സുവർണ മല്ലിക
text_fieldsസിനിമാ ജീവിതത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ പിന്നിട്ട വഴികളെയും വഴിത്തിരിവുകളെയും കുറിച്ച്, വെല്ലുവിളികളെക്കുറിച്ച്, പുതിയ കാലത്തെ സിനിമയെക്കുറിച്ച് മല്ലിക മനസ്സുതുറക്കുന്നു
‘ഉത്തരായനം’ മുതൽ ‘ക്വീൻ എലിസബത്ത്’ വരെ നീളുന്ന അരനൂറ്റാണ്ടിൽ 150നടുത്ത് ചിത്രങ്ങൾ. 30ലധികം പരമ്പരകൾ. സിനിമകളുടെ എണ്ണത്തിലല്ല കഥാപാത്രങ്ങളുടെ കരുത്തിലാണ് തന്നിലെ നടിയുടെ ശക്തി താൻ തിരിച്ചറിയുന്നതെന്നാണ് മല്ലികയുടെ പക്ഷം. ഇക്കാലത്തിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പമെല്ലാം പ്രവർത്തിച്ചു. സത്യൻ ഒഴികെ പ്രധാന താരങ്ങൾക്കൊപ്പം അഭിനയിച്ചു. രണ്ടാമത്തെ ചിത്രത്തിൽതന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. പിന്നെയും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, പുരസ്കാരങ്ങൾ. അഭിനയത്തിന് പുറമെ സഹ സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ, ഡബിങ്, ആലാപനം എന്നിങ്ങനെ സിനിമയിലെ മറ്റ് വേഷങ്ങളിലും മല്ലിക തിളങ്ങി.
അഭിനയ ജീവിതത്തിൽ അമ്പത് വർഷം പിന്നിടുകയാണ് മല്ലിക സുകുമാരൻ. സിനിമാ ലോകത്തുനിന്നും റീ ടേക്കുകളില്ലാത്ത യഥാർഥ ജീവിതത്തിലേക്കെത്തുമ്പോൾ നടൻ സുകുമാരന്റെ ജീവിത പങ്കാളിയായും താര സഹോദരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായും മല്ലിക മാറുന്നു. ആരെയും കൂസാത്ത അമ്മവേഷങ്ങൾ മല്ലിക സുകുമാരൻ അഭ്രപാളിയിൽ കുറിച്ചുവെച്ചു. അതേ അഭിനയംകൊണ്ടു തന്നെ ചിലപ്പോഴൊക്കെ പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിച്ചു.
അഭിമാനം, അനുഭവം, മോഹിനിയാട്ടം, ഞാവൽപ്പഴങ്ങൾ, സിന്ദൂരം, അവൾ ഒരു ദേവാലയം, മദനോത്സവം, ഏതോ ഒരു സ്വപ്നം, വയനാടൻ തമ്പാൻ, ഉത്രാടരാത്രി, മകൻ എന്റെ മകൻ, മേഘസന്ദേശം, അമ്മക്കിളിക്കൂട്, റോമിയോ, ഛോട്ടാ മുംബൈ, കുട്ടനാടൻ മാർപ്പാപ്പ, ബ്രോ ഡാഡി... സ്വതഃസിദ്ധമായ അഭിനയംകൊണ്ട് മല്ലിക ശ്രദ്ധേയമാക്കിയ വേഷങ്ങളും ഈ ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു. 70ലെത്തിയ മല്ലികയുടെ അമ്മ വേഷങ്ങളെയും അമ്മായിയമ്മ വേഷങ്ങളെയും തേടി സിനിമകളും സീരിയലുകളും ഇപ്പോഴും എത്തുന്നു. ചെറുതെങ്കിലും പ്രേക്ഷകർ ഓർത്തുവെക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതാണ് ആഗ്രഹം. സിനിമാ ജീവിതത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ പിന്നിട്ട വഴികളെയും വഴിത്തിരിവുകളെയും വെല്ലുവിളികളെയും പുതിയ കാലത്തെ സിനിമയെയും കുറിച്ച് മല്ലിക മനസ്സ് തുറക്കുന്നു...
സിനിമയിലേക്ക്
സാഹിത്യ, കലാ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന കൈനിക്കര കുമാരപിള്ളയുടെയും കൈനിക്കര പത്മനാഭ പിള്ളയുടെയും ഇളയ സഹോദരനാണ് എന്റെ അച്ഛൻ കൈനിക്കര മാധവൻ പിള്ള. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഞാൻ നാടകത്തിലും കഥാപ്രസംഗത്തിലുമെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പിന്നീട് ആ സമയത്തെ അപക്വമായ ചില തീരുമാനങ്ങൾമൂലം ജീവിതത്തിൽ പ്രതിസന്ധിയുടെ ഒരു ഘട്ടം വന്നുചേർന്നു. ഒറ്റപ്പെട്ടുപോയ അവസ്ഥ. ആരെയും കുറ്റപ്പെടുത്താനില്ല. അന്ന് ഞാൻ കോഴിക്കോടാണ് താമസം. മറ്റുള്ളവരെ ആശ്രയിച്ച് കഴിയണമായിരുന്നു. ആ പ്രത്യേക സമയത്ത് ജീവിക്കാൻ ഒരു വരുമാനമാർഗം ആവശ്യമാണെന്ന് തോന്നി.
തിക്കോടിയന്റെ തിരക്കഥയിൽ ‘ഉത്തരായനം’ എന്ന സിനിമയെടുക്കുന്നതായി അറിഞ്ഞു. തിക്കോടിയൻ സാറിന് എന്നെയും വല്യച്ഛൻമാരെയുമെല്ലാം അറിയാമായിരുന്നു. അദ്ദേഹമാണ് എന്നെ അരവിന്ദൻ സാറിന് പരിചയപ്പെടുത്തിയത്. സിനിമയുടെ ബാലപാഠംപോലും അറിയില്ല. എങ്കിലും ഞാൻ അഭിനയിച്ചു. അതുകഴിഞ്ഞ് മദ്രാസിലെത്തി. തുടർന്ന്, ഹമീദ് കാരശ്ശേരിയുടെ കാർത്തികവിളക്ക്, കെ.ജി. ജോർജിന്റെ ‘സ്വപ്നാടനം’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
‘സ്വപ്നാടന’ത്തിലെ അഭിനയത്തിന് റാണി ചന്ദ്രക്ക് മികച്ച നടിക്കും എനിക്ക് രണ്ടാമത്തെ നടിക്കുമുള്ള അവാർഡ് ലഭിച്ചു. അതോടെ, ഞാൻ ശ്രദ്ധിക്കപ്പെട്ടു. നല്ല വേഷങ്ങൾ ലഭിച്ച് തുടങ്ങി. പ്രശസ്തരായ പല സംവിധായകരും അവസരങ്ങൾ തന്നു.
ജീവിതത്തിലേക്ക് സുകുമാരൻ
സുകുമാരൻ എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതംതന്നെ മറ്റൊന്നാകുമായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായ തീരുമാനം എടുക്കേണ്ടിവന്നതിനാൽ ഞാൻ അഞ്ച് വർഷത്തോളം സിനിമയുമായി അവരിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു.
വീട്ടിൽ പോകണം, അച്ഛനെയും അമ്മയെയും കാണണം, ഇങ്ങനെ ഒറ്റക്ക് ജീവിച്ചാൽ ശരിയാവില്ല എന്നെല്ലാം ഉപദേശിച്ചത് സുകുമാരനാണ്. അദ്ദേഹത്തിന്റെ കാറിലാണ് വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കണ്ടത്. ശ്രീകുമാരൻ തമ്പിയുടെ സിനിമയിൽ അഭിനയിക്കുന്ന സമയമായിരുന്നു. തമ്പിച്ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻകൂടിയാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം അദ്ദേഹം കൂടെനിന്നിട്ടുണ്ട്.
‘അവളുടെ രാവുകളു’ടെ സെറ്റിൽവെച്ചാണ് സുകുവേട്ടനെ അടുത്ത് പരിചയപ്പെട്ടത്. കാര്യങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു. ‘കാത്തിരുന്ന നിമിഷം’, ‘നിഴലേ നീ സാക്ഷി’, ‘കുടുംബം നമുക്ക് ശ്രീകോവിൽ’ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. സുകുവേട്ടന്റെ സഹോദരി എന്റെ കൂട്ടുകാരിയായിരുന്നു. കോട്ടൺഹിൽ സ്കൂളിൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. സുകുമാരൻ വിവാഹത്തെക്കുറിച്ച് എന്റെ അച്ഛനും അമ്മയുമായി നേരിട്ട് സംസാരിക്കുകയായിരുന്നു. അവർക്കും എതിർപ്പുണ്ടായിരുന്നില്ല.
അഭിനയത്തിന് ഒരു ഇടവേള
സുകുവേട്ടനുമായുള്ള വിവാഹത്തിനുശേഷമാണ് ഞാൻ സിനിമയിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി കുടുംബത്തിൽ ഒതുങ്ങി. നന്നായി ജീവിച്ച് കാണിച്ചുകൊടുക്കണമെന്ന വാശി എനിക്കുണ്ടായിരുന്നു. സുകുവേട്ടൻ മരിച്ചപ്പോൾ ജീവിതം തീർന്നെന്ന് വിചാരിച്ചു. പക്ഷേ, ആത്മഹത്യയെക്കുറിച്ചൊന്നും ചിന്തിക്കുന്ന ആളല്ല ഞാൻ. മുമ്പും ഭീഷണികൾക്കു മുന്നിലൊന്നും തളർന്നിട്ടില്ല. സാമ്പത്തികമായി സുകുവേട്ടന് വളരെ കരുതലുണ്ടായിരുന്നു.
ആരെയും ആശ്രയിക്കേണ്ട അവസ്ഥ അദ്ദേഹം ഉണ്ടാക്കിവെച്ചിരുന്നില്ല. ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിൽ ഒരുപാടു പേർ മനസ്സറിഞ്ഞ് സഹായിച്ചു. ഒട്ടേറെ പ്രതിസന്ധികളുണ്ടായി. അതിൽനിന്നെല്ലാം കരകയറണമെന്ന് ആഗ്രഹിച്ചു. മക്കളെ നന്നായി വളർത്തുമെന്ന് അദ്ദേഹത്തിന് ഞാൻ കൊടുത്ത വാക്കാണ്. അവരെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. അതിലെല്ലാം ചാരിതാർഥ്യമുണ്ട്.
തിരിച്ചുവരുന്നു
‘മേഘസന്ദേശം’ എന്ന സിനിമയിലൂടെയും ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെയുമാണ് 15 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ്. തിലകനും ജയഭാരതിയുമെല്ലാം ആ സീരിയലിൽ ഉണ്ടായിരുന്നു. ഓരോന്ന് ആലോചിച്ച് വെറുതെ വീട്ടിലിരുന്നാൽ അസുഖം വരുമെന്നും ഇതൊരു നല്ല ഓപണിങ് ആണെന്നും പറഞ്ഞത് മക്കളാണ്. അവരുടെ നിർബന്ധവും തിരിച്ചുവരവിന് കാരണമായി. പിന്നീട് ഒട്ടേറെ സീരിയലുകളിലേക്കും സിനിമകളിലേക്കും ഓഫർ വന്നു.
അന്നും ഇന്നും സിനിമ
കാലാനുസൃതമായ മാറ്റം അഭിരുചികളിലും ചിന്തകളിലും വന്നിട്ടുണ്ട്. അന്ന് സിനിമയിൽ ഉണ്ടായിരുന്ന കൂട്ടായ്മയും അടുപ്പവും ഇന്നില്ല. നസീർ സാർ വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം സെറ്റിൽ എല്ലാവരും പങ്കിട്ട് കഴിക്കുന്നതൊക്കെ നല്ല ഓർമകളാണ്. അന്ന് സിനിമ ഒരു കുടുംബംപോലെയായിരുന്നു. സിനിമ സ്വന്തം ചോറാണെന്ന ചിന്തയുണ്ടായിരുന്നു. പഴയ നായികമാരുടെ കമിറ്റ്മെന്റ് ഇന്ന് പലർക്കുമില്ല. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമായാണ് ചിലർ സിനിമയെ കാണുന്നത്.
നായികയാകാൻ നടക്കുന്നവരാണ് വിവേചനം നേരിട്ടെന്നൊക്കെ പറയുന്നത്. എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. അവാർഡ് കിട്ടിയില്ലെന്ന് കരുതി സങ്കടപ്പെടേണ്ട കാര്യമില്ല. അത് ജഡ്ജിങ് കമ്മിറ്റിയിലെ ഏഴോ എട്ടോ പേരുടെ തീരുമാനമാണ്. കേരളത്തിലെ മുഴുവൻ പ്രേക്ഷകരുടെയും തീരുമാനമല്ല. മലയാളം നന്നായി സംസാരിക്കാൻ അറിയാത്തവർക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകരുതെന്ന അഭിപ്രായംതന്നെയാണ് എനിക്ക്. ചിലർ പറയുന്നത് മലയാളമാണോ ഇംഗ്ലീഷാണോ എന്നുപോലും തിരിച്ചറിയാനാവുന്നില്ല. സൂപ്പർതാരങ്ങളുടെ ആധിപത്യമെന്ന് പറയുന്നതിലൊന്നും കാര്യമില്ല. ജനം അംഗീകരിക്കുന്നിടത്തോളം അവർ സൂപ്പർതാരങ്ങളാണ്. അതിനെ കുറ്റപ്പെടുത്താനാവില്ല.
പൃഥ്വിയുടെ ആടുജീവിതം
സിനിമക്കുവേണ്ടി അവൻ ശരീരഭാരം 30 കിലോ കുറച്ചതൊക്കെ അവസാനമാണ് ഞാൻ അറിഞ്ഞത്. എന്നോടൊന്നും പറഞ്ഞിരുന്നില്ല. ലൊക്കേഷനിൽനിന്ന് ഫോട്ടോകളൊന്നും എനിക്കയക്കാതിരിക്കാൻ ശ്രദ്ധിച്ചു. വലിയൊരു റിസ്കാണ് അവൻ എടുത്തത്. ഡോക്ടർമാർ പറഞ്ഞിട്ടുപോലും കേട്ടില്ല.
സുകുമാരന്റെ ഇടതുപക്ഷം; മല്ലികയുടെ രാഷ്ട്രീയം
എന്റെ അച്ചനും അച്ഛന്റെ കുടുംബവും ഗാന്ധിയൻമാരായിരുന്നു. എനിക്ക് രാഷ്ട്രീയത്തിലിറങ്ങാനൊന്നും താൽപര്യമില്ല. നല്ല കാര്യങ്ങൾ ആര് ചെയ്താലും ഞാൻ നല്ലത് പറയും. പാർട്ടി തീരുമാനങ്ങൾ മുഴുവൻ സർക്കാർ നടപ്പാക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ എല്ലാത്തിലും രാഷ്ട്രീയമാണ്. ഇക്കാര്യത്തിൽ കരുണാകരൻ സാറിനെ നമ്മൾ കണ്ടു പഠിക്കണം. ഇത്രയും പൊളിറ്റിക്കൽ കരിസ്മയുള്ള നേതാവ് വേറെയില്ല. സുകുമാരൻ എന്ന പഴയ എസ്.എഫ്.ഐക്കാരനെ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാക്കാൻ അദ്ദേഹം ആരെയും പേടിച്ചില്ല. പാർട്ടി പഴയതിൽനിന്ന് വ്യതിചലിച്ചുപോകുന്നു എന്നൊക്കെ സുകുമാരൻ ഇടക്ക് പറയുമായിരുന്നു.
അമ്പത് വർഷം, തിരിഞ്ഞുനോട്ടം
മുൻനിര സംവിധായകരുടെ ചിത്രങ്ങളിലെല്ലാം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി. നായികയാകാൻ ഞാൻ ഓടിനടന്നിട്ടില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അധിക വരുമാനമാകുമല്ലോ എന്ന് കരുതിയാണ് അക്കാലത്ത് അസിസ്റ്റന്റ് ഡയറക്ടറായും പ്രൊഡക്ഷൻ കൺട്രോളറായും ഡബിങ് ആർട്ടിസ്റ്റായുമൊക്കെ പ്രവർത്തിച്ചത്. സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാനും അത് സഹായിച്ചു.
എന്റെ വേഷങ്ങൾ പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. പത്ത് സീനാണെങ്കിലും കഥാപാത്രം പ്രേക്ഷകന്റെ മനസ്സിലുണ്ടാകണം. ‘സ്വപ്നാടനം’, ‘അനുഭവം’, ‘വയനാടൻ തമ്പാൻ’ എന്നിവയിലൊക്കെ മികച്ച വേഷങ്ങളായിരുന്നു. എങ്കിലും നല്ല വേഷങ്ങൾ കുറച്ചുകൂടി കിട്ടാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘ടർബോ’യിലേക്ക് ഒരു മാസത്തെ ഡേറ്റ് ചോദിച്ചിരുന്നു. കാലിന് നീരും പ്രശ്നങ്ങളുമായതിനാൽ പോകാനായില്ല. അതൊരു വലിയ നിരാശയാണ്.
എന്നെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും ആക്ഷേപങ്ങളുമെല്ലാം കാണാറുണ്ട്. അതിലൊന്നും വിഷമമില്ല. പ്രളയകാലത്ത് ചെമ്പുപാത്രത്തിൽ പോയത് ചിലർ മൊബൈലിൽ പകർത്തി ട്രോളുകളാക്കി ആഘോഷിച്ചു. അന്ന് തിരുവനന്തപുരത്ത് ഞാൻ താമസിച്ചിരുന്ന സ്ഥലത്തെ സാഹചര്യം അതായിരുന്നു. ഞാൻ നിമിത്തം അതിനൊരു മാറ്റമുണ്ടായി. രാഷ്ട്രീയത്തിലും സിനിമയിലും ആരോപണങ്ങൾകൊണ്ട് മൂടാനാണ് എല്ലാവർക്കും ഇഷ്ടം. നല്ലത് ആരും കാണില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.