വയസ്സ് 120; സ്മാർട്ടാണ് കുഞ്ഞീരുമ്മ
text_fieldsവളാഞ്ചേരി (മലപ്പുറം): നാലാം തലമുറയിലെ കുഞ്ഞുമക്കളെ സ്നേഹിക്കാനും താലോലിക്കാനും ഭാഗ്യം ലഭിച്ച ലോക മുത്തശ്ശി കുഞ്ഞീരുമ്മ ഈ വയോജന ദിനത്തിലും ഹാപ്പിയാണ്, സ്മാർട്ടാണ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് എടയൂർ പൂക്കാട്ടിരി ആൽപറ്റപ്പടി കലമ്പൻവീട്ടിൽ എത്തിയാൽ 120 പിന്നിട്ട മുത്തശ്ശി സ്നേഹത്തിൽ ചാലിച്ച മനസ്സോടെ നിങ്ങളെ സ്വീകരിക്കും, നിലാവുദിച്ച പുഞ്ചിരിയോടെ.
120 വർഷവും 120 ദിവസവും പൂർത്തിയാക്കിയ കുഞ്ഞീരുമ്മക്ക് ലോകത്ത് ആരെയും പേരു ചൊല്ലി വിളിക്കാം. പ്രായംകൊണ്ട് ലോകത്ത് ജീവിച്ചിരിക്കുന്ന എല്ലാവർക്കും മീതെയാണ് ഈ ആഗോള മുത്തശ്ശി.
ആധാർ കാർഡ് അനുസരിച്ച് 1903 ജൂൺ രണ്ടിനാണ് ജനനം. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസിൽ ഇടം നേടിയ സ്പെയിനിലെ 116കാരിയായ മരിയ ബ്രാൻയാസ് മൊരേരയെയും മറികടക്കുന്നു കുഞ്ഞീരുമ്മ. ഇപ്പോഴും നന്നായി കണ്ണുകാണും, ചെവികേൾക്കും.
യുവ തലമുറ പോലും ജീവിതശൈലീ രോഗങ്ങൾക്ക് അടിപ്പെട്ട് മരുന്നിൽ അഭയം തേടുമ്പോൾ കുഞ്ഞീരുമ്മക്ക് ഭക്ഷണത്തിന് പ്രത്യേക നിഷ്കർഷയില്ല. ഏത് ഭക്ഷണവും കഴിക്കും. കുറച്ചുവർഷം മുമ്പ് വീണ് പരിക്കേറ്റതിനാൽ ചക്രക്കസേരയിലാണ് വീട്ടിലെ സഞ്ചാരം. മക്കളും മക്കളുടെ മക്കളും അവരുടെയും മക്കളുമൊക്കെയായി അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.
ഔപചാരിക വിദ്യാഭ്യാസമില്ല. സ്കൂളിലൊന്നും പോയി പഠിച്ചിട്ടില്ല, ഓത്തുപള്ളിയിൽ പോയിട്ടുണ്ട്. കുട്ടിക്കാലത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ നേരിയ ചിത്രങ്ങളുണ്ട് മനസ്സിൽ. പാടത്ത് ആടിനെ മേയ്ക്കുന്നതിനിടെ വെടിയൊച്ച കേട്ടും കുന്തവുമായി വരുന്നവരെ കണ്ടും ഓടിയൊളിച്ചിട്ടുണ്ട്. ഓർമകളെപ്പറ്റി ചോദിച്ചപ്പോൾ കുഞ്ഞീരുമ്മ നൂറ്റാണ്ട് പിന്നോട്ട് പോയി. ബ്രിട്ടീഷുകാർക്കെതിരെ ഖിലാഫത്ത് സമരകാലത്ത് ഉപ്പാപ്പയെ പിടിച്ചുകൊണ്ടുപോയതും നാലുമാസത്തിനുശേഷം വിട്ടയച്ചതും ഓർത്തെടുത്തു.
17ാം വയസ്സിലായിരുന്നു വിവാഹം. പരേതനായ കലമ്പൻ സെയ്താലിയാണ് ഭർത്താവ്. 12 പ്രസവത്തിലായി 13 മക്കൾ. അതിൽ ജീവിച്ചിരിക്കുന്നത് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും മാത്രം. ഇളയ മകൻ പ്രവാസിയായ മുഹമ്മദിന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.