അർബുദ രോഗികൾക്ക് മുടി ദാനംചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി
text_fieldsമനാമ: അർബുദ രോഗികളായ കുട്ടികളെ സഹായിക്കുന്നതിന് മുടി ദാനംചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മാതൃകയായി. എട്ടാം ക്ലാസ് വിദ്യാർഥിനിയായ തൻവി സനക നാഗയാണ് (13) ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് 24 ഇഞ്ച് നീളമുള്ള മുടി നൽകിയത്.അർബുദബാധിതരായ കുട്ടികൾക്ക് വിഗ് നിർമിക്കുന്നതിനാണ് മുടി ഉപയോഗിക്കുന്നത്.
ബഹ്റൈനിലെ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്നതിൽ സന്തോഷവും അഭിമാനവുണ്ടെന്ന് തൻവി പറഞ്ഞു. ചികിത്സക്കിടെ മുടികൊഴിയുന്ന അർബുദ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കളാണ് തൻവിയോട് പറഞ്ഞത്. അങ്ങനെയാണ് അവരെ സഹായിക്കുന്നതിന് തനിക്ക് കഴിയാവുന്നത് ചെയ്യാൻ തൻവി തീരുമാനിച്ചത്. 2018 മുതൽ തൻവി മുടി വളർത്തുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഇന്ത്യൻപ്രവാസികളായ രാജേഷ് സനക ദശരഥയുടെയും (ഇന്റർകോൾ ഡിവിഷൻ മാനേജർ) സ്വാതി സനക നാഗയുടെയും മകളാണ് തൻവി. ഇളയസഹോദരി സൻവി സനക നാഗ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ചെന്നൈയിൽനിന്നുള്ള കുടുംബം ഇപ്പോൾ അദ്ലിയയിലാണ് താമസിക്കുന്നത്.സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ തൻവിയുടെ കാരുണ്യപ്രവൃത്തിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.