പഠനത്തിനൊപ്പം കലാ കായിക മേഖലകളിലും കഴിവ് തെളിയിച്ച ഇശൽ അജ്മലാണ് താരം
text_fieldsവിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കപ്പെടേണ്ടത് ആദ്യം വീടുകളിൽനിന്നാണ്. പ്രോത്സാഹനവും ഒപ്പം കഴിവും കൂടിയാകുമ്പോൾ പഠനത്തിലും കലാ കായിക മേഖലയിലും മിന്നുന്ന വിജയം നേടുന്നത് കാണാം. ക്വിസ്സിങ്ങ് ഇഷ്ടപ്പെടുന്ന, പഠനത്തോട് ഒരുപാട് താൽപര്യമുള്ള, എന്നാൽ പഠനത്തിനൊപ്പം കലാ കായിക മേഖലകളിൽ കൂടി കഴിവു തെളിയിച്ച ഇശൽ അജ്മലാണ് താരം. ഇന്ത്യൻ ഹൈസ്കൂൾ ദുബൈയിൽ 11ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇശൽ അജ്മൽ.
പത്താം തരം ഫുൾ എ വണ്ണോട് കൂടി വിജയിച്ച ഇശൽ സ്കൂൾ പാഠ്യേതര വിഷയങ്ങൾക്ക് പുറമെ കലാ കായിക മേഖലകളിലും മിന്നും വിജയമാണ് കരസ്ഥമാക്കിയത്. ക്വിസ്സിങ്ങ്, ഡിബേറ്റ് തുടങ്ങിയ മത്സരങ്ങൾക്ക് വിജയികളുടെ പട്ടികയിൽ ഇശലിന്റെ പേരു കാണാം. വേൾഡ് സ്കോളർസ് കപ്പിന്റെ ഗ്ലോബൽ റൗണ്ടിൽ ഡിബേറ്റർ അവാർഡുകളും നേടിയിട്ടുണ്ട്.
എക്സ്പോ ഇന്ത്യൻ പവിലിയനിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഇശൽ നേടിയിരുന്നു. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഫ്രെഞ്ച്, അറബിക് ഭാഷകൾ കൈകാര്യം ചെയ്യാനും ഇശലിന് കഴിയും. ഐ.എസ്.ആർ.ഒ നാഷനൽ ആസ്ട്രോണമി ചാലഞ്ചിൽ ഇശൽ 20ാം റാങ്കും നേടിയിരുന്നു. അക്കാദമിക്ക് അച്ചീവർ അവാർഡും നിരവധി തവണ കരസ്ഥമാക്കി. അടുത്തിടെ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച കണ്ണൂർ മഹോത്സവത്തിൽ ടാലന്റ് അവാർഡും ഇശലിന് നൽകിയിരുന്നു.
സാമൂഹിക നീതി ലക്ഷ്യമിടുന്ന നിരവധി ലേഖനങ്ങളും ഇശൽ എഴുതിയിട്ടുണ്ട്. കോവിഡ് കാലത്തെ സമ്മർദ്ദങ്ങളെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുമൊക്കെ എഴുതുന്ന ഈ എഴുത്തുകാരിയിൽ പുതിയ തലമുറയുടെ സാമൂഹിക പ്രതിബദ്ധതയാണ് തെളിയുന്നത്.
ഒരിക്കൽ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയാകണമെന്ന് ആഗ്രഹിക്കുന്ന ഇശൽ ഇതുവരെ 12ൽ അധികം മോഡൽ യുനൈറ്റഡ് നേഷൻ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത കോൺഫറൻസുകൾക്ക് നിരവധി അവാർഡുകളും കരസ്ഥമാക്കി. നിലവിൽ ഇന്ത്യൻ ഹൈസ്കൂൾ ദുബൈയിലെ മോഡൽ യുനൈറ്റഡ് നാഷൻസ് പ്രസിഡൻറ് കൂടിയാണ്.
ന്യൂയോർക്കിലെ യാലെ യൂനിവേഴ്സിറ്റിയിൽ നടക്കാനിരിക്കുന്ന ടൂർണമെൻറ് ഓഫ് ചാമ്പ്യൻസ് 2023 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കായിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇശൽ. ബാസ്കറ്റ് ബാൾ താരം കൂടിയാണ് ഈ മിടുക്കി. ഏതെങ്കിലുമൊരിടത്ത് മാത്രം ഒതുങ്ങികൂടേണ്ടവരല്ല പുതിയ തലമുറയെന്ന് തെളിയിക്കുകയാണ് ഇശൽ അജ്മൽ.
മാതാപിതാക്കളായ മുഹമ്മദ് അജ്മലിന്റെയും നതാഷയുടെയും പൂർണ്ണ പിന്തുണയാണ് ഇശലിന്റെ വിജയങ്ങൾക്ക് പിന്നിൽ. കണ്ണൂർ പയ്യാമ്പലം സ്വദേശിയായ ഇശൽ മാതാപിതാക്കൾക്കും സഹോദരങ്ങളായ ഇസ്സ അജ്മൽ, എസിറ്റ അജ്മൽ എന്നിവർക്കുമൊപ്പം ദുബൈയിലാണ് താമസം. കമ്പ്യൂട്ടറും ടെക്നോളജിയുമൊക്കെയാണ് ഇശലിന്റെ ഇഷ്ട വിഷയം. ജെ.ഇ.ഇ എൻട്രൻസ് എഴുതി ഇന്ത്യയിലെ ഐ.ഐ.ടികളിലൊന്നിൽ പ്രവേശനം നേടുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.