കടുവകളെ വേട്ടയാടിയും വിമാനം പറത്തിയും റോൾസ് റോയ്സ് ഓടിച്ചും ജീവിതം ആഘോഷിച്ച ഭോപാൽ രാജകുമാരി ആബിദ ബീഗം
text_fieldsഭോപാലിലെ അവസാന നവാബായിരുന്ന ഹമീദുല്ല ഖാന്റെയും ഭാര്യം ബീഗം മൈമൂന സുൽത്താന്റെയും മൂത്ത മകളായിരുന്നു ആബിദ സുൽത്താന ബീഗം. അവരുടെ മൂന്നു പെൺമക്കളിൽ മൂത്തയാളായായിരുന്നു ആബിദ. 1913ൽ ജനനം.
രാജകുടുംബത്തിലാണെങ്കിലും ഒരു സാധാരണ രാജകുമാരിയെ പോലെ ആയിരുന്നില്ല ആബിദ സുൽത്താന്റെ ജീവിതം. രാജകുടുംബത്തിലെ വിമതയായിരുന്നു എന്നും ആബിദ. മുടി നീട്ടിവളർത്താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ആബിദ അത് വെട്ടിച്ചെറുതാക്കി. കടുവകളെ വേട്ടയാടുന്നതായിരുന്നു ആ പെൺകുട്ടിയുടെ വിനോദങ്ങളിലൊന്ന്. ഒമ്പതാം വയസുമുതൽ വിമാനം പറത്തുകയും റോൾസ് റോയ്സ് ഓടിക്കുകയും ചെയ്തു. മികച്ച പോളോ കളിക്കാരിയുമായിരുന്നു. അന്നത്തെ കാലത്ത് മുസ്‍ലിം സ്ത്രീകൾക്കു ചുറ്റുമുള്ള സ്റ്റീരിയോടൈപ്പുകളെ ആബിദ ധിക്കരിച്ചു. 15ാം വയസിലാണ് ഈ പെൺകുട്ടി സിംഹാസനത്തിന്റെ അവകാശിയായത്.
ആൺകുട്ടികൾക്കുള്ള എല്ലാ അവകാശങ്ങളും നൽകിയാണ് തങ്ങളെ വളർത്തിയിരുന്നതെന്ന് ആബിദ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അവർക്ക് കുതിര സവാരി ചെയ്യാനും മരംകയറാനും സ്വാതന്ത്ര്യമുണ്ടായിരുന്നു.
13ാം വയസുതൊട്ട് മുത്തശ്ശി ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ ആബിദയെ നിർബന്ധിച്ചു. എന്നാൽ ആബിദ അതിന് തയാറായിരുന്നില്ല. ആബിദയുടെ പിതാവ് എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. അതിനാൽ മുത്തശ്ശിയെ ധിക്കരിക്കാൻ എളുപ്പം സാധിച്ചു.
12ാം വയസിൽ ബാല്യകാല സുഹൃത്തും ഭരണാധികാരിയുമായിരുന്ന സർവാർ അലി ഖാനെ വിവാഹം കഴിച്ചു. മുത്തശ്ശിയായിരുന്നു വിവാഹത്തിന് മുൻഗണന എടുത്തത്. ഒരുദിവസം ബന്ധുവുമായി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് വിവാഹ വസ്ത്രവുമായി മുത്തശ്ശി മുറിയിലേക്ക് കടന്നുവന്നത്. അപ്പോൾ മാത്രമാണ് തന്റെ വിവാഹമാണെന്ന് ആബിദ അറിയുന്നത്. എന്തുചെയ്യണമെന്നുപോലും ആരും ആ പെൺകുട്ടിയോട് പറഞ്ഞുകൊടുത്തില്ല. അങ്ങനെ മുഖംമറക്കാതെ ആബിദ നിക്കാഹ് നടക്കുന്ന ഇടത്തേക്ക് ചെന്നു. അന്നത്തെ കാലത്ത് അങ്ങനൊരു പതിവുണ്ടായിരുന്നില്ല.
10 വർഷം മാത്രമേ വിവാഹജീവിതത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ശാരീരികമായും മാനസികമായും ആബിദക്ക് പൊരുത്തപ്പെടാനാവാത്ത ബന്ധമായിരുന്നു അത്. വിവാഹം വലിയ ട്രോമയാണ് തനിക്ക് സമ്മാനിച്ചതെന്ന് ആബിദ തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് പിന്നാലെ ആബിദ കുർവായിൽ നിന്ന് ഭോപാലിലേക്ക് മടങ്ങിയെത്തി. ബന്ധത്തിൽ ഒരു മകനുണ്ടായിരുന്നു. മകൻ തനിക്കൊപ്പം വേണമെന്നാണ് ആബിദ ആഗ്രഹിച്ചത്. ഭർത്താവിന് അത് സമ്മതമായിരുന്നില്ല. മകനെ വിട്ടുകിട്ടാൻ ആബിദ വലിയ പോരാട്ടം തന്നെ നടത്തി.
1935 മാർച്ചിലെ രാത്രിയിൽ ആബിദ മൂന്ന് മണിക്കൂറോളം വാഹനമോടിച്ച് കുർവായിയിലുള്ള ഭർതൃവീട്ടിലെത്തി. കിടപ്പുമുറിയിൽ കടന്ന് ഒരു റിവോൾവർ പുറത്തെടുത്ത് ഭർത്താവിന്റെ മടിയിലേക്ക് എറിഞ്ഞ് കൊടുത്തിട്ട് തന്നെ വെടിവെക്കാൻ പറഞ്ഞു. അല്ലാത്തപക്ഷം ഭർത്താവിനെ വെടിവെക്കുമെന്ന് ഭീഷണിമുഴക്കി. ആ ഏറ്റവുമുട്ടലിൽ ആബിദ വിജയിച്ചു. മകനെ ഭർത്താവ് വിട്ടുകൊടുത്തു. സിംഹാസനത്തിലിരുന്ന് ഭരണരഥം തിരിക്കുമ്പോഴും മകന്റെ കാര്യങ്ങൾ അവൾ ശ്രദ്ധിച്ചു. 1935 മുതൽ 1949 വരെ ഭോപാൽ മധ്യപ്രദേശിൽ ലയിക്കുന്നത് വരെ അവൾ ഭരണം തുടർന്നു.
ഇന്ത്യയുടെ ഭാവി സർക്കാറിനെ തീരുമാനിക്കാൻ ബ്രിട്ടീഷ് സർക്കാർ വിളിച്ച വട്ടമേശ സമ്മേളനങ്ങളിലും ആബിദ പങ്കെടുത്തു. അപ്പോൾ മഹാത്മാഗാന്ധി, മോത്തിലാൽ നെഹ്‌റു, ജവഹർലാൽ നെഹ്‌റു എന്നിവരെ കണ്ടു.
1947 ലെ വിഭജനാനന്തരമുള്ള പ്രശ്നങ്ങൾ അവർ നേരിട്ടനുഭവിച്ചു. അക്രമവും കലാപവുമാണ് അവരെ ഇന്ത്യ വിട്ട് 1950ൽ പാകിസ്താനിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചത്. മകനെയും ഒപ്പം കൂട്ടിയായിരുന്നു ആബിദയുടെ യാത്ര. പാകിസ്താനിൽ അവർ സ്ത്രീകളുടെ അവകാശത്തിനും ജനാധിപത്യത്തിനുമായി പോരാടി. 2002 ൽ കറാച്ചിയിൽ വെച്ച് അന്തരിക്കുകയും ചെയ്തു. ആബിദ കറാച്ചിയിലേക്ക് പോയതിന് ശേഷം സഹോദരിയെ സിംഹാസനത്തിന്റെ അവകാശിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.