ചെങ്കടൽ തീരത്ത് ‘സിത്തുമണി’ പാടി നിറയും
text_fieldsജിദ്ദ: മലയാളികളുടെ പ്രിയഗായിക സിത്താര കൃഷ്ണകുമാർ ചെങ്കടലിൽ സംഗീത ഓളങ്ങളിളക്കും. വെള്ളിയാഴ്ച ജിദ്ദയിലെ ഇക്വസ്ട്രിയൻ മൈതാനത്ത് ‘ഗൾഫ് മാധ്യമ’വും മീഫ്രണ്ട് ആപ്പും ചേർന്നൊരുക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോയെ മധുരതരമാക്കി പാടിനിറയും ‘സിത്തുമണി’. പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയും ഗാനരചയിതാവും നർത്തകിയുമൊക്കെയാണ് സിത്താര കൃഷ്ണകുമാർ. മികച്ച പിന്നണി ഗായികക്കുള്ള മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ താരം യുവജനോത്സവത്തിലൂടെയാണ് സംഗീതരംഗത്തേക്ക് കടന്നുവന്നത്.
വിവിധ ചാനലുകളുടെ സംഗീത റിയാലിറ്റി ഷോകളിൽ വിജയിയായിരുന്നു അവർ. ഏത് പാട്ടും തന്റേതായ പ്രത്യേക ശൈലിയിലാക്കി പാടുന്ന സിത്താരയുടെ ശബ്ദം ഒരിക്കലെങ്കിലും വാട്സ്ആപ് സ്റ്റാറ്റസാക്കാത്തവരായി ആരുമുണ്ടാകില്ല.
കേരളത്തിലെ വിവിധ ജനപ്രിയ സംഗീത ബാൻഡുകളുമായി സഹകരിച്ച് അന്താരാഷ്ട്ര ഷോകൾ ഉൾപ്പെടെ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട് സിതാര. 2014ൽ ‘ഈസ്ട്രഗ’ എന്ന പേരിൽ ഇവർ സംഗീത ബാൻഡ് രൂപവത്കരിക്കുകയും ഇതിലൂടെ പ്രശസ്ത സംഗീതജ്ഞരുടെ പിന്തുണയോടെ സ്ത്രീപ്രാധാന്യമുള്ളതടക്കം നിരവധി ഗാനങ്ങൾ പുറത്തിറക്കുകയും ചെയ്തു. കൂടാതെ നാടോടി, ക്ലാസിക്കൽ പാട്ടുകൾക്കായി ‘മലബാറിക്കൂസ്’ എന്ന പേരിലും മറ്റൊരു ബാൻഡ് സിത്താര രൂപവത്കരിച്ചിട്ടുണ്ട്.
2007ൽ വിനയൻ സംവിധാനം ചെയ്ത ‘അതിശയം’ സിനിമയിൽ ‘പമ്മി പമ്മി...’ എന്ന ഗാനം പാടിയാണ് സിത്താര ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ഇതിനകം 300ഓളം ഗാനങ്ങൾ സിത്താരയുടേതായി പുറത്തുവന്നു. 2017ൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന വനിത വികസന കോർപറേഷൻ നടത്തിയ പരിപാടിയിൽ രാത്രികാല സ്ത്രീത്തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച് ‘എന്റെ ആകാശം’ എന്ന പേരിൽ സിത്താര തന്നെ രചനയും സംഗീതവും നിർവഹിച്ച് പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ പുറത്തിറങ്ങിയ ‘ഉടലാഴം’ എന്ന ചിത്രത്തിലൂടെ മിഥുൻ ജയരാജിനൊപ്പം ചലച്ചിത്ര സംഗീത സംവിധായകയുമായി. രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
ഗസൽ ഗായിക, ആവേശകരമായ സ്റ്റേജ് പെർഫോമർ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തയായ, വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്കു മുന്നിലേക്ക് എത്തിയ സിത്താര ഇതിനകം മലയാളിക്ക് സമ്മാനിച്ചത് ഒട്ടനവധി പ്രശസ്ത ഗാനങ്ങളാണ്. ധാരാളം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. സംഗീതത്തോടൊപ്പം നൃത്തം, അഭിനയം എല്ലാം വഴങ്ങുന്നതുകൊണ്ടാവാം ലോകമെമ്പാടുമുള്ള സ്റ്റേജ് ഷോകളിലും താരം ട്രെൻഡിങ് ആവുന്നത്.
സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. മലയാളി കുടുംബങ്ങൾക്ക് ഏറെ പ്രിയങ്കരിയായ സിത്താര അവർക്ക് ‘സിത്തുമണി’ ആണ്. നേരിട്ട് കേൾക്കാനും ആസ്വദിക്കാനുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജിദ്ദയിലെ കുടുംബിനികളടക്കമുള്ള മലയാളി സമൂഹം.
കെ.എം. കൃഷ്ണകുമാറിന്റെയും സാലി കൃഷ്ണകുമാറിന്റെയും മകളായി മലപ്പുറത്താണ് സിത്താര ജനിച്ചത്. ക്ലാസിക്കൽ കലകളോട് ചായ്വുള്ള കുടുംബത്തിൽ ജനിച്ച സിത്താര കുട്ടിക്കാലത്തുതന്നെ സംഗീതലോകത്തെത്തി. നാലാം വയസ്സിൽ പാടാൻ തുടങ്ങി.
തേഞ്ഞിപ്പലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, ജി.എം.എച്ച്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് സ്കൂൾ, ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഫാറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഹൃദ്രോഗ വിദഗ്ധനായ ഡോ. എം. സജീഷാണ് ഭർത്താവ്. സാവൻ റിതു ഏക മകളാണ്. കുടുംബസമേതം ആലുവയിലാണ് ഇപ്പോൾ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.