ഇരുളടഞ്ഞ ജീവിതത്തിലും വെളിച്ചം പകര്‍ന്ന് ജസീന
text_fieldsജനിച്ചതുമുതൽ ഇരുൾ വീഴ്ത്തിയ തന്റെ ജീവിതത്തെ ഒരു നിമിഷംപോലും ജസീന പഴിച്ചില്ല, പകരം സഹജീവികള്‍ക്ക് വെളിച്ചം പകര്‍ന്ന് നല്ലൊരു മാതൃക അധ്യാപികയാവാകുയാണ് അവർ. പാലക്കാട് ജില്ലയിലെ ആനക്കര ചേക്കോട് പരേതരായ ഹസന്-ഫാത്തിമ ദമ്പതികളുടെ ആറാമത്തെ മകളാണ് 37കാരിയായ ജസീന. ഇവരുടെ ജീവിതം ഒരു പരീക്ഷണം തന്നെയാണ്. ആറ് മക്കളില്‍ ഒന്നിടവിട്ട് പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്കും കാഴ്ചയില്ല. മൂന്ന് ആണ് സഹോദരങ്ങള്‍ക്ക് കാഴ്ചക്ക് കുഴപ്പമില്ല.
സഹോദരിമാരായ റംല, കദീജ എന്നിവരും കാഴ്ചയില്ലാത്തവരാണ്. റംല തിരുവനന്തപുരത്തും ഖദീജ വയനാടും അധ്യാപികമാരും വിവാഹിതരുമാണ്. കൊളത്തറ മോഡേണ്‍ സ്കൂളില്‍നിന്ന് ജസീന പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജില്‍ ഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജില്‍ പി.ജിയും തൃശൂരില്‍ ബി.എഎഡും സാധാരണവിഷയമായി പഠിച്ചിറങ്ങി.
സോഷ്യല്‍ സയന്‍സ് അധ്യാപികയായി ഏഴ് വര്‍ഷം പട്ടാമ്പി ഹൈസ്കൂളിലും ഒരുവര്‍ഷമായി കുമരനെല്ലൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലും പ്രവര്‍ത്തിക്കുകയാണ്. ജീവിതത്തില്‍ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ജസീന, കേട്ടുപഠിച്ചതും അകക്കണ്ണില്‍ തെളിയുന്നതുമായ അറിവിന്റെ ലോകം തന്റെ ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന്റെ ആത്മനിര്‍വൃതിയിലാണ്.
ഭക്ഷണം പാകം ചെയ്യുന്നത് അടക്കം എല്ലാകാര്യങ്ങളും ഇവർ തനിച്ചാണ് ചെയ്യുന്നത്. തന്റെ ജീവിതം അടുത്തറിഞ്ഞ് നല്ല മനസിന്റെ ഉടമകള്‍ വന്നാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് ജസീന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.