പരിശീലകയായി വനിത പൊലീസ്; ഇടുക്കി ഡോഗ് സ്ക്വാഡ് ചരിത്രത്തിലേക്ക്
text_fieldsചെറുതോണി: ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് പുതിയൊരു അതിഥി കൂടി. ഒപ്പം പരിശീലകയായി വനിത പൊലീസും. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് നായുടെ പരിശീലകയായി വനിത വരുന്നത്.
എ.എസ്.ഐ വി.സി. ബിന്ദുവാണ് കേരള പൊലീസിന് അഭിമാനമായിരിക്കുന്നത്. ഒരു വയസ്സ് പ്രായമുള്ള മാഗി എന്ന ബൽജിയം മാലിനോയിസ് ഇനത്തിൽപെട്ട നായുടെ പരിശീലകയായാണ് ബിന്ദു ഡോഗ് സ്ക്വാഡിലെത്തിയിരിക്കുന്നത്. തൃശൂർ കേരള പൊലീസ് അക്കാദമിയിലും തുടർന്ന് കുട്ടിക്കാനം കെ.എ.പിയിലും പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്.
സൗത്ത് സോൺ ഐ.ജി പ്രകാശ്, അസി. കാമാൻഡന്റ് എസ്. സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. സിവിൽ പൊലീസ് ഓഫിസർ അഭിലാഷാണ് മാഗിയുടെ മറ്റൊരു പരിശീലകൻ. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലാണ് മാഗി വൈദഗ്ധ്യം നേടിയിരിക്കുന്നത്. ഇതോടെ ഇടുക്കിയിൽ സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്ന നായ്ക്കളുടെ എണ്ണം മൂന്നായി.
മോഷണം, കൊലപാതകം തുടങ്ങിയവ കണ്ടെത്താൻ പരിശീലനം നേടിയവയാണ് രണ്ടെണ്ണം. മയക്കുമരുന്ന് കണ്ടുപിടിക്കാൻ കഴിവുള്ള രണ്ട് നായ്ക്കളും സ്ക്വാഡിലുണ്ട്. മണ്ണിനടിയിൽ ജീവനുള്ള ആളുകളുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു നായും മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഒരു നായയുമുൾപ്പെടെ ഒമ്പത് നായ്ക്കളാണ് ഇപ്പോൾ ഇടുക്കി ഡോഗ് സ്ക്വാഡിലുള്ളത്.ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, നോഡൽ ഓഫിസർ സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി സ്ക്വാഡ് ഇൻ ചാർജ് റോയി തോമസും ഡോഗ് വാഹനത്തിന്റെ ഡ്രൈവറും 18 പരിശീലകരുമാണ് സ്ക്വാഡിെൻറ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.