ഹേഗ് യാങ്ങിെൻറ സോണിക് പ്ലാനറ്റോറിയം
text_fieldsഎക്സ്പോ 2020 ദുബൈയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് സമകാലീന കലകൾക്ക് നൽകുന്ന പ്രധാന്യം. ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ട കലാരൂപങ്ങളെല്ലാം മേളയുടെ വ്യത്യസ്ത വേദികളിലെത്തിക്കാൻ സംഘാടകർ ശ്രമിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ആദ്യ വിശ്വമേളക്ക് മാറ്റുകൂട്ടാൻ നഗരിയിൽ നിരവധിയായ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. പബ്ലിക് ആർട് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന തെരുവ് ശിൽപങ്ങൾ ഏവരെയും ആകർഷിക്കുന്നതാണ്. ലോകോത്തര ശിൽപികളാണ് ഇവയിൽ പലതിന്റെയും ബുദ്ധികേന്ദ്രമെന്നത് പല സന്ദർശകർക്കും അറിയില്ലെന്നത് യാഥാർഥ്യമാണ്. ഒലാഫുർ എലിയസൺ, നാദിയ കഅബി-ലിംഗെ, ഖലീൽ റബാഹ്, യിൻക ഷോണിബാർ, ഹേഗ് യാങ്, ഹംറ അബ്ബാസ്, അഫ്ര അൽ ദാഹിരി, ശൈഖ അൽ മസ്റൂഅ്, അബ്ദുല്ല അൽ സഈദി, അസ്മ ബെൽഹമർ തുടങ്ങി അറബ് ലോകത്തെയും പുറത്തെയും എണ്ണമറ്റ കലാകാരൻമാർ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്.
ശിൽപങ്ങളുടെ വളരെ പ്രധാന സവിശേഷത അറബ് ലോകത്തെ വൈഞ്ജാനിക ചരിത്രവുമായി ബന്ധപ്പെടുത്തിയാണിത് തയാറാക്കിയതെന്നതാണ്. 11ാം നൂറ്റാണ്ടിലെ പ്രഗൽഭ അറബ് ശാസ്ത്രഞ്ജൻ ഇബ്നുൽ ഹൈതമിന്റെ 'ബുക് ഓഫ് ഒപ്റ്റിക്' അടിസ്ഥാനമാക്കിയാണ് ആർട് പ്രോഗ്രാമുകൾ രൂപപ്പെടുത്തിയത്. കാഴ്ചയെ കുറിച്ച ഇബ്നു ഹൈതമിന്റെ ദാർശനിക വശങ്ങളും സിദ്ധാന്തങ്ങളും കലാകാരന്റെ ഭാവനയിൽ ജീവൻ ലഭിക്കുകയാണ് ഇവിടെ. പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനും ആകാശത്തേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും നോക്കാനും ഈ രൂപങ്ങൾ സന്ദർശകരെ ക്ഷണിക്കുന്നുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും ആകർഷകമായ കലാസൃഷ്ടിയാണ് ഹേഗ് യാങ് എന്ന കൊറിയൻ കലാകാരി രൂപപ്പെടുത്തിയ 'സോണിക് പ്ലാനിറ്റേറിയം-ഡ്രിപ്പിങ് ലൂണാർ സെക്സ്ടെക്സ്' എന്ന ശിൽപം. ആറു ഗ്രഹങ്ങളുടെ മാതൃകകൾ മണിക്കിലുക്കമുള്ള മുത്തുകൾ പോലുള്ള വസ്തുകൊണ്ടാണ് നിർമിച്ചത്. ഇബ്നു ഹൈതമിന്റെ ചന്ദ്ര നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലെ പ്രപഞ്ചത്തെ കുറിച്ച കാഴ്ചപ്പാടുകൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പോയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ ശിൽപം രൂപഭംഗിയാലും ചരിത്രബന്ധത്താലും ഏറെ പേരെ ആകർഷിക്കുന്നു.
ഹേഗ് യാങ് എന്ന കലാകാരി
ഈ നിർമിതിയുടെ ബുദ്ധികേന്ദ്രമായ ഹേഗ് യാങ് എന്ന കലാകാരി ലോകത്ത് ഏറെ പ്രസിദ്ധയായ ശിൽപിയാണ്. ബെർലിനിലും സോളിലുമായി ജീവിക്കുന്ന ഇവർ സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ശിൽപങ്ങൾ നിർമിക്കുന്നത്. ഉപകരണങ്ങളുടെ സാമ്പ്രദായികമായ ഉപയോഗത്തെ അവഗണിച്ച് പുതു സാധ്യതകളെ കണ്ടെത്തുന്നതിൽ ഇവരുടെ ഭാവനയുടെ ശക്തി അപാരമാണ്. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഹേഗ് യാങ്, നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.