെ കളിപ്പിച്ച് ഇംഗ്ലീഷ് പഠിപ്പിക്കാനായി ഫ്രഞ്ച് വിദ്യാഭ്യാസ വിദഗ്ധയായ സാൻഡ്രിൽ ജോംഗറെ തൃക്കുറ്റിശ്ശേരിയിലെത്തി. സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്കൂളിൽ നടന്ന ലിവ് ഇൻ ഇംഗ്ലീഷ് ഏകദിന ക്യാമ്പിൽ ക്ലാസെടുക്കാനെത്തിയതായിരുന്നു അവർ.
ഫ്രഞ്ചുകാരിയായ സാൻഡ്രിലിനൊപ്പം മക്കളായ മിയ, വിദ്യ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. കേരളത്തിലെ കുട്ടികൾ വ്യാകരണത്തിന് അമിത പ്രാധാന്യം നൽകുന്നതുകൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കാനും ക്ലാസിൽ കൂട്ടുകാരോട് ഇതേ ഭാഷയിൽ ആശയവിനിമയം നടത്താനും കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്.
ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം കൂടുതലായതും ഭാഷ പഠനത്തിന് തടസ്സമാകുന്നുണ്ടെന്നു അവർ പറഞ്ഞു. പതിനേഴാം വയസ്സിൽതന്നെ യോഗയിലും നൃത്തത്തിലും വൈദഗ്‌ധ്യം നേടി എല്ലാ ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച സാൻഡ്രിൽ പത്തുവർഷങ്ങൾക്കു മുമ്പാണ് കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇപ്പോൾ പാലക്കാട്ടാണ് കുടുംബസമേതം താമസിക്കുന്നത്. കളിപ്പാട്ട നിർമാണങ്ങളിലൂടെയും ആകർഷകമായ കഥകളിലൂടെയും കളികളിലൂടെയുമാണ് ഈ അമ്പത്തിയൊന്നുകാരി കുട്ടികളെ പഠനപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത്. സാർവത്രിക വിദ്യാഭ്യാസത്തിൽ കേരളം മെച്ചമാണെന്നും ക്യാമ്പ് മികച്ച അനുഭവമാണെന്നും ഇവിടത്തെ കുട്ടികളുടെ പരിമിതികളും സാധ്യതകളും മനസ്സിലാക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു.
ഔട്ട് ഓഫ് സിലബസ് മാസ്റ്റർ ട്രെയിനർ എൻ.കെ. ബാലൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുധീർ രാജ്, ചന്ദ്രഹാസൻ മാസ്റ്റർ, നിശാന്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.