ഫാക്ടറി തൊഴിലാളിയിൽനിന്ന് ഇന്ത്യൻ സ്കൂൾ ബസ് ഡ്രൈവറിലേക്ക് മോസ അൽ ഹസാനി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബസിന്റെ ഡ്രൈവിങ് സീറ്റിൽ സ്വദേശി വനിത. മുൻ ഡ്രൈവിങ് ഇൻസ്ട്രക്ടറായ മോസ അൽ ഹസാനിയാണ് ഇന്ത്യൻ സ്കൂൾ ഗൂബ്രയുടെ ബസിന്റെ സ്റ്റിയറിങ് പിടിക്കുന്നത്. ഇന്ത്യൻ സ്കൂൾ ബസ് ഓടിക്കുന്ന ആദ്യ ഒമാനി വനിതയാണിവർ. ഒമാനി സ്ത്രീകൾക്ക് വിവിധ മേഖലകളിൽ വർധിച്ചുവരുന്ന അവസരങ്ങളെ അടയാളപ്പെടുത്തുന്നതാണ് മോസ അൽ ഹസാനിയുടെ നിയമനം.
ബൗഷറിൽ താമസിക്കുന്ന മോസ ഇപ്പോൾ 15 മുതൽ 24 വരെ സീറ്റുകളുള്ള ബസുകളിൽ വിദ്യാർഥികളെയും അധ്യാപകരെയും മസ്കത്തിലുടനീളം സുരക്ഷിതമായി എത്തിക്കുന്നുണ്ട്. ഇവരുടെ സേവനത്തിൽ സ്കൂൾ അധികൃതരും സംതൃപ്തിയാലാണ്.
‘പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച ഞാൻ ഉപജീവനത്തിനായി 20ാം വയസ്സിൽ ജോലി ചെയ്തു തുടങ്ങി. ഗാല ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലായിരുന്നു ജോലി. ഇതിനുശേഷമാണ് എനിക്ക് ഡ്രൈവിങ്ങിനോടാണ് അഭിനിവേശമെന്ന് തിരിച്ചറിഞ്ഞത്. ഇന്ന്, കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി എത്തിക്കുന്നതിൽ അഭിമാനമുണ്ട്’-പ്രാദേശിക മാധ്യമത്തോട് മോസ പറഞ്ഞു.
സ്വദേശിവത്കരണത്തെയും സ്ത്രീ ശാക്തീകരണത്തെയും പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) പ്രസിഡന്റ് റയീസ് അഹമ്മദ് പറഞ്ഞു. തടസ്സങ്ങൾ തകർത്ത് മുന്നോട്ടുപോയി വിജയം കൈവരിക്കുന്നതിന്റെ തെളിവാണ് മോസയുടെ നിയമനമെന്ന് സ്കൂൾ പ്രിൻസിപ്പലായ പാപ്രി ഘോഷും അഭിപ്രായപ്പെട്ടു.
ഫാക്ടറി തൊഴിലാളിയിൽനിന്ന് ബസ് ഡ്രൈവറിലേക്കുള്ള മോസയുടെ യാത്ര അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും സ്വപ്നങ്ങൾ പിന്തുടരാൻ മോസയുടെ വിജയകഥ ഒമാനി യുവാക്കളെ ച്രചോദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.