ചിരട്ടയിലുമുണ്ട് ‘ലക്ഷ’ങ്ങൾ
text_fields1998 മെയ് 17ന് തുടക്കമിട്ട കുടുംബശ്രീ മിഷന് 25 വയസ്സ് പൂർത്തിയാവുകയാണ്. ഓരോ മലയാളി വീടിനെയും പ്രത്യക്ഷമായും പരോക്ഷമായും ചേർത്തുനിർത്തിയ രണ്ടരപ്പതിറ്റാണ്ടിലെ പ്രവർത്തനത്തിലൂടെ സ്ത്രീ ശാസ്ത്രീകരണത്തിന്റെ വ്യത്യസ്ത മാതൃകയാണ് കുടുംബശ്രീ കാഴ്ച്ചവെച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സംരംഭങ്ങൾ ഇക്കാലയളവിൽ വിജയകരമായി നടപ്പാക്കി. രജത ജൂബിലി നിറവിൽ ആ പ്രവർത്തനങ്ങളുടെ മികവിലേക്കൊരു തിരിഞ്ഞുനോട്ടം. 25 വർഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വ്യത്യസ്തവും പ്രചോദനാത്കവുമായ കുടുംബശ്രീ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പരമ്പര ഇന്നുമുതൽ...
പത്തനംതിട്ട: തേങ്ങ തിരുമ്മിയതിനു ശേഷം വലിച്ചെറിയാനുള്ളതല്ല ചിരട്ടയെന്ന് തിരിച്ചറിഞ്ഞ് തരക്കേടില്ലാത്ത ലാഭം കൊയ്ത് വീട്ടമ്മ. പഴയ തലമുറ മറന്ന് തുടങ്ങിയതും പുതിയ തലമുറ കേട്ടുകേൾവിയിലൂടെ മനസ്സിലാക്കിയതുമായ ചെരട്ടത്തവി മുതൽ ചിരട്ടപ്പുട്ട് വരെ കടമ്മനിട്ട ശിവ ഹാന്റി ക്രാഫ്റ്റിൽ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തുന്നു.
മൂന്ന് കുട്ടികളുടെ മാതാവായ കാരുമൂല ദേവകീ സദനത്തിൽ കെ.ജി ശ്രീലത (45) കുടുംബ ജീവിതത്തിന്റെ തിരക്കിനിടയിലും സംരംഭവുമായി മുന്നോട്ടുപോകുകയാണ്. പാരമ്പര്യമായി കിട്ടിയ വാസന പരിപോഷിപ്പിച്ചാണ് അവർ ചിരട്ടയിൽ നിന്ന് ജീവിതം കരുപ്പിടിപ്പിച്ചത്. കോട്ടയം പാക്കിൽ ക്ഷേത്ര ഉത്സവത്തിന് ചിരട്ടത്തവിയുമായി പോകുന്ന അമ്മയുടെ അമ്മ ഭാർഗവിയാണ് ആദ്യ ഗുരു. ഇപ്പോൾ കുടുംബശ്രീ മേളകളിൽ നിരവധി ഉൽപ്പന്നങ്ങളുമായാണ് ഈ കുടുംബം എത്തുന്നത്.
മുള, പന, കവുങ്ങ് എന്നിവയിൽ നിന്ന് വിവിധ വസ്തുക്കളും ഇവർ ഉണ്ടാക്കുന്നു. ചിരട്ട പുട്ടുകുറ്റി, ചിരട്ട ബൗൾസ്, ചിരട്ടകപ്പ്, ചായകപ്പ്, ജഗ്ഗ്, പേന- സോപ്പ് പെട്ടികൾ, ചോറുകോരി, തവി, പപ്പടംകുത്തി, ചക്ക- കപ്പ പുഴുക്കുകൾ ഇളക്കുന്ന തുടുപ്പ്, അരി അളക്കാനുള്ള മുള നാഴി, തടിപ്ലെയിറ്റ്, അടച്ചൂറ്റി, ചപ്പാത്തി പലക, പനയിലും കവുങ്ങിലും നിർമ്മിക്കുന്ന കൂന്താലി- കോടാലി- തൂമ്പാകൈ, തടികളിൽ തീർക്കുന്ന അയ്യായിരത്തിനടുത്ത് വില വരുന്ന ചുണ്ടൻ - ചുരുളൻ വള്ളങ്ങൾ, ഇടി ഉരൽ, പൂജാരിമാർക്ക് ഇരിക്കാൻ പ്ലാവ് തടിയിൽ തീർത്ത ആവണപ്പലക എന്നിവയും ഇവരുടെ ഉൽപ്പന്നങ്ങളാണ്.
പിതാവ് ഗോവിന്ദൻ ആശാരിയും ഭർത്താവ് സുനിൽ കുമാറും (54) മക്കളായ സുദീപും സുമേഷും സുബിനും ശ്രീലതയുടെ സംരംഭത്തിന് സജീവ പിന്തുണ നൽകുന്നു. മക്കളായ സുമേഷും സുബിനുമാണ് മേളകളിൽ ഉൽപ്പന്നങ്ങളുമായി പോകുന്നത്. കുടുംബശ്രീയുടെ സരസ് മേളകളിൽ ഉൾപ്പെടെ ഇവർ സജീവമാണ്.
13 വർഷമായി സംരംഭക രംഗത്തുണ്ടെങ്കിലും ആറു വർഷമാകുന്നു കുടുംബ ശ്രീയിൽ രജിസ്റ്റർ ചെയ്തിട്ട്. കുടുംബശ്രീ വഴി വിൽപ്പന മേളകളുടെ കൂടുതൽ വാതിലുകൾ തുറന്നുകിട്ടിയത് വലിയ ആശ്വാസമായെന്ന് ശ്രീലത പറയുന്നു. കഴിഞ്ഞ ആഴ്ച്ച കൊല്ലത്ത് സമാപിച്ച സരസ് മേളയിലും ഇപ്പോൾ പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിലും സ്റ്റാളുകൾ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.