110-ാം വയസ്സിൽ ആദ്യാക്ഷരത്തിന്റെ മധുരവുമായി സൗദി വനിത
text_fieldsറിയാദ്: വയസ്സ് വെറുമൊരു നമ്പർ മാത്രമാണെന്നും അറിവ് നേടാൻ പ്രായാധിക്യം ഒരു തടസ്സമല്ലെന്നും തീരുമാനിച്ചുറച്ച് ഊന്നുവടി നീട്ടിയൂന്നിയാണ് അവർ കടന്നുവരുന്നത്. പ്രായം തളർത്തിയ നട്ടെല്ലിെൻറ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തി അവർ നടന്നടുക്കുന്നത് അക്ഷര ഖനിയുടെ പള്ളിക്കൂട മുറ്റത്തേക്കാണ്. സൗദി വനിത നൗദ അൽ ഖഹ്താനിയാണ് തെൻറ 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് അക്ഷരപഠനം ആരംഭിച്ചത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഇവർ സ്‌കൂളിൽ എത്തിയത്. രാജ്യത്തിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് ഇവർ ഇപ്പോൾ പഠിക്കുന്നത്.
ആഴ്‌ചകൾക്ക് മുമ്പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നതിനുശേഷം ഇവർ മറ്റ് അമ്പതിലധികം പേർക്കൊപ്പം എല്ലാ ദിവസവും സ്‌കൂളിൽ ഹാജരാകുന്നുണ്ട്.നാല് കുട്ടികളുടെ അമ്മയാണ് ഇവർ. മൂത്ത ‘കുട്ടി’ക്ക് 80ഉം ഇളയ ‘കുട്ടി’ക്ക് 50 വയസ്സുമാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തെൻറ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പാഠങ്ങൾ ആസ്വദിച്ചുവെന്നും ഓരോ ദിവസത്തെയും ഗൃഹപാഠം പൂർത്തിയാക്കിയെന്നും അവർ പറയുന്നു. 100 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതാണെന്നും നൗദ പറഞ്ഞു. നല്ല കാലം അക്ഷരം പഠിക്കാതെ കടന്നുപോയതിലുള്ള ദുഃഖം അവർ മറച്ചുവെയ്ക്കുന്നില്ല.
തീർച്ചയാatയും അത് എെൻറ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.നാല് മക്കളും ഉമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വളരെ വൈകിപ്പോയെന്നത് ശരി തന്നെ, എന്നാൽ ദൈവഹിതം ഇതിപ്പോൾ ചെയ്യാനായിരിക്കും എന്ന് വിശ്വസിക്കുന്നതായി മകൻ മുഹമ്മദ് പറഞ്ഞു. താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകൻ പറഞ്ഞു.
ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും ഉള്ളതായി ഇളയമകൻ പറഞ്ഞു. 110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടുംബം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.