തൃശൂർ പൂരത്തിലെനിക്കൊന്ന് കൊട്ടണം കാന്താ...
text_fieldsജയശ്രീ
അന്തിക്കാട്: ഉത്സവങ്ങളിൽ പൂരപ്രേമികളെ ആവേശത്തിലാക്കി പഞ്ചാരിയിൽ പ്രവാഹം തീർക്കുകയാണ് ജയശ്രീ.
ചെണ്ടമേളം അഭ്യസിക്കുന്നതിൽനിന്ന് സ്ത്രീകൾ പൊതുവെ കുറവായിരിക്കെ അഭ്യസിച്ചശേഷം ഈ വീട്ടമ്മ ഉത്സവ പറമ്പകളിൽ മറ്റ് മേളക്കാർക്കൊപ്പം മണിക്കൂറോളം കൊട്ടി തിമർത്ത് മുന്നേറുകയാണ്.
അരിമ്പൂർ വെളുത്തൂരിൽനിന്ന് വല്ലച്ചറിയിലേക്ക് താമസം മാറ്റിയ കോടോക്കി വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയും ചേന്ദങ്ങാട്ട് വേലായുധന്റെ മകളുമാണ് ജയശ്രീ. മേളത്തോടുള്ള കമ്പംമൂലം മൂന്നുവർഷം മുമ്പാണ് പഞ്ചാരി അഭ്യസിച്ച് തുടങ്ങിയത്. ശ്രീജിത്ത് അവിട്ടത്തൂരാണ് ഗുരു. ജയശ്രീയൊടൊപ്പം വനിതകളായി വിദ്യയും ഗുരുവിന്റെ ഭാര്യ ജയലക്ഷ്മിയും അഭ്യസിച്ചു. മൂന്നുവർഷം കൊണ്ട് കൈവഴക്കം വന്നതോടെ കഴിഞ്ഞ വർഷം ആറാട്ടുപുഴ ശ്രീധർമശാസ്ത ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
സംഘത്തിൽ ജയശ്രീയടക്കം 21 പേരാണുള്ളത്. അരങ്ങേറ്റം കഴിഞ്ഞതോടെ വിവിധ തോറ്റം പരിപാടികളിൽ പങ്കെടുത്തു. ഇതിനകം നാല് ഉത്സവങ്ങളിൽ പങ്കാളിയായി. കാര്യാട്ടുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലടക്കം ഇനിയും വിവിധ ഉത്സവങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കലാമണ്ഡലം ശ്രീജയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നുണ്ട്. ശ്രീഭഗവതി തിരുവാതിരക്കളി സംഘത്തിൽ അംഗമാണ്. മക്കളായ ആദർശും ആകാശും ചെണ്ടമേളം അഭ്യസിച്ചിട്ടുണ്ട്. ഭർത്താവ് ഉണ്ണികൃഷ്ണനും മക്കളായ സ്നേഹയും ആദർശും ആകാശും ജയശ്രീക്ക് പിന്തുണയുമായി കൂടെയുണ്ട്. തൃശൂർ പൂരത്തിന്റെ മേളത്തിൽ പങ്കെടുക്കണമെന്നൊരു ആഗ്രഹമുണ്ട്, ജയശ്രീക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.