ഹാഷ്മി ഫ്രം എരുവ മാവിലേത്ത് എൽ.പി സ്കൂൾ
text_fieldsകായംകുളം: തങ്ങളുടെ പ്രിയപ്പെട്ട ഹാഷ്മി ടീച്ചറെ എല്ലാവരും ഡോക്ടർ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എരുവ മാവിലേത്ത് പ്രൈമറി സ്കൂളിലെ ക്ലാസിലിരുന്ന കുട്ടികൾക്കാകെ സംശയം. എന്തുതരം ഡോക്ടറാണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ഏവരുടെയും മുഖത്ത്. പരിശോധിക്കുന്ന ഡോക്ടർ അല്ലെന്ന് പറഞ്ഞിട്ട് ആർക്കുമത്ര വിശ്വാസം പോര. നിങ്ങളെ പഠിപ്പിക്കുന്ന ഭാഷയെ കീറിമുറിച്ചതിന് ലഭിച്ച ഡോക്ടറേറ്റാണെന്നായിരുന്നു ആദ്യ വിശദീകരണം.
തുടർന്ന് ചോദ്യവും ഉത്തരങ്ങളുമായി ഓരോ കുട്ടികളുടെയും ഉള്ളിലേക്ക് അറബി ഭാഷയും അക്കാദമിക് മേഖലകളും സംബന്ധിച്ച് ആഴത്തിലുള്ള അറിവ് പകരുന്ന സംവാദമായി ഈ വർത്തമാനം വികസിക്കുകയായിരുന്നു. ഭാഷയിലുള്ള വൈജ്ഞാനിക മികവും അത് കുട്ടികളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ഹാഷ്മി ടീച്ചറുടെ കഴിവുമാണ് ഉപജില്ല കലോത്സവത്തിൽ അറബി വിഭാഗത്തിലെ ഓവറോൾ രണ്ടാം സ്ഥാനം ആദ്യമായി മാവിലേത്ത് സ്കൂളിൽ എത്തിച്ചത്.
കലോത്സവ വിജയം സ്വന്തം സ്കൂളിലേക്ക് കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് ഹാഷ്മി ടീച്ചർക്കായതോടെ സ്കൂൾ അധികൃതരും കുട്ടികളും ആഹ്ലാദത്തിൽ. സ്ത്രീ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കായും നിലകൊള്ളുന്ന ടീച്ചറെന്ന വിശേഷണവും ഇവർക്കുണ്ട്.അലീഗഢ് മുസ്ലിം സർവകലാശാലയിൽ നിന്നാണ് അറബി വിഭാഗത്തിൽ പി.എച്ച്.ഡി നേടിയത്. കരുനാഗപ്പള്ളി ചിറ്റുമൂല കാക്കോൻറയ്യത്ത് പടീറ്റതിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് ലബ്ബയുടെയും കറ്റാനം ഇലിപ്പക്കുളം മഠത്തിൽ തറയിൽ ഖദീജയുടെയും മകളാണ്.
എസ്.എൻ.ടി.വി.എസ്.കെ.ടി യു.പി സ്കൂൾ, തഴവ ഗവ. ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം കായംകുളം എം.എസ്.എം കോളജിൽ നിന്നാണ് ബി.എ അറബിയിൽ ബിരുദം നേടിയത്. തുടർന്ന് കാര്യവട്ടം കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും ഇതേകാലയളവിൽ നെറ്റും ജെ.ആർ.എഫും കരസ്ഥമാക്കി. പിന്നീട് 'ജപ്പാനിൽ അറബി ഭാഷയുടെ സ്വാധീനവും വളർച്ചയും' എന്ന വിഷയത്തിൽ എംഫിൽ നേടിയ ശേഷമാണ് അലീഗഢിൽ ഗവേഷക വിദ്യാർഥിയായി എത്തുന്നത്.
അതിനിടയിൽ ഉറുദുവിലും മലയാളത്തിലും ഡിപ്ലോമയും കരസ്ഥമാക്കി. 2015 നവംബർ 26 നാണ് അലീഗഢിൽ ഗേവഷക വിദ്യാർഥിയായി എത്തുന്നത്. വിശുദ്ധിയുടെ സാംസ്‌കാരിക ചിഹ്നമെന്ന് വിശേഷണമുള്ള അറബി ഭാഷയിലെ ഈജിപ്ഷ്യൻ സാഹിത്യത്തിലെ തലനാരിഴ കീറിയ പഠനം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. കോവിഡ് സൃഷ്ടിച്ച സാമൂഹികാവസ്ഥ ചില തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി ഒരുവർഷം മുമ്പ് ഗവേഷണ പ്രബന്ധം സമർപ്പിക്കാനായി. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് നടപടികൾ പൂർത്തീകരിച്ച് ഹാഷ്മിയെ ഗവേഷകയായി അംഗീകരിക്കുന്നത്.
കോളജുകളിലും സ്കൂളുകളിലും അതിഥി അധ്യാപികയായി പ്രവർത്തിച്ചു. തിരുവനന്തപുരം, കരുനാഗപ്പള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ടൗൺ യു.പി സ്കൂളിലുമാണ് പ്രവർത്തിച്ചിട്ടുള്ളത്. ഗവേഷണ പ്രബന്ധം സമർപ്പിക്കുന്ന തിരക്കുമായി അലിഗഢിൽ നിൽക്കുമ്പോഴാണ് 2021 ജൂലൈയിൽ പി.എസ്.സിയുടെ അധ്യാപക നിയമന ഉത്തരവ് വരുന്നത്. ഇവിടെനിന്ന് വിമാന മാർഗം എത്തിയാണ് മാവിലേത്ത് സ്കൂളിൽ ചുമതല ഏൽക്കുന്നത്. കുഞ്ഞുമക്കളുമായി ഇതിനോടകം വിട്ടുപിരിയാത്ത കൂട്ടായെങ്കിലും കോളജ് അധ്യാപികയാകണമെന്നതാണ് ഹാഷ്മിയുടെ വലിയ മോഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.