ഇവിടെയുണ്ട്, എൺപതുകാരിയായ ഒരു അർജന്റീനിയൻ ആരാധിക
text_fieldsകുന്ദമംഗലം: ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മാമാങ്കം അതിന്റെ അവസാന നിമിഷങ്ങളിലേക്കെത്തുമ്പോൾ ഏഴ് കടലും കടന്ന് ഇങ്ങ് കേരളത്തിൽ അർജന്റീനയോടുള്ള ഫുട്ബാൾ ഭ്രമം ലോകപ്രശസ്തമാണ്. ഖത്തർ ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തിയതോടെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലുമാണ്.
അങ്ങനെയുള്ള ഒരു ഫുട്ബാൾ ആരാധികയുണ്ട് കുന്ദമംഗലത്ത്. അത്തോളി അത്താണി ഒതയോത്ത് പരേതനായ പക്കുഹാജിയുടെ ഭാര്യ എൺപതുകാരി മറിയം. നാട്ടുകാർ മറിയംബി എന്നാണ് ഇവരെ വിളിക്കുന്നത്. മകൾ ഫാത്തിമയുടെ കുന്ദമംഗലത്തുള്ള കണ്ടംപിലാക്കിൽ വീട്ടിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. അർജന്റീനയുടെ കടുത്ത ആരാധികയാണ് മറിയം.
അർജന്റീനയുടെ ഫുട്ബാൾ ടീമിനോട് ഇഷ്ടം തോന്നാൻ ഇവർക്ക് ഒരുകാരണമുണ്ട്. പരേതനായ തന്റെ ഭർത്താവ് പക്കുഹാജി അർജന്റീനയുടെ കടുത്ത ആരാധകനായിരുന്നു. മറഡോണയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടകളിക്കാരൻ. വീടിന്റെ ചുവരിലൊക്കെ അക്കാലത്ത് മറഡോണയുടെ ഫോട്ടോകൾ ഒട്ടിച്ചുവെക്കുന്നത് മറിയം ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്റെ അന്നത്തെ ആവേശത്തിൽനിന്ന് കിട്ടിയതാണ് അർജന്റീനിയൻ ഫുട്ബാളിനോടുള്ള പ്രണയം.
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ എല്ലാ മത്സരങ്ങളും ഉറക്കമൊഴിച്ച് ഇവർ കണ്ടു. മകളുടെയും പേരമക്കളുടെയും കൂടെയാണ് കളികൾ കാണാറുള്ളത്. അർജന്റീന ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ആവേശത്തിലാണ് വല്യുമ്മയും പേരമക്കളും. മണിക്കൂറുകൾക്കുള്ളിൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ മെസ്സിയും കൂട്ടരും ലോകകപ്പ് നേടുമെന്ന ഉറച്ചവിശ്വാസത്തിലാണ് മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.