വീട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത ഇടമല്ല; ഐക്യരാഷ്ട്രസഭയുടെ പഠനം പുറത്ത്
text_fieldsനമ്മുക്ക് ഏറ്റവും സുരക്ഷിതമായ ഇടം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു . അത് നമ്മുടെ വീടാണ്. എന്നാൽ ആ വീട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും അപകടകരമായ സ്ഥലമാണെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാവുമോ? യു.എൻ ഗ്ലോബല്‍ ഫെമിസെെഡ് ഇന്‍ഡക്സിന്റെ പുതിയ പഠനം പറയുന്നതനുസരിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീട് സുരക്ഷിതമായ ഇടമല്ല.
140 സ്ത്രീകളോ പെണ്‍കുട്ടികളോ ആണ് ഓരോ മണിക്കൂറിലും ലോകത്ത് കൊല്ലപ്പെടുന്നത്. 2023 ൽ ആകെ 85,000 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 60 ശതമാനവും, അതായത് ഏകദേശം 51,100 കൊലപാതകങ്ങളിലും സ്ത്രീകളുമായി അടുത്ത ബന്ധമുള്ള പുരുഷന്മാരാണ് പ്രതികള്‍. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും അപകടകരമായ ഇടം, വീടു പോലുള്ള സ്വകാര്യ ഇടങ്ങളാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ഫെമിസെെഡ് ഇന്‍ഡക്സിൽ പറയുന്നത്.
2022 ല്‍ 89,000 സ്ത്രീകളായിരുന്നു കൊല്ലപ്പെട്ടിരുന്നത്. 2023 ൽ നാലായിരത്തോളം കൊലപാതകങ്ങളിൽ കുറവുണ്ടായി. എന്നാല്‍ ഉറ്റവരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്.
ആഫ്രിക്കയാണ് അടുത്ത ബന്ധമുള്ള പുരുഷന്മാരാൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2023 ലെ കണക്ക് പ്രകാരം രണ്ടാമത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ മേഖലയാണ്. ലോക ശരാശരിയുടെ 0.8 ശതമാനം സ്ത്രീകളുടെ കൊലപാതകങ്ങളും നടന്നത് ഏഷ്യന്‍ മേഖലയിലാണ്.
തൊട്ടുപിന്നിൽ അമേരിക്കയും പസഫിക് ദ്വീപ് പ്രദേശങ്ങളുമാണ്. അമേരിക്ക-യൂറോപ് മേഖലകളില്‍ പങ്കാളികളാണ് പ്രതിസ്ഥാനത്തെങ്കില്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മറ്റു പുരുഷ ബന്ധുക്കളാണ് പ്രതികൾ. ഈ കണക്കുകൾ പൂർണമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമ കണക്കുകൾ സൂക്ഷിക്കുകയും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകൾ മാത്രമാണിത്.
ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. ഫ്രാന്‍സില്‍ 2019-2022 കാലയളവിലുണ്ടായ 79 ശതമാനം സ്ത്രികളുടെ കൊലപാതകങ്ങളിലും പങ്കാളികളായിരുന്നു പ്രതികള്‍. 5 ശതമാനത്തോളം കേസുകള്‍ ലെെംഗികാതിക്രമങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ 2020-2021നുമിടയില്‍ ആകെ സ്ത്രികളുടെ കൊലപാതകങ്ങളില്‍ 9 ശതമാനം മാത്രമാണ് വീടിനുപുറത്ത് നടന്നത്.
ഈ രാജ്യങ്ങളിലെ മിക്ക ഗാർഹിക കൊലപാതകങ്ങളിലെയും ഇരകള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും വിധത്തില്‍ നിയമ സുരക്ഷ തേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. ഗാർഹിക പീഡനങ്ങള്‍ക്ക് സ്ത്രീകളെന്ന പോലെ തന്നെ പുരുഷന്മാരും ഇരകളാകുന്നുണ്ടെന്നതും റിപ്പോർട്ടിൽ പറയുന്നു. 2023 ലെ കണക്കനുസരുച്ച് ആഗോളതലത്തില്‍ കൊലപ്പെട്ടവരില്‍ 80 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 12 ശതമാനം ആണ് ഗാർഹിക പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത് എന്നതാണ് വ്യത്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.