വാക്കുകൾക്കതീതമാണ് ഷറീനയുടെ ആതുരസേവനം
text_fieldsകോഴിക്കോട്: ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്ന കക്കോടി സ്വദേശിനി ജമീല പെട്ടെന്നായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുപോയത്. ഏക മകൾ ഷംല (പേരുകൾ യഥാർഥമല്ല) ചികിത്സാവശ്യാർഥം ആശുപത്രിയിലും. ഉമ്മയെ എങ്ങനെ ആശുപത്രിയിൽ എത്തിക്കുമെന്ന് ആശങ്കപ്പെട്ട മകൾ മറ്റൊരാൾ വഴിയാണ് കനിവ് വളന്റിയർ ഇ. ഷറീനയെ ബന്ധപ്പെട്ടത്. കേൾക്കേണ്ട താമസം ഷറീന രാവിലെ ഏഴിന് ആംബുലൻസുമായെത്തി ജമീലയെ മെഡി. കോളജ് ആശുപത്രയിലെത്തിച്ചു. രാത്രി മകൾ എത്തുന്നതുവരെ ആശുപത്രിൽ ആരോരുമില്ലാത്ത ഉമ്മക്ക് കാവലിരുന്നു. ഇത് മാത്രമല്ല ഷറീന, മലബാറിലെ പ്രധാന ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നൂറിലധികം വരുന്ന സന്നദ്ധസേനയിലെ ഒരേയൊരു വനിത.
സ്ത്രീകൾ ഇറങ്ങിവരാൻ മടിക്കുന്ന ആതുരസേവനത്തിൽ നിസ്വാർഥമായി സമയം നീക്കിവെക്കുന്ന പുതിയങ്ങാടി സ്വദേശിനി. രാവിലെ എട്ടു മുതൽ ആശുപത്രിയിലും പരിസരത്തുമെത്തുന്ന ആലംബഹീനർക്ക് സഹായഹസ്തവുമായി കനിവിന്റെ ഈ വളന്റിയർ ഉണ്ടാകും. പരസഹായത്തിന് ആളില്ലാതെ ആശുപത്രിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൂട്ടിരിപ്പുകാരിയായും ശുശ്രൂഷിക്കാൻ ആളില്ലാതെ പ്രയാസപ്പെട്ടുന്ന സ്ത്രീകൾക്ക് പരിചാരികയായും മെഡിക്കൽ കോളജിൽ കൈയെത്തുംദൂരത്ത് ഷറീനയുണ്ട്.
മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്ന സ്ത്രീകളുടെ മയ്യിത്തുകൾ കുളിപ്പിക്കാൻ പാതിരാത്രിയിലും ഇവർ ഓടിയെത്തും. പഠിക്കുന്ന കാലം മുതലേ സന്നദ്ധപ്രവർത്തനങ്ങളിൽ തൽപരയായിരുന്ന ഷറീന, 14 വർഷത്തോളമായി പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമാണ്. രണ്ടു വർഷത്തോളമായി കനിവ് വളന്റിയറാണ്. മാത്രമല്ല ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുന്ന ഐ.ആർ.ഡബ്ല്യു സ്ക്വാഡിലും മുന്നണിപ്പോരാളിയായി ഷറീനയുണ്ട്. ഭർത്താവ് മാളിയേക്കൽ സാലിഹ് പൂർണ പിന്തുണ നൽകുന്നതാണ് ഷറീനയുടെ സന്നദ്ധസേവനത്തിന്റെ മറ്റൊരു കരുത്ത്. മൂന്നു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.