‘അത്താ’യുടെ സ്വപ്നങ്ങൾ പൂവണിയിച്ചു; എന്നും ഒന്നാം സ്ഥാനക്കാരി
text_fieldsപത്തനംതിട്ട: രാജ്യത്ത് ജുഡീഷ്യൽ ഓഫിസറാകുന്ന ആദ്യ മുസ്ലിം വനിത എന്ന ബഹുമതിക്ക് അർഹയായ ഫാത്തിമ ബീവി കർമമണ്ഡലങ്ങളിലെല്ലാം ഒന്നാം സ്ഥാനക്കാരിയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികവുതെളിയിച്ച് മുന്നേറിയപ്പോൾ പുതിയ പദവികൾ അവരെ തേടിയെത്തിക്കൊണ്ടിരുന്നു. പഠിച്ചുവളരാനും സ്ഥാനങ്ങളിൽ എത്താനുമുള്ള എല്ലാ അവസരങ്ങളും അവർ സമർഥമായി പ്രയോജനപ്പെടുത്തി.
യാഥാസ്ഥിതികരുടെ തടസ്സവാദങ്ങൾ അവഗണിച്ച്, രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന പിതാവ് അണ്ണാ വീട്ടിൽ മീരാ സാഹിബ് അറിവിന്റെ വീഥിയിലൂടെ നടക്കാൻ ആറ് പെൺകുട്ടികൾ ഉൾപ്പെടെ എട്ട് മക്കൾക്കും അവസരമൊരുക്കി. അതിൽ മൂത്തമകളായ ഫാത്തിമ മുമ്പേ നടന്ന് മാതൃക കാട്ടി.
ബന്ധുക്കളടക്കം പലരും നെറ്റിചുളിച്ചെങ്കിലും പിതാവിന്റെ മനസ്സറിഞ്ഞ് മകൾ ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയി. തമിഴ് സംസ്കാരമുള്ള തെക്കൻ മേഖലയിലെ മുസ്ലിം കുടുംബങ്ങളിൽ പിതാവിനെ അഭിസംബോധന ചെയ്തിരുന്നതുപോലെ ഫാത്തിമ ബീവിയും പിതാവിനെ വിളിച്ചിരുന്നത് ‘അത്താ’ എന്നായിരുന്നു.
മുസ്ലിംകളെ വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹിപ്പിക്കാൻ ചിത്തിരത്തിരുനാൾ രാജാവിന്റെ കാലത്ത് ദിവാനായിരുന്ന മുഹമ്മദ് ഹബീബുല്ല കൊണ്ടുവന്ന നിയമവും ഫാത്തിമ ബീവിക്ക് ഉന്നത വിദ്യാഭ്യാസത്തിന് തുണയായി. മുസ്ലിം കുട്ടികളുടെ സാമ്പത്തികാവസ്ഥ നോക്കാതെ സ്കൂൾ-കോളജ് തരത്തിൽ ഫീസിളവും പ്രതിമാസ സ്കോളർഷിപ്പും നൽകുന്ന നിയമമാണ് മുഹമ്മദ് ഹബീബുല്ല മുൻകൈയെടുത്ത് നടപ്പാക്കിയത്.
പത്തനംതിട്ട ടൗണിലെ മുസ്ലിം എൽ.പി സ്കൂളിൽനിന്നാണ് ഫാത്തിമ ബീവിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. റാങ്കോടെയാണ് നിയമബിരുദം എടുത്തത്. ബാർ കൗൺസിലിന്റെ ഒരുവർഷത്തെ കോഴ്സും ഒന്നാം റാങ്കോടെ പാസ്സായി. 1950 മുതൽ തിരുവനന്തപുരത്തും തുടർന്ന് കൊല്ലത്തും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.
1958ലാണ് മുൻസിഫായി നിയമനം ലഭിക്കുന്നത്. തൃശൂരിൽ നിയമനം ലഭിച്ച ഫാത്തിമ ബീവി ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതയായ ജുഡീഷ്യൽ ഓഫിസർ എന്ന സ്ഥാനത്തിനും അർഹയായി. 1974ൽ ജില്ല ജഡ്ജി ആയതോടെ രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു.
1980ൽ ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ മെംബറായതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി. 1983ൽ കേരള ഹൈകോടതി ജഡ്ജിയായി. ആദ്യത്തെ മുസ്ലിം ഹൈകോടതി ജഡ്ജിയെന്ന ബഹുമതിയും ലഭിച്ചു.
1989 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായതോടെ സുപ്രീംകോടതിയിലെ ആദ്യത്തെ വനിത ജസ്റ്റിസ് എന്ന ബഹുമതിയും ലഭിച്ചു. സുപ്രീംകോടതി ജഡ്ജിയാകുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയുമായിരുന്നു ഫാത്തിമ ബീവി. ഇതേസമയം ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിത സുപ്രീംകോടതി ജഡ്ജിസ്ഥാനവും ഫാത്തിമ ബീവിക്ക് സ്വന്തമായി.
പ്രവർത്തന മണ്ഡലത്തിലെ മികവിന് അംഗീകാരമായി സ്ഥാനമാനങ്ങൾ അവരെ തേടിയെത്തിയിരുന്നു. 1997ലാണ് കേന്ദ്രസർക്കാർ അവരെ തമിഴ്നാട് ഗവർണറായി നിയമിക്കുന്നത്. ഗവർണറാകുന്ന രാജ്യത്തെ ആദ്യ മുസ്ലിം വനിത എന്ന മറ്റൊരു ബഹുമതിയും ഇതോടെ സ്വന്തമാക്കി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിൽ കുടുംബജീവിതം പോലും വേണ്ടെന്നുവെച്ച ഫാത്തിമ ബീവിയുടെ ഉദാരമനസ്കതയും സേവന സന്നദ്ധതയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
പഠനം സർക്കാർ സ്കൂളിൽ, എത്തിയത് ഉന്നതങ്ങളിൽ
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ സ്കൂളിലായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പ്രാഥമിക പഠനം. പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. ഇവിടെ പഠിക്കുമ്പോൾ ഹോസ്റ്റലിൽ കെ.ആർ. ഗൗരിയമ്മയും ഉണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണ മെഡലോടെ നിയമബിരുദം നേടി. 1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ല കോടതിയിൽ പ്രാക്ടീസ് തുടങ്ങി.
എട്ടുവർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് 1958ൽ മുൻസിഫായി. 1968ൽ സബ് ജഡ്ജിയും ’72ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമായി. പാലക്കാട് സി.ജെ.എം ആയിരിക്കുമ്പോൾ 1974ൽ ജില്ല ജഡ്ജിയായി. പിന്നീടാണ് ഹൈകോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായത്. 1980ൽ ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെംബറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.