ഇന്ദിര ഈഗളപതി: റിയാദ് മെട്രോയിൽ പരിശീലകയായി ഇന്ത്യൻ വനിത
text_fieldsറിയാദ്: റിയാദിന്റെ വികസനക്കുതിപ്പിൽ മാറ്റത്തിന്റെ ചൂളംവിളിയുമായി വരുന്ന റിയാദ് മെട്രോയിൽ സൗദികൾക്ക് ട്രെയിൻ ഓടിക്കാൻ പരിശീലനം നൽകുകയാണ് ഇന്ത്യക്കാരിയായ ഇന്ദിര ഈഗളപതി. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും സ്റ്റേഷൻ മാനേജ്മെന്റിനും പരിശീലനം നൽകുന്നതുൾപ്പെടെ ബഹുമുഖമായ റോളിലാണ് നാലര വർഷമായി ഈ ആന്ധ്ര സ്വദേശിനി. നിലവിൽ സ്റ്റേഷൻ ഓപറേഷൻസ് മാനേജരുടെ തസ്തികയിലാണ് ജോലി ചെയ്യുന്നത്.
ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയിൽ ധുളിപ്പള്ള, സത്തേനപ്പള്ളി സ്വദേശിനിയായ ഇന്ദിര നാല് വർഷം ഹൈദരാബാദ് മെട്രോയിലായിരുന്നു. ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ജനിച്ച മൂന്ന് പെൺകുട്ടികളിൽ രണ്ടാമത്തെയാളാണ് ഇന്ദിര. പിതാവ് മെക്കാനിക്കും മാതാവ് വീട്ടമ്മയുമാണ്.
കുടുംബത്തെ പരിപാലിക്കാൻ പിതാവ് ഒരാൺകുട്ടിയെ ആഗ്രഹിച്ചപ്പോഴാണ് തന്റെ പിറവിയെന്ന് ഇന്ദിര പറയുന്നു. പിതൃസഹോദരന്റെ മക്കളടക്കം ആറ് പേരടങ്ങുന്ന പെൺകൂട്ടത്തിലായിരുന്നു ജീവിതം. എന്നാൽ നല്ലൊരു ജീവിതം നയിക്കാൻ വിദ്യാഭ്യാസത്തിനു കഴിയുമെന്ന് പിതാവ് വിശ്വസിച്ചു.
അദ്ദേഹം ഞങ്ങളെ പഠിക്കാൻ പ്രേരിപ്പിച്ചു. സാമ്പത്തികമായി മെച്ചമില്ലാത്തതിനാൽ ഞങ്ങൾ പഠിച്ചത് സർക്കാർ സ്കൂളുകളിലും കോളജുകളിലുമായിരുന്നു. കുടുംബം പോറ്റാൻ ഒഴിവുസമയങ്ങളിൽ ട്യൂഷൻ നടത്തിയിരുന്നു.‘ഒരിക്കലും വിദ്യാഭ്യാസത്തെ അവഗണിക്കരുത്, പണം വന്നേക്കാം, പോയേക്കാം’ അച്ഛൻ ഞങ്ങളോടു പറഞ്ഞുതന്ന മന്ത്രമായിരുന്നത്. മൂത്ത സഹോദരി അധ്യാപികയാണ്. ഇളയവൾ ഹൈദരാബാദ് മെട്രോയിൽ ജോലി ചെയ്യുന്നു.
കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ ഇന്ദിര റെയിൽവേയിലാണ് പ്രഫഷനൽ കരിയറിന് തുടക്കം കുറിച്ചത്. പുരുഷന്മാർക്ക് മാത്രമേ ഇത്തരം ജോലികൾ ചെയ്യാൻ കഴിയുവെന്ന് പലരും കരുതുന്ന വെല്ലുവിളി നിറഞ്ഞ ഒരു പണിയായിരുന്നു. വളരെ തന്റേടത്തോടെയും ആത്മവിശ്വാസത്തോടെയും വർഷങ്ങൾ പിന്നിട്ടു.
നാല് വർഷത്തിനിടെ പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ മനസ്സാഗ്രഹിച്ചു. ദുബൈ മെട്രോയിൽ ജോലി ചെയ്യുന്ന ഭർത്താവ് ലോകേഷ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശ്രദ്ധയിൽപ്പെട്ട ഒഴിവുകളിൽ അപേക്ഷിച്ചു, സൗദിയിൽ നിന്നും ആളുകൾ അഭിമുഖത്തിന് ഹൈദരാബാദിൽ വന്നപ്പോൾ, യോഗ്യരെന്ന് കണ്ടെത്തിയ ഏതാനും പേരെ അവർ തെരഞ്ഞെടുത്തു. തന്റെ ബാച്ചിൽ ഒരേയൊരു സ്ത്രീ, അത് താൻ മാത്രമായിരുന്നുവെന്ന് ഇന്ദിര പറയുന്നു.
റിയാദിലെ ലോകോത്തര മെട്രോ കമ്പനിയുടെ ഭാഗമായതിനാൽ നമുക്കും തദ്ദേശീയരെപ്പോലെ തുല്യ അവസരങ്ങളുണ്ട്. മികച്ച അന്താരാഷ്ട്ര അനുഭവമാണിവിടെ. മാനേജ്മെന്റിൽനിന്നും കൂടെയുള്ള ടീമിൽനിന്നും വളരെയധികം പിന്തുണ, പ്രത്യേകിച്ച് പ്രാദേശിക സഹപ്രവർത്തകർക്കൊപ്പം ആസ്വദിച്ചാണ് ജോലി ചെയ്യുന്നത്.
അവസാനമായി, ഭർത്താവ് ലോകേഷിന്റെ പിന്തുണയില്ലാതെ (സൗദി അറേബ്യയെക്കുറിച്ച് എല്ലാവർക്കും വ്യത്യസ്ത കാഴ്ചപ്പാടുള്ള) ഇവിടേക്കുവരാൻ എനിക്കു കഴിയുമായിരുന്നില്ല. റിയാദിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ കുടുംബത്തോടൊപ്പം അദ്ദേഹം തന്നെ പിന്തുണച്ചതായും ഇന്ദിര പറയുന്നു. ദാമ്പത്യ വല്ലരിയിലെ കടിഞ്ഞൂൽ കുരുന്നിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ മെട്രോ ദമ്പതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.