ഇടുക്കിക്ക് വേണ്ടത്; വനിതകൾ എഴുതിയ വാർത്തകളിങ്ങനെ...
text_fieldsഇന്ന് ലോക വനിത ദിനം, സ്ത്രീയുടെ ഇച്ഛാശക്തിയും ഇടപെടലും സാമൂഹികമാറ്റങ്ങളുടെ ചാലകശക്തിയായി വർത്തിക്കുന്ന കാലം. അതിജീവനത്തിന്‍റെ ഉജ്ജ്വല അധ്യായങ്ങൾ എഴുതി മുന്നേറുന്ന സ്ത്രീ പുതിയ കാലത്തിന്‍റെ അടയാളമാണ്. വനിതദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 'മാധ്യമ'ത്തിനുവേണ്ടി വനിതകൾ തയാറാക്കിയ വാർത്തകൾ...
വേഗത വേണം കാഞ്ഞാറിന്‍റെ വിനോദസഞ്ചാര സാധ്യതകൾക്ക്- ഐഷ ഇസ്മായിൽ (വരിക്കാനിക്കുന്നേൽ കാഞ്ഞാർ)
കാഞ്ഞാർ: ഇടുക്കിയുടെ പ്രവേശനകവാടം എന്ന് വിളിക്കുന്ന കാഞ്ഞാറിൽ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണം. ഒരു മനോഹര ഭൂപ്രദേശമാണ് കാഞ്ഞാർ. ഇവിടത്തെ സഞ്ചാരികൾക്കും തദ്ദേശവാസികൾക്കും വേണ്ട സൗകാര്യങ്ങളൊരുക്കാൻ സർക്കാറിനും തദ്ദേശ സ്വയംഭരണ വകുപ്പിനും സാധിക്കാതെ പോകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. മനോഹരമായ ജലാശയവും ചുറ്റുമുള്ള തേക്കിൻകാടുകളും സഞ്ചാരികൾക്ക് സുന്ദരക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും നിരോധിത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം വ്യാപാരികളും ജനങ്ങളും അനുസ്യൂതം തുടരുന്നത് വെല്ലുവിളിയാണ്.
പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ രൂക്ഷമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കാഞ്ഞാറിനെ പ്ലാസ്റ്റിക് രഹിത സോണായി പ്രഖ്യാപിക്കുകയും പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ കടുത്ത മേൽനോട്ടം ഏർപ്പെടുത്തുകയും വേണം. മാലിന്യം തള്ളലിനായി തരം തിരിച്ചുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും പരിസരത്തുള്ള സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ശക്തവും ഫലപ്രദവുമായ ബോധവത്കരണം നടത്തുകയും വേണം. വിനോദസഞ്ചാരത്തിന്‍റെ അനന്തസാധ്യതകൾ മുന്നിൽകണ്ട് കാഞ്ഞാറിന്‍റെ ഹൃദയഭാഗത്തുതന്നെ ജലാശയത്തോടുചേർന്ന് ദേശീയപാതയോരത്ത് ഒരു വാട്ടർ തീം പാർക്ക് സ്ഥാപിച്ചെങ്കിലും പൊതുജനത്തിന് തുറന്നുകൊടുക്കന്നതിനു തൊട്ടുമുമ്പ് തന്നെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഫലപ്രദമായ മാലിന്യ നിർമാർജന മാർഗങ്ങളും ദുരന്ത നിവാരണ സംവിധാനങ്ങളും ഇവിടെ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.
ഇത് മഞ്ജുവിെൻറ കാർഷിക വിജയ ഗാഥ-ജിഷ റോയി (വടയാട്ടിൽ കട്ടപ്പന)
കട്ടപ്പന: മതികെട്ടാൻ ചോലയിൽനിന്ന് പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാളയിലെത്തിയപ്പോൾ ഉള്ളാട്ട് വീട്ടിൽ മഞ്ജു മാത്യുവിന് വലിയ സ്വപ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഭർത്താവിെൻറ കുടുംബത്തോടൊപ്പം അല്ലലില്ലാതെ കഴിയണമെന്ന് മാത്രമായിരുന്നു മോഹം.
എന്നാൽ, ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് മഞ്ജുവിെൻറ കാർഷിക വിജയഗാഥ ഇന്ന് അടുക്കളത്തോട്ടം നിർമാർണത്തിൽ തുടങ്ങി തൈ വിപണന നഴ്സറി വരെ എത്തിനിൽക്കുന്നു. വീടിന് ചുറ്റുമുള്ള പാറക്കൂട്ടം നിറഞ്ഞ മൂന്നരയേക്കർ സ്ഥലത്തെ റബർ മരങ്ങളിൽനിന്ന് ഏതാനും കുരുമുളക് ചെടികളിൽനിന്നുമുള്ള തുച്ഛമായ വരുമാനമായിരുന്നു ആദ്യം. പരീക്ഷണമെന്നോണം പയർകൃഷി ആരംഭിച്ചു. പരിചയക്കുറവ് കൊണ്ടാകാം വേണ്ടത്ര വിജയം നേടാനായില്ല. എന്നാൽ, തോറ്റ് പിന്മാറുവാൻ ഈ വീട്ടമ്മ തയാറായില്ല. പാറക്കൂട്ടങ്ങൾ നിറഞ്ഞ ചരിഞ്ഞ പുരയിടം കൈയാലകൾ കെട്ടി കൃഷിയോഗ്യമാക്കി. ഇന്ന് മഞ്ജു മാത്യുവിെൻറ പുരയിടത്തിൽ തലയുയർത്തി നിൽക്കുന്ന നാന്നൂറോളം ഇനം റബർ മരങ്ങൾ ഉണ്ട്.
ഇവയിലെല്ലാം കരിമുണ്ട ഇനത്തിലെ കുരുമുളകും തഴച്ചുവളരുന്നു. മറ്റൊരു ഭാഗത്ത് ഹൈറേഞ്ചിെൻറ നാണ്യവിളയായ ഏലവും വളക്കൂറോടെ വളരുന്നുണ്ട്. പുരയിടത്തിെൻറ താഴെ തട്ടിലാണ് പയറും പാവലും പടവലവും തക്കാളിയുമെല്ലാം വളരുന്നത്.
ഇതിനുള്ളിൽ ചെറു പോളി ഹൗസ് നിർമിച്ച് മുയലിനെയും കോഴികളെയും വളർത്തുന്നുണ്ട്. ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിെൻറയും കൃഷിഭവെൻറയും സഹായത്തോടെയാണ് പോളി ഹൗസ് നിർമിച്ച് ഹൈബ്രിഡ് പച്ചക്കറിതൈ ഉൽപാദനത്തിലേക്ക് തിരിഞ്ഞത്. സ്വകാര്യ ഏജൻസികളും കൃഷിഭവനുകളുമാണ് ഇവിടെനിന്ന് കൂടുതൽ തൈകൾ വാങ്ങുന്നത്. വിവിധയിനം പയറുകൾ, മുളകുകൾ, കോളിഫ്ലവർ, ബ്രോക്കോളി, പുതിന, ചീര, വെണ്ട, വഴുതന, ക്യാപ്സിക്കം തുടങ്ങിയ തൈകളാണ് കൂടുതലായി വിപണനം നടത്തുന്നത്. മഞ്ജുവിനൊപ്പം ഭർത്താവ് മാത്യുവും മുഴുവൻ സമയ കൃഷി പരിപാലത്തിന് ഒപ്പമുണ്ട്. സാമ്പത്തികമായ ഉയർച്ച നേടിയപ്പോഴും പുതിയ കൃഷിരീതികൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള തിരക്കിൽ തന്നെയാണ് മഞ്ജു.
എന്ന് തുറക്കും? കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പാർക്കും-ജുബൈരിയ സലിം (അവസാനവർഷ നിയമ വിദ്യാർഥി,
അൽ-അസ്ഹർ കോളജ് തൊടുപുഴ)
തൊടുപുഴ: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം പൂർത്തിയാക്കിയെങ്കിലും തുറന്നുകൊടുക്കാൻ തയാറാകാത്തത് യാത്രക്കാരടക്കമുള്ളവർക്ക് ദുരിതമാകുന്നു. അസൗകര്യം നിറഞ്ഞ താൽക്കാലിക സ്റ്റാൻഡിലിലെത്തുന്നവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. ഒന്നിരിക്കാൻപോലും ഇവിടെ സ്ഥലമില്ല.
2013ലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെ.എസ്.ആർ.ടി.സി കം ഷോപ്പിങ് കോംപ്ലക്‌സിെൻറ പണി ആരംഭിച്ചത്. എന്നാൽ, നിർമാണം നീണ്ടുപോവുകയാണ്. മഴ പൊയ്താൽ വെള്ളക്കെട്ടും വേനലിൽ പൊടിപടലങ്ങളുമാണ് താൽക്കാലിക സ്റ്റാൻഡിൽ യാത്രക്കാരെ വരവേൽക്കുന്നത്. സ്ത്രീകളും കുട്ടികളുമുടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്ന് വർഷമായി ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പറയുന്നതല്ലാതെ പുതിയ സ്റ്റാൻഡ് തുറന്നുനൽകാൻ നടപടിയായിട്ടില്ല.
അതുപോലെ തന്നെ അനിശ്ചിതത്വത്തിൽ കിടക്കുന്ന ഒന്നാണ് നഗരസഭ പാർക്ക്. കോവിഡ് ഒന്നാംതരംഗത്തിെൻറ സമയത്താണ് അറ്റകുറ്റപ്പണികളുടെ പേരിൽ പാർക്ക് അടച്ചത്. എന്നാൽ, ഇതുവരെ തുറക്കാൻ നടപടിയായില്ല. നഗരത്തിലെത്തുന്നവർക്ക് അൽപം വിശ്രമിക്കാവുന്ന ഇടങ്ങളിലൊന്നായിരുന്നു പാർക്ക്. വൈകുന്നേരങ്ങളിൽ കുട്ടികളുമായി നിരവധിപ്പേരാണ് പാർക്കിലെത്തിയിരുന്നത്.
വെൺമണിയിലെ വിദ്യാർഥികൾ പഠനത്തിന് താണ്ടണം, കിലോമീറ്ററുകൾ-ഗ്രീഷ്മ ടോമി (മണിയമ്പ്രയിൽ വെൺമണി)
ചെറുതോണി: മലയോര ഗ്രാമമായ വെൺമണിയിലെ വിദ്യാർഥികൾക്ക് ഏഴാംക്ലാസിനുശേഷം പഠിക്കണമെങ്കിൽ ഇന്നും കിലോമീറ്ററുകൾ അകലെയുള്ള കഞ്ഞിക്കുഴിയിലോ വണ്ണപ്പുറത്തോ പഴയരിക്കണ്ടത്തോ പോകണം. വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയാണിവിടം. വെളുപ്പിനെഴുന്നേറ്റ് പുസ്തകക്കെട്ടുമായി കിലോമീറ്ററുകൾ നടന്ന് കുട്ടികൾ പഠിക്കാൻ പോകുത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. വെൺമണിയിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കണമെന്ന ആവശ്യത്തിന് രണ്ടുതലമുറയുടെ പഴക്കമുണ്ട്. മാറിവരുന്ന സർക്കാറുകൾ വെൺമണിക്കാരുടെ ഈ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സ്ഥാനാർഥികൾ വാഗ്ദാനങ്ങൾ നൽകി കടന്നുപോകും. ഇവിടെ ഹൈസ്ക്കൂൾ അനുവദിച്ചാൽ വരിക്കമുത്തൻ, പല പ്ലാവ്, ആനക്കുഴി, കുടത്തൊട്ടി, കള്ളിപ്പാറ മുണ്ടൻ മുടി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കുട്ടികൾക്ക് ആശ്വാസമാകും.
നടന്ന് തളർന്നാണ് കുട്ടികൾ സ്കൂളിലും വീട്ടിലുമെത്തുന്നത്. ചേലച്ചുവട്-വണ്ണപ്പുറം ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും സ്കൂൾ സമയത്ത് കൃത്യമായൊന്നുമില്ല. കിലോമീറ്ററുകൾ താണ്ടി പഠിക്കാൻ കഴിയാതെ ഏഴാംക്ലാസ് കഴിയുമ്പോൾ പഠനം നിർത്തിയ കുട്ടികളും പ്രദേശത്തുണ്ട്. അധികാരികളുടെ ഭാഗത്തുനിന്ന് വേണ്ട നടപടി സ്വീകരിച്ചാൽ ഈ നാട്ടിലെ കുട്ടികൾക്ക് അത് ഒരു വലിയ സഹായമാകും.
കുമളിയിൽ മാലിന്യ സംസ്കരണം താളംതെറ്റുന്നു-കെ.എൽ. ശ്യാമള (അട്ടപ്പള്ളം കുമളി)
കുമളി: ആരോഗ്യ, ശുചിത്വ പരിപാലന മേഖലകളിൽ നാട്ടുകാർ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇത് അധികൃതർ കാണാതെയും അറിയാതെയും പോകുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. കുമളി പഞ്ചായത്തിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ജനശ്രദ്ധ ആകർഷിച്ച പ്രവർത്തനം നടന്നിരുന്നു. എന്നാൽ, പ്ലാസ്റ്റിക് മാലിന്യം, സംസ്കരണത്തിെൻറ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ മുരുക്കടിയിലെ പ്ലാന്‍റിൽ കൊണ്ടുപോയി കൂട്ടിയിട്ട് കത്തിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പഞ്ചായത്തിെൻറ പലഭാഗങ്ങളിലും അമിതമായ രാസവള പ്രയോഗവും കീടനാശിനികളുടെ ഉപയോഗവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഭീതിജനകമാണ്.
എഡോസൾഫാൻ പോലെ നിരോധിച്ച രാസവളങ്ങളും കീടനാശിനികളും മറ്റുപല പേരുകളിലുമായി തമിഴ്നാട്ടിൽ നിന്നെത്തിച്ച് പ്രദേശത്തെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടുപിടിക്കുന്നതിനോ, തടയുന്നതിനോ പകരം സംവിധാനം കൃഷിക്കാരെ ബോധ്യപ്പെടുത്തുന്നതിനോ അധികൃതർ ശ്രദ്ധിക്കുന്നില്ല. ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും ഏകോപിപ്പിച്ചുകൊണ്ട് മാലിന്യ - മലിനീകരണ വിഷയത്തിൽ ഇടപെടൽ അനിവാര്യമാണ്. പരിഹാര നടപടി കൈക്കൊള്ളാൻ വൈകിയാൽ വലിയ ദുരന്തമായിരിക്കും ഫലം.
വനംവകുപ്പിന്‍റെ നിയന്ത്രണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു-ബോബി സണ്ണി (വരിക്കയില്‍ പാമ്പുങ്കയം മാങ്കുളം)
മാങ്കുളം: ടൂറിസംമേഖലയില്‍ വനംവകുപ്പിന്‍റെ നിയന്ത്രണങ്ങള്‍ നാട്ടുകാർക്കും സഞ്ചാരികൾക്കും ദുരിതംവിതക്കുന്നു. ആദിവാസി കേന്ദ്രങ്ങളിലേക്കടക്കം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്.
ടൂറിസം രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കുന്ന മാങ്കുളത്ത് അണക്കെട്ട് വരുന്നുവെന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. അണക്കെട്ട് വരുമ്പോൾ ഇതിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളും കൃഷിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ഇല്ലാതകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് റേഷന്‍കട സിറ്റിയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാരികളെ ഇടുങ്ങിയ മുറികളോടെയുള്ള ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റുബോള്‍ ഒരുമുറിയില്‍ ഹോട്ടല്‍ നടത്തുക പ്രയാസകരമായി മാറും. ഇത്തരം പ്രതിസന്ധികള്‍ ഉടലെടുത്താല്‍ ഇതിനെ മറികടക്കുക പ്രയാസകരമാണ്. ഡാം വരുന്നതോടെ ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
എന്നാല്‍, ബോര്‍ഡിന്‍റെ അതിയായ നിയന്ത്രണങ്ങളും വനംവകുപ്പിന്‍റെ ജനവിരുദ്ധ നിലപാടുകളും കടുത്താല്‍ മാങ്കുളത്തിന് വലിയ ആശങ്ക ഉണ്ടാക്കുമെന്ന കാര്യം തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.