പ്രവാസ സർഗലോകത്തെ യുവപ്രതിഭ ഹിബ അബ്ദുസ്സലാം
text_fieldsപ്രവാസലോകത്ത് യുവത്വസഹജമായ പ്രസരിപ്പിന്റെയും സാംസ്കാരികമായ അടയാളപ്പെടുത്തലിന്റെയും പ്രതീകമാണ് ഗായികയും അധ്യാപികയുമായ ഹിബ അബ്ദുസ്സലാം. സംഗീത വിനോദ സദസ്സുകളിൽ പ്രതിഭ പ്രകടിപ്പിച്ച ഈ കലാകാരിക്ക് ഏത് ജനക്കൂട്ടത്തെയും പാടിയും പറഞ്ഞും വിസ്മയിപ്പിക്കാൻ കഴിവുണ്ട്.
സൗദിയിലും നാട്ടിലുമായി വളർന്ന ഹിബ പ്രവാസത്തിലും നാട്ടിലും സംഗീതരംഗത്തും അവതാരകയായും കഴിവുതെളിയിച്ചു. വേദിയിലാവട്ടെ, കാമറക്ക് മുന്നിലാവട്ടെ അവതരണ കലയിലും ഈ ചെറുപ്പക്കാരിയുടെ മികവ് റിയാദിലെ കേരളീയ സമൂഹത്തിന് സുപരിചിതമാണ്.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സംഗീതാഭിരുചി പ്രകടിപ്പിച്ച ഹിബ, പാട്ടുകാരികളായ സഹോദരിമാരിൽനിന്ന് കേട്ടുപഠിച്ചാണ് തുടക്കമിട്ടത്. മാങ്കുറിശ്ശി അരവിന്ദാക്ഷന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഇതിനിടയിൽ റിയാദിലേക്ക് തിരിച്ചുവരേണ്ടിവന്നതോടെ പഠനം തുടരാനായില്ലെങ്കിലും പരിശീലനം തുടർന്നു.
പിതാവിന്റെ സംഗീതവാസനയും മാതാവിന്റെ നൃത്ത നൈപുണ്യവും നാലു മക്കൾക്കും പകർന്ന് കിട്ടിയിട്ടുണ്ട്. 2015ൽ പാലക്കാട്ട് കണ്ണോട്ടുകാവ് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. റിയാദിൽ ആദ്യത്തെ വേദി ഒരു കുടുംബസംഗമത്തിലായിരുന്നു.
മീഡിയ വൺ ‘പതിനാലാം രാവ് സീസൺ മൂന്നി’ൽ മത്സരാർഥിയായും ജയ്ഹിന്ദ് ടിവി ‘മഹറുബ’യിൽ ഗായികയായും എ.സി.വി ‘എക്സലന്റ് സിംഗർ ഓഫ് കേരള 2019’ലൂടെ അവതാരകയുടെ റോളിലും ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലെത്തി. പി.ജി പഠനകാലത്ത് സംഗീതത്തിന്റെ പുതിയ വഴികളിലേക്ക് നീങ്ങി. വിജയ് സുരൻ, ഐശ്വര്യ മനോജ് എന്നിവരുടെ കീഴിൽ രണ്ടു വർഷം ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു.
പി.ജി പഠനകാലത്ത്, ഒരു സയൻസ് കോൺഫ്രൻസിൽ കണക്കും സംഗീതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാൻ അവസരം കിട്ടി. ആ ഒരു വിഷയത്തിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ‘Mathemusic Series’എന്നൊരു യുട്യൂബ് ടാക് സീരീസ് ആരംഭിക്കുകയും ചെയ്തു.
പാലക്കാട് സ്വദേശികളായ അബ്ദുസ്സലാം-ഖമർബാനു ദമ്പതികളുടെ മകളായി ജിദ്ദയിലായിരുന്നു ഹിബയുടെ ജനനം. സൗദിയിലും നാട്ടിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ഡിഗ്രിയും പി.ജിയും പാലക്കാട് മേഴ്സി കോളജിൽ. റിയാദിൽ തിരിച്ചെത്തിയ ശേഷം മൂന്ന് വർഷമായി അൽ ആലിയ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഗണിതാധ്യാപികയായി.
വളരെ ആസ്വദിച്ചാണ് അധ്യാപനവും സംഗീതവും മറ്റ് ആക്ടിവിറ്റികളും തുടരുന്നതെന്ന് ഹിബ പറയുന്നു. പിതാവ് അബ്ദുസ്സലാം മെഡ്ഗൾഫ് മെഡിക്കൽ ഇൻഷുറൻസ് കമ്പനിയുടെ റിയാദ് ശാഖയിൽ ഉദ്യോഗസ്ഥനാണ്. മാതാവ് - ഖമർബാനു റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയായിരുന്നു. എഴുത്തുകാരിയാണ്. രണ്ട് സഹോദരിമാർ വിവാഹരിതരാണ്. സഹോദരൻ എൻജിനീയറിങ് വിദ്യാർഥിയും.
സ്ത്രീ സംരക്ഷണത്തിന്റെ മറവിൽ അടിച്ചമർത്തപ്പെടുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നതെന്ന പരാതി ഹിബക്കുണ്ട്. അത്തരം ചങ്ങലക്കെട്ടുകളിൽനിന്ന് പുറത്തു കടക്കണം. സ്ത്രീകളെ ആദരിക്കാനും സ്നേഹിക്കാനുമുള്ള പൊതുബോധം വളർത്തിയെടുക്കണം. ഇതാണ് യുവപ്രതിഭയും അധ്യാപികയുമായ ഹിബ അബ്ദുസ്സലാമിന് ‘വനിതാദിന’ത്തിൽ സമൂഹത്തോടായി പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.